ചെന്നൈ: ഉദയനിധി സ്റ്റാലിന്റെ സനാതനധർമവുമായി ബന്ധപ്പെട്ട പരാമർശം വിവാദമായ സാഹചര്യത്തിൽ ബിജെപിയെ പരസ്യസംവാദത്തിന് ഡിഎംകെ വെല്ലുവിളിച്ചു.
ഡൽഹിയിൽ വേണമെങ്കിലും ചർച്ചയ്ക്കു തയാറെന്നും അമിത് ഷാ സംവാദത്തിന് തയാറുണ്ടോയെന്നും ഡിഎംകെ നേതാവ് എ. രാജ ചോദിച്ചു.
അതേസമയം, ഉദയനിധി സ്റ്റാലിന്റെ തലവെട്ടുന്നവര്‍ക്ക് 10 കോടി രൂപ പാരിതോഷികം നല്കുമെന്നു പ്രഖ്യാപിച്ച അയോധ്യയിലെ സന്യാസി ജഗദ്ഗുരു പരമഹംസ ആചാര്യക്കെതിരേ മധുര പോലീസ് കേസെടുത്തു.
ഡിഎംകെ നിയമവിഭാഗത്തിന്റെ പരാതിയിലാണ് നടപടി. കലാപാഹ്വാനം അടക്കം കുറ്റങ്ങൾ ചുമത്തിയാണ് എഫ്ഐആര്‍ എടുത്തിരിക്കുന്നത്. പ്രതീകാത്മകമായി മന്ത്രിയുടെ ചിത്രം വെട്ടുന്ന വീഡിയോ സന്യാസി പങ്കുവച്ചിരുന്നു.
ഉദയനിധി സ്റ്റാലിന് സനാതന ധർമത്തെപ്പറ്റി നടത്തിയ പരാമർശം വളച്ചൊടിച്ചെന്ന പരാതിയിൽ ബിജെപി ഐടി സെൽ തലവൻ അമിത് മാളവ്യയ്ക്കെതിരേയും പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
ഉദയനിധി വംശഹത്യയ്ക്ക് ആഹ്വാനം നൽകിയെന്നതടക്കമുള്ള മാളവ്യയുടെ ആരോപണങ്ങൾക്കെതിരേ ഡിഎംകെ നൽകിയ പരാതിയിന്മേൽ തിരുച്ചിറപ്പള്ളി പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.