കാസർഗോഡ്: കൊല്ലത്ത് വീട്ടിൽ കളിച്ചുകൊണ്ടിരുന്ന ആറുവയസുകാരി ദേവനന്ദയെ കാണാതായതുമായി ബന്ധപ്പെട്ട സന്ദേശങ്ങളോരോന്നും കാണുന്പോൾ കാസർഗോഡ് ജില്ലയിൽ പലരുടേയും മനസിൽ നിറഞ്ഞുവന്നതു രണ്ടര വർഷം മുന്പ് സമാനമായ സാഹചര്യത്തിൽ കൈവിട്ടുപോയ സന ഫാത്തിമയുടെ മുഖമായിരിക്കും.
2017 ആഗസ്റ്റ് മൂന്നിനാണ് പാണത്തൂരിലെ ഇബ്രാഹിമിന്റെയും ഹസീനയുടെയും മകളായ നാലുവയസുകാരി സനയെ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കേ കാണാതായത്.
നാടോടിസംഘങ്ങളോ മറ്റാരെങ്കിലുമോ തട്ടിക്കൊണ്ടുപോയതാണെന്ന സംശയത്തിൽ ഇപ്പോൾ ദേവനന്ദയുടെ കാര്യത്തിലെന്നപോലെ നാടെങ്ങും വിശദമായ അന്വേഷണങ്ങൾ നടന്നിരുന്നു.
അതിർത്തി കടന്നു മറ്റു സംസ്ഥാനങ്ങളിലേക്കു പോലും പോലീസ് അന്വേഷണം നടത്തി. കുട്ടിയുടെ ഫോട്ടോയും വിവരങ്ങളും വച്ച സന്ദേശങ്ങൾ എല്ലാ പോലീസ് സ്റ്റേഷനുകളിലും സാമൂഹികമാധ്യമങ്ങളിലും നിറഞ്ഞു.
എല്ലാവരുടെയും പ്രാർഥനകളിൽ അവൾ നിറഞ്ഞ ദിനങ്ങളായിരുന്നു അന്ന്. ഇതിനിടയിൽ കാണാതായി മണിക്കൂറുകൾക്കകം കുട്ടിയെ കണ്ടെത്തി എന്നുള്ള വാട്സ്ആപ് സന്ദേശം ഒരു ഭാഗത്തു പ്രചരിച്ചത് വിവാദമാവുകയും ചെയ്തു.
വീടിനടുത്തുള്ള നീർച്ചാലിന്റെ അടുത്തുനിന്ന് കുട്ടിയുടെ ചെരിപ്പും കുടയും കിട്ടിയതുമാത്രമായിരുന്നു കുട്ടിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ആകെ ലഭിച്ച തെളിവ്.
ഒടുവിൽ ആറു ദിവസത്തെ അന്വേഷണങ്ങൾക്കു വിരാമമായി പാണത്തൂർ പവിത്രങ്കയം പുഴയിൽ നിന്നാണ് സനയുടെ ജീവനറ്റ ശരീരം കണ്ടെടുത്തത്.
വീടിനടുത്തു കൂടി ഒഴുകുന്ന നീർച്ചാൽ ചെന്നുചേരുന്നതും ഈ പുഴയിലാണ്. കളിക്കുന്നതിനിടെ നീർച്ചാലിനടുത്തെത്തിയ കുട്ടി കാലുതെറ്റി വീണതായിരിക്കാം എന്ന നിഗമനത്തിലാണ് അന്വേഷണസംഘം എത്തിച്ചേർന്നത്.
തികച്ചും സമാനമായ സാഹചര്യങ്ങളിൽ മറ്റൊരു കുഞ്ഞിന്റെ ജീവൻ കൂടി കൊഴിഞ്ഞുപോയപ്പോൾ കാലത്തിന്റെ മുറിവുകളിൽ നിന്ന് ആരും പാഠങ്ങളൊന്നും പഠിക്കുന്നില്ലെന്ന വേദന മാത്രം ബാക്കിയാവുന്നു.