വനിതാ ബൈക്ക് റൈഡര്‍ സന ഇഖ്ബാലിന്റെ മരണത്തില്‍ ദുരൂഹത, ഭര്‍ത്താവും അമ്മായിയമ്മയും കൊലപ്പെടുത്തിയെന്ന് സനയുടെ അമ്മ, മരണമടഞ്ഞത് റൈഡര്‍മാരുടെ ഇഷ്ട വ്യക്തിത്വങ്ങളിലൊരാള്‍

വനിതാ ബൈക്ക് റൈഡര്‍ സന ഇഖ്ബാലിന്റെ മരണം കൊലപാതകമാണെന്ന് അമ്മ. ഭര്‍ത്താവ് അബ്ദുല്‍ നദീം കൊലപ്പെടുത്തിയതാണെന്നാണ് സനയുടെ അമ്മ ആരോപിക്കുന്നത്. ഭര്‍ത്താവും ഭര്‍തൃമാതാവും സനയെ പീഡിപ്പിച്ചിരുന്നതായും അമ്മ പറയുന്നു. താന്‍ ഹൃദയാഘാതം മൂലമോ എന്തെങ്കിലും ഷോക്ക് മൂലമോ മറ്റോ മരിച്ചാല്‍ അതിനു കാരണക്കാര്‍ നദീമും അമ്മയുമാണെന്നു സന സുഹൃത്തുക്കള്‍ക്ക് എഴുതിയെന്നു പറയപ്പെടുന്ന സന്ദേശത്തില്‍ ആരോപിക്കുന്നു.

ആത്മഹത്യക്കും വിഷാദത്തിനുമെതിരേ ബോധവത്കരണവുമായി ഇന്ത്യ മുഴുവന്‍ ബൈക്കില്‍ ഒറ്റയ്ക്കു സഞ്ചരിച്ച സന ചൊവ്വാഴ്ച പുലര്‍ച്ചെ കാര്‍ അപകടത്തിലാണ് മരിച്ചത്. ഹൈദരാബാദ് നഗരപ്രാന്തത്തില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ ഔട്ടര്‍ റിംഗ് റോഡിലായിരുന്നു അപകടം. മുപ്പതുകാരിയായ സനയും ഭ ര്‍ത്താവ് അബ്ദുള്‍ നദീമും സഞ്ചരിച്ചിരുന്ന കാര്‍ റോഡിലെ മീഡിയനിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അബ്ദുളായിരുന്നു കാര്‍ ഓടിച്ചിരുന്നത്.

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ സനയെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകാതെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ അബ്ദുള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. 2015 നവംബറില്‍ വിഷാദത്തിനും ആത്മഹത്യയ്ക്കുമെതിരെ ബോധവല്‍ക്കരണവുമായി റോയല്‍ എന്‍ഫീല്‍ഡില്‍ തനിച്ച് സന യാത്ര തിരിച്ചത് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ഇന്ത്യയൊട്ടാകെ ഈ ദൗത്യവുമായി സന 38,000 കിലോമീറ്ററാണു സഞ്ചരിച്ചത്. രണ്ടു വയസ്സുള്ള അലി മകനാണ്.

Related posts