മാഡ്രിഡ്: ഫുട്ബോള്‍ മത്സരത്തിനിടെ വംശീയ അധിക്ഷേപമുണ്ടായ നിരവധി സംഭവങ്ങളുണ്ടായിട്ടുണ്ട്. പലപ്പോഴും എതിര് ടീമിലെ ആരാധകരില്‍ നിന്നാണ് കളിക്കാര്‍ വര്‍ണവെറിക്ക് ഇരയായിട്ടുള്ളത്. എന്നാല്‍, ഇവിടെ പരിധി ലംഘിച്ചുകൊണ്ട് ഒരു ടീമിലെ താരത്തിനെതിരേ മറ്റൊരു ടീമിലെ താരം തന്നെയാണ് വംശീയാധിക്ഷേപവുമായി രംഗത്തെത്തിയത്. ലാ ലിഗയില്‍ ബാഴ്സലോണയും എസ്പാനിയോളും തമ്മിലുള്ള മത്സരത്തിനിടെയായിരുന്നു സംഭവം.
എസ്പാനിയോളിന്റെ സെര്‍ജിയോ ഗാര്‍സി ബാഴ്സലോണ താരം സാമുവല്‍ ഉംറ്റിറ്റിയെയാണ് ഗ്രൗണ്ടില്‍ അപമാനിച്ചത്. ഗാര്‍സിയുടെ പരാമര്‍ശത്തില്‍ പ്രകോപിതനായ ഫ്രഞ്ച് താരം ഉംറ്റിറ്റി എസ്പാനിയോള്‍ താരവുമായി കൈയാങ്കളിയില്‍ ഏര്‍പ്പെട്ടു.
ഒടുവില്‍ ബാഴ്സയുടെ മറ്റൊരു പ്രതിരോധ താരമായ ജെറാര്‍ഡ് പിക്വെ ഇടപെട്ട് രംഗം ശാന്തമാക്കുകയായിരുന്നു. എന്നാല്‍, വിഷയത്തെ യുവേഫയും സ്പാനിഷ് ലാ ലിഗ അധികൃതരും ഗൗരവമായാണ് കാണുന്നത്. മത്സരശേഷം ഗാര്‍സി ബാഴ്സയുടെ ഡ്രെസിംഗ് റൂമിലെത്തി ഉംറ്റിറ്റിയോട് മാപ്പ് പറഞ്ഞു തത്കാലം തടിതപ്പിയതായാണ് വിവരം.