തൃശൂർ: “വീടുകൾക്കകത്തും പൊതു ഇടങ്ങളിലും സ്ത്രീകളെ തുല്യരായി കാണാൻ കഴിയുന്ന വിധത്തിൽ സമൂഹത്തിന്റെ മനഃസ്ഥിതിയിൽ മാറ്റമുണ്ടാവണം.
വിദ്യാസന്പന്നർ എന്ന് പറയുന്പോഴും തുല്യത എന്ന ആശയത്തിലേക്കു സമൂഹം ഇനിയും എത്തിയിട്ടില്ല. തന്റെ ജീവിതത്തിലെ മുൻഗണനകൾ തീരുമാനിക്കാൻ ഓരോ പെണ്‍കുട്ടിയും മുന്നോട്ടുവരേണ്ടതുണ്ട്’.-
തൃശൂർ പ്രസ് ക്ലബിന്റെ സഹകരണത്തോടെ വനിതാ ശിശുവികസന വകുപ്പ് സംഘടിപ്പിച്ച സംവാദത്തിലെ പൊതു ആശയം ഇതായിരുന്നു.
പ്രസ് ക്ലബ് എം.ആർ. നായർ സ്മാരക ഹാളിൽ “സ്ത്രീകൾക്കിടയിലെ കുറ്റകൃത്യങ്ങളുടെ വർധന- കാരണങ്ങളും പരിഹാര മാർഗങ്ങളും’ എന്ന വിഷയത്തിലാണ് സംവാദം സംഘടിപ്പിച്ചത്.
ഡെപ്യൂട്ടി കളക്ടർ ഉഷ ബിന്ദു മോൾ ഉദ്ഘാടനം ചെയ്തു. മിനി മുരിങ്ങാത്തേരി മോഡറേറ്ററായിരുന്നു.ദേശീയ ബാലികാദിനത്തിന് ആരംഭിച്ച് വനിതാദിനം വരെ നീണ്ടു നിൽക്കുന്ന ആറ് ആഴ്ചക്കാലത്തെ വാരാചരണ പരിപാടികളുടെ ഭാഗമായാണ് സംവാദം സംഘടിപ്പിച്ചത്.
സംവാദത്തിൽ തൃശൂർ സിറ്റി അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പൊലീസ് വി.കെ. രാജു, ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർപേഴ്സണ്‍ ഡോ. കെ.ജി. വിശ്വനാഥൻ, അംഹ ഡയറക്ടർ ഭാനുമതി, ജില്ലാ വനിതാ ശിശു വികസന ഓഫീസർ പി. മീര, റിട്ട. പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പയസ് മാത്യു, ജില്ലാ ഇൻഫർമേഷൻ ഓഫീസർ സി.പി. അബ്ദുൾ കരീം, വനിതാ പ്രൊട്ടക്ഷൻ ഓഫീസർ എസ്. ലേഖ, പ്രസ് ക്ലബ് സെക്രട്ടറി എം.വി. വിനീത, കോളജ് വിദ്യാർഥികൾ, ഗവേഷക വിദ്യാർഥികൾ, മാധ്യമ പ്രതിനിധികൾ, മഹിളാ ശക്തി കേന്ദ്ര വുമണ്‍ വെൽഫയർ ഓഫീസർ സൗമ്യ കാച്ചപ്പിള്ളി എന്നിവർ പങ്കെടുത്തു.