ഒരു ഇടവേളയ്ക്കുശേഷം നടി സംവൃത സുനിൽ മലയാളത്തിന്റെ വെള്ളിത്തിരയിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് സത്യം പറഞ്ഞാൽ വിശ്വസിക്കുവോ. ജി.പ്രജിത്ത് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സജീവ് പാഴൂർ കഥയും തിരക്കഥയും രചിച്ചിരിക്കുന്നു. സംവൃതയുടെ രണ്ടാംവരവിന് കാരണക്കാർ താനും സംയുക്ത വർമയുമാണെന്ന് ബിജു മേനോൻ പറഞ്ഞു.
സംവൃതയെത്തന്നെ ഈ ചിത്രത്തിൽ അഭിനയിപ്പിക്കണമെന്നതായിരുന്നു ആവശ്യം. ഇപ്പോൾ അമേരിക്കയിൽ സ്ഥിരതാമസമാക്കിയിരിക്കുന്ന സംവൃതയോട് ഈ സിനിമയെപ്പറ്റി സംസാരിച്ച് തീരുമാനമെടുപ്പിച്ചത് ഞാനാണ്. സംവൃതയ്ക്ക് ഒട്ടും മോശം വരാത്ത സിനിമയാണിതെന്ന് ഉറപ്പുകൊടുത്തിരുന്നു. മാത്രമല്ല സിനിമയുടെ കഥ കേട്ടിട്ട് തീരുമാനമെടുത്താൽ മതിയെന്നും പറഞ്ഞിരുന്നു- സിനിമയുടെ പ്രമോഷന്റെ ഭാഗമായുള്ള അഭിമുഖത്തിൽ ബിജു മേനോൻ പറഞ്ഞു.
സിനിമയുടെ കഥ കേട്ട ശേഷം ചിത്രത്തിൽ അഭിനയിക്കാൻ സംവൃത തീരുമാനിക്കുകയായിരുന്നു. കുഞ്ഞിനേയും കൊണ്ടാണ് സംവൃത ഷൂട്ടിംഗിനായി അമേരിക്കയിൽ നിന്നെത്തിയത്. സെറ്റിലെ പൊടിയും ചൂടും കാരണം കുഞ്ഞിന് അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു. കുഞ്ഞിന് അസുഖം പിടിപെട്ടത് സംവൃതയെ വിഷമിപ്പിച്ചപ്പോൾ ഞാൻ സംയുക്തയെ ഫോണിൽ വിളിച്ച് സംവൃതയ്ക്കു നൽകി.
സംയുക്തയാണ് ഷൂട്ടിംഗ് തീരുംവരെ സംവൃതയ്ക്ക് ആത്മവിശ്വാസം നൽകിയത്- ബിജു മേനോൻ പറഞ്ഞു. അമേരിക്കയിൽ കുടുംബമായി കഴിയുന്ന സംവൃതയ്ക്ക് ഇപ്പോൾ സിനിമയിൽ അഭിനയിക്കേണ്ട കാര്യമൊന്നും ഇല്ലാതിരുന്നിട്ടും ഈ സിനിമയ്ക്കായി സംവൃത ഒരുപാട് കഷ്ടപ്പെട്ടുവെന്നും ബിജു മേനോൻ പറഞ്ഞു.
സൈജു കുറുപ്പ് . സുധി കോപ്പ, സുധീഷ്, അലൻസിയർ, ശ്രീകാന്ത് മുരളി, വെട്ടുകിളി പ്രകാശ്, വിജയകുമാർ, ശ്രുതി ജയൻ തുടങ്ങിയവർ ചിത്രത്തിലെ മറ്റു താരങ്ങൾ.ഷെഹനാദ് ജലാൽ ഛായാഗ്രഹണവും രഞ്ജൻ എബ്രഹാം എഡിറ്റിംഗും നിർവഹിക്കുന്നു. ഷാൻ റഹ്മാനാണ് സംഗീതം. ഗ്രീൻ ടിവി എന്റർടെയിനർ, ഉര്‍വ്വശി തിയറ്റേഴ്സ് എന്നിവയുടെ ബാനറിൽ രമാദേവി, സന്ദീപ് സേനൻ, അനീഷ് എം.തോമസ് എന്നിവര്‍ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. .