കാഞ്ഞങ്ങാട്: പാണത്തൂർ ബാപ്പുങ്കയത്തെ ഓട്ടോഡ്രൈവർ ഇബ്രാഹിമിന്റെ മകൾ സന(നാല്)യെ കാണാതായിട്ട് ആറുദിവസം പിന്നിട്ടതോടെ കൂടുതൽ തെരച്ചിലിനായി ദുരന്ത നിവാരണ സേനാംഗങ്ങൾ ഇന്നു പാണത്തൂരിലെത്തും. സംഭവത്തിൽ ദുരൂഹത ഇനിയും അകലുന്നില്ല.
കുട്ടിയെ കാണാതായ ദിവസം പാണത്തൂർ ബാപ്പുങ്കയത്തും പരിസരങ്ങളിലും അടുത്തിടെ തന്പടിച്ചിരുന്നതും പിന്നീട് കാണാതായവരുമായ മൂന്നു നാടോടികളെ നീലേശ്വരത്തു വച്ച് ഹൊസ്ദുർഗ് സിഐ സി.കെ.സുനിൽ കുമാറിന്റെ നേത്യത്വത്തിൽ ചോദ്യം ചെയ്തു.
ഇവരുടെ മൊഴിയിൽ കുട്ടിയെക്കുറിച്ചുള്ള തെളിവുകൾ ഒന്നും കിട്ടാത്തതിനാൽ വിട്ടയക്കുകയായിരുന്നു. ആദ്യഘട്ടം തിരച്ചിൽ അവസാനിപ്പിച്ച ബളാംതോട് പാലം മുതൽ പുലിക്കടവ് ഡാം വരെയുളള ഭാഗങ്ങളിൽ ഇന്നലെയും തിരച്ചിൽ നടന്നു. എന്നിട്ടും കുട്ടിയെക്കുറിച്ചൊരു സൂചനകളുമില്ലാത്തതിനെതുടർന്നു തിരച്ചിൽ അവസാനിപ്പിക്കുകയായിരുന്നു.
അതേസമയം സന ഫാത്തിമയുടെ തിരോധാനവുമായി ബന്ധപ്പെട്ടു സംസ്ഥാന സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ സ്വമേധയാ കേസെടുത്തു. 15 ദിവസത്തിനകം റിപ്പോർട്ടു സമർപ്പിക്കാൻ നിർദേശം നൽകി. കാസർഗോഡ് ജില്ലാ പോലീസ് ചീഫ്, ജില്ലാ ശിശുസംരക്ഷണ ഓഫീസർ എന്നിവർക്കാണു നിർദേശം നൽകിയിരിക്കുന്നത്.
അന്വേഷണത്തിനു പ്രത്യേക സംഘം
കാഞ്ഞങ്ങാട്: കാണാതായ നാലു വയസുകാരി സനയെ കണ്ടെത്തുന്നതിന്റെ അന്വേഷണം ഉൗർജിതമാക്കുന്നതിനു കാസർഗോഡ് ജില്ലാ പോലീസ് ചീഫ് കെ.ജി.സൈമണ്‍ പ്രത്യേക അന്വേഷണ സംഘത്തിനു രൂപം നൽകി. വെള്ളരിക്കുണ്ട് സിഐ എം.സുനിൽകുമാറിന്റെ നേതൃത്വത്തിൽ രാജപുരം എസ്ഐ ടി.വി.പ്രേമൻ, പ്രേമരാജൻ, രാജപുരം സ്റ്റേഷനിലെ കോണ്‍സ്റ്റബിൾമാരായ റിജേഷ്, ഗോപകുമാർ, ബിജു പെർള എന്നിവരടങ്ങുന്ന എട്ടംഗ സംഘത്തിനാണ് അന്വേഷണ ചുമതല. പുഴയിലെ താത്ക്കാലികമായി നിർത്തിയ പശ്ചാത്തലത്തിൽ കുട്ടിയുടെ വീടിനു സമീപത്തു താമസിക്കുന്നവരെയും ബന്ധുക്കളെയും സംഘം വീണ്ടും ചോദ്യം ചെയ്യും. നാട്ടുകാർ സംശയമുണർത്തിയ നാടോടികളെ ചുറ്റിപ്പറ്റിയും തുടരന്വേഷണമുണ്ടാകുമെന്നു ജില്ലാ പോലീസ് ചീഫ് അറിയിച്ചു.