ന്യൂഡൽഹി: ഉത്തർപ്രദേശിലെ ലക്നോയിൽ കാർ യാത്രികനായ യുവാവിനെ പോലീസ് വെടിവച്ചു കൊന്നു. ബഹുരാഷ്ട്ര കന്പ നിയായ ആപ്പിളിന്റെ ജീവനക്കാരനായ വിവേക് തിവാരിയാണു കൊല്ലപ്പെട്ടത്.
ചെക്കിംഗിനിടെ പോലീസ് കൈ കാണിച്ചപ്പോൾ കാർ നിർത്താതിരുന്നതിനെത്തുടർന്നാണു ബൈക്കിൽ പിന്തുടർന്നെത്തിയ പോലീസുകാർ കാർ തടഞ്ഞ് വെടിയുതിർത്തത്. സഹപ്രവർത്തകയായിരുന്ന യുവതിയെ കൊണ്ടു വിടാൻ പോവുകയായിരുന്നു വിവേക്. ഗോമതി നഗർ എക്സ്റ്റൻഷനിൽ ഇന്നലെ പുലർച്ചെ 1.30നാണ് സംഭവം.
സംഭവത്തിൽ പ്രശാന്ത് ചൗധരി, സന്ദീപ് എന്നീ രണ്ടു കോണ്സ്റ്റബിൾമാർക്കെതിരേ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ടെന്നു ലക്നോ എസ്എസ്പി കലാനിധി നൈത്താനി പറഞ്ഞു. സംഭവത്തിൽ ഇരുവരും കുറ്റക്കാരാണെന്നു കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കൊല്ലപ്പെട്ട വിവേകിന്റെ ബന്ധുക്കൾ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു രംഗത്തെത്തിയോടെ ഉത്തർപ്രദേശ് ഡിജിപി ഒ.പി. സിംഗ് സംഭവം അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. പോലീസ് സംഭവം ഒതുക്കിത്തീർക്കാൻ ശ്രമിക്കുന്നു എന്നാണ് വിവേകിന്റെ ബന്ധുക്കളുടെ ആരോപണം. കേസിൽ ആവശ്യമെങ്കിൽ സിബിഐ അന്വേഷണം നടത്താമെന്നാണ് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞത്.
വിവേകിനൊപ്പം കാറിൽ യാത്ര ചെയ്തിരുന്ന സന ഖാൻ എന്ന യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. തങ്ങൾ സിറ്റി മോണ്ടിസോറി സ്കൂളിനടുത്ത് വണ്ടി നിർത്തിയപ്പോൾ രണ്ടു പേർ അടുത്തേക്കു വന്നു. വെളിച്ചക്കുറവ് കാരണം പോലീസ് ആണെന്നു മനസിലായില്ല. അവരെ അവഗണിച്ചു കാർ മുന്നോട്ടെടുത്തപ്പോൾ പെട്ടെന്നു വെടിയൊച്ച കേട്ടു.
അധികം മുന്നോട്ടു നീങ്ങുന്നതിന് മുൻപേ കാർ നിയന്ത്രണം വിട്ടു മതിലിൽ ഇടിച്ചു. വിവേകിന്റെ തലയിൽനിന്നു ചോരയൊഴുകുന്നതാണ് കണ്ടതെന്നും യുവതി മൊഴി നൽകി. ഉടൻ തന്നെ വിവേകിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അസമയത്ത് ഒറ്റപ്പെട്ട സ്ഥലത്ത് കാർ നിർത്തുന്നതു ശരിയല്ല എന്നു കരുതിയാണ് വിവേക് കാർ മുന്നോട്ടെടുത്തതെന്നും യുവതി പറഞ്ഞു.
എന്നാൽ, പോലീസ് സംഭവത്തെ അട്ടിമറിക്കുന്ന തരത്തിലുള്ള വിശദീകരണമാണ് നൽകുന്നത്: സംശയാസ്പദമായി തങ്ങൾ ഒരു കാർ കണ്ടു. അതിന്റെ ലൈറ്റുകൾ അണച്ചിരുന്നു. കാറിന്റെ അടുത്തേക്ക് എത്തിയപ്പോഴേക്കും, പെട്ടെന്ന് അത് സ്റ്റാർട്ട് ചെയ്തു. കാറിന്റെ മുൻവശത്തായി തങ്ങളുടെ ബൈക്ക് പാർക്ക് ചെയ്തിരുന്നു. കാർ ബൈക്ക് ഇടിച്ചു തെറിപ്പിച്ചു. കൈകൊണ്ട് കാർ നിർത്താൻ ആവശ്യപ്പെട്ടെങ്കിലും അത് പിന്നോട്ട് എടുത്ത് വീണ്ടും ഞങ്ങളുടെ അടുത്തേക്ക് വരികയായിരുന്നു.
കാറിൽനിന്ന് ഇറങ്ങാൻ ആവശ്യപ്പെട്ടു. അപ്പോഴും കാർ പിന്നോട്ടെടുത്ത് ബൈക്ക് മുഴുവനായും തകർത്തു. ഞാൻ വീഴുകയും ചെയ്തു. അയാളെ പേടിപ്പിക്കാനായാണ് തോക്ക് എടുത്തത്. വീണ്ടും കാർ അടുത്തേക്ക് ഓടി അടുത്തപ്പോൾ സ്വയംരക്ഷയ്ക്കായി വെടിവയ്ക്കുകയായിരുന്നു -ഇതാണ് സംഭവത്തിൽ പ്രതിയായ പോലീസുകാരന്റെ വിശദീ കരണം.
വിവേകിന്റെ ഭാര്യ കല്പന ഉൾപ്പടെയുള്ളവരാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടു രംഗത്തെത്തിയത്. സംഭവത്തിൽ പോലീസിന്റെ ഇടപെടൽ സംശയാസ്പദമാണ്. വിവേകിനെ തൊട്ടു മുന്നിൽ നിന്നാണ് പോലീസ് വെടിവച്ചത്. വിവേക് കൊച്ചുകുട്ടികളുടെ പിതാവാണ്. എന്തിനാണ് പോലീസ് ഒരു നിരപരാധിയെ കൊലപ്പെടുത്തിയതെന്നും കൽപന ചോദിക്കുന്നു.
സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അവർ യുപി മുഖ്യമന്ത്രി യോഗി ആദിത്യ നാഥിനു കത്തെഴുതിയിട്ടുണ്ട്. സംഭവത്തിൽ കുറ്റക്കാരായവരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ആവശ്യമെന്നു കണ്ടെത്തിയാൽ സിബിഐ അന്വേഷണം നടത്തുമെന്നാണ് യോഗി ആദിത്യനാഥ് പറഞ്ഞത്.