തലയോലപറന്പ്: ആംബുലൻസ് നിയന്ത്രണംവിട്ട് വൈദ്യുതി പോസ്റ്റിലിടിച്ചുണ്ടായ അപകടത്തിൽ മരണപ്പെട്ട സനജയുടെ വിയോഗം ഉൾക്കൊള്ളാനാവാതെ കുടുംബം.
ഇന്നലെ രാവിലെ ഒന്പതോടെ വൈക്കം വലിയകവലയ്ക്കു സമീപം വൈപ്പിൻ പടിയിലുണ്ടായ അപകടത്തിലാണ് തലയോലപറന്പ് പൊതി മേഴ്സി ഹോസ്പിറ്റലിലെ ശുചീകരണ തൊഴിലാളിയും വടയാർ കോരിക്കൽ തണ്ണിക്കുഴി നികർത്തിൽ സനീഷിന്റെ ഭാര്യയുമായ സനജ(35) മരിച്ചത്.
ആശുപത്രി ജീവനക്കാരായ വൈക്കം കണിയാംതോട് മുത്തലത്തുചിറ ജെസി (50), വൈക്കം ടിവി പുരം ചെമ്മനത്തുകര സ്വദേശിനി മേരി, ആംബുലൻസ് ഡ്രൈവർ രഞ്ജിത്ത് എന്നിവർക്കും പരിക്കേറ്റിരുന്നു.
ഇന്നലെ രാവിലെ മക്കൾക്കു ഭക്ഷണം നൽകി ധൃതി പിടിച്ചു ഒരുങ്ങി ആശുപത്രിയിലേക്കു പോയ സനജ ഒരു മണിക്കൂറിനകം മരണപ്പെട്ടത് ഉൾക്കൊള്ളാനാവാതെ അലമുറയിട്ട ഭർത്താവ് സനീഷിനെയും മക്കളെയും ആശ്വസിപ്പിക്കാനാവാതെ വടയാർ ഗ്രാമം തേങ്ങി.
കെട്ടിട നിർമാണ തൊഴിലാളിയായ സനീഷിനു കോവിഡ് വ്യാപനത്തെ തുടർന്നു ജോലി കുറവായിരുന്നു. തലയോലപറന്പ് പൊതി മേഴ്സി ആശുപത്രിയിലെ ശുചീകരണ തൊഴിലാളിയായിരുന്ന സനജയ്ക്കു ജോലിയിൽനിന്നു ലഭിച്ചിരുന്ന ചെറിയ വരുമാനം കൊണ്ടാണ് നിർധന കുടുംബം അല്ലലില്ലാതെ കഴിഞ്ഞു പോന്നത്. ഭർത്താവ് സനീഷിന്റെ വീട്ടിൽനിന്ന് ഒന്നര കിലോമീറ്റർ അകലെയായിരുന്നു സനജയുടെ വീട്.
19-ാം വയസിൽ സനീഷിന്റെ ജീവിതത്തിന്റെ ഭാഗമായതു മുതൽ സനജയുടെ കഠിനാധ്വാനവും കുടുംബത്തിനു മുതൽക്കൂട്ടാകുകയായിരുന്നു. 10ൽ പഠിക്കുന്ന ആദിത്യനും ആറിൽ പഠിക്കുന്ന അയനയ്ക്കും എല്ലാറ്റിനും അമ്മയെ വേണം. മക്കളുടെ മോഹങ്ങൾ വൈകിയാണെങ്കിലും പൂർത്തീകരിക്കാൻ സനജ ശ്രദ്ധിക്കുമായിരുന്നു.
കാര്യമായ അടച്ചുറപ്പില്ലാത്ത പണി തീരാത്ത വീടിനു പകരം കുറ്റമറ്റ ഭംഗിയുള്ള ഒരു ചെറിയ വീടു മക്കൾക്കായി നിർമ്മിക്കണമെന്ന മോഹം ബാക്കിയാക്കിയാണ് സനജ ഇന്നലെ മരണത്തിനു കീഴടങ്ങിയത്.
അപകട വിവരമറിഞ്ഞ് ഇന്നലെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും വടയാർ കോരിക്കലിലെ വീട്ടിലും സനജയെ അവസാനമായി ഒരു നോക്ക് കാണാനായി നാടിന്റെ നാനാ ഭാഗത്തുനിന്നും നുറുകണക്കിനാളുകളാണ് എത്തിയത്. സനജയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു.