കോട്ടയം: സാമ്പത്തിക സംവരണത്തിന്റെ നിയമ സാധുത സംബന്ധിച്ച് സുപ്രീംകോടതിവിധി വരുന്നതിനു മുന്‍പ് ധൃതിപിടിച്ച് മുന്നോക്ക സംവരണം നടപ്പാക്കിയത് സംസ്ഥാന സര്‍ക്കാര്‍ പുനഃപരിശോധിക്കണമെന്ന് അഖില കേരള ചേരമര്‍ ഹിന്ദു മഹാസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി കല്ലറ പ്രശാന്ത്.
കോട്ടയത്ത് നടന്ന പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജനറല്‍ സീറ്റിലെ 10 ശതമാനം മൊത്തം സീറ്റിലെയെന്നാക്കി മാറ്റിയത് പട്ടികവിഭാഗങ്ങളുടെ പ്രാതിനിധ്യം തട്ടിത്തെറിപ്പിക്കുകയാണെന്ന് സര്‍ക്കാര്‍ ചെയ്യുന്നത്.
ആദിമനിവാസികള്‍ക്ക് പാറപ്പുറത്ത് വീടുക്കാന്‍ സ്ഥലം അനുവദിച്ച സര്‍ക്കാര്‍തന്നെയാണ് ഈ വഞ്ചന നടത്തുന്നതെന്ന് പട്ടികജാതി വിഭാഗങ്ങള്‍ മനസിലാക്കി പ്രവര്‍ത്തിക്കണമെന്നും രാഷ്ട്രീയ അധികാരത്തില്‍ കൈകടത്താന്‍ ഒറ്റക്കെട്ടായ ശ്രമം വേണമെന്നും അദ്ദേഹം പറഞ്ഞു.
സർക്കാർ സവര്‍ണ പ്രീണനമാണ് ഇപ്പോള്‍ നടപ്പാക്കിയിരിക്കുന്നത്. സംവരണ തത്വത്തിന്റെ മഹത്വം കാറ്റില്‍പ്പറത്തി ഭരണഘടനാ ഭേദഗതി വരുത്തിയ കേന്ദ്ര സര്‍ക്കാര്‍ പട്ടികജാതി വിഭാഗങ്ങളെ ചവിട്ടിയരയ്ക്കുകയാണ് ചെയ്തതെന്ന് സംസ്ഥാന പ്രസിഡന്റ് എം.കെ വിജയചന്ദ്രന്‍ അധ്യക്ഷ പ്രസംഗത്തില്‍ പ്രസ്താവിച്ചു.
വൈസ് പ്രസിഡന്റ് എം.കെ അപ്പുക്കുട്ടന്, എക്സിക്യൂട്ടീവ് അംഗങ്ങളായ ഒ.കെ സാബു, തങ്കച്ചന് മ്യാലില്‍ എന്നിവർ പ്രസംഗിച്ചു.