നെയ്യാറ്റിന്‍കര: കണ്മുന്നില് കണ്ട അനിഷ്ടസംഭവങ്ങള്‍ വെളിപ്പെടുത്തിയതിന്റെ പേരില്‍ ഉപജീവനമാര്‍ഗം അവസാനിപ്പിക്കേണ്ടി വരുമോ എന്ന ആശങ്കയിലാണ് മാഹീന്. കൊടങ്ങാവിളയില്‍ വര്‍ഷങ്ങളായി ഹോട്ടല്‍ നടത്തുന്ന മാഹീനാണ് കൊടങ്ങാവിള സനല്‍ വധക്കേസിലെ ഒരു ദൃക്സാക്ഷി.
മാഹീന്റെ കടയിലിരുന്ന് ആഹാരം കഴിക്കുന്നതിനിടയിലാണ് സനലും ഡിവൈഎസ്പി ഹരികുമാറുമായി വാക്കുതര്‍ക്കം ഉണ്ടാകുന്നതും കാറിടിച്ച് സനൽ മരിക്കാനിടയാകുന്നതും. മാഹീനും ഭാര്യയും മക്കളുമൊക്കെ ചേര്‍ന്ന് നടത്തുന്ന കൊടങ്ങാവിളയിലെ ഭക്ഷണശാല ഒരു കുടുംബത്തിന്റെ മൊത്തം ആശ്രയമാണ്.
കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് സംഘം മൊഴി രേഖപ്പെടുത്തിയതിനു ശേഷമാണ് ആദ്യ ഭീഷണി മാഹീനു നേരെയുണ്ടായത്. സംഭവങ്ങളെല്ലാം വീക്ഷിച്ചു കൊണ്ടുനിന്ന ആളുകളില്‍ ചിലര്‍ തന്നോട് ഇതൊക്കെ വേണമായിരുന്നോ എന്ന് ചോദിച്ചു. ഇന്നലെ രാവിലെ ഒരാള്‍ ഹോട്ടലിലെത്തി ഭീഷണിയുടെ സ്വരത്തിൽ സംസാരിച്ചു. ഇതേത്തുടർന്ന് ഉച്ചയോടെ ഹോട്ടല്‍ അടച്ച് വീട്ടിലെത്തി.
വല്ലാത്ത പേടിയുണ്ടെന്നും ഭാര്യയും മക്കളും അടങ്ങുന്ന തന്റെ കുടുംബത്തിന് വേറെ ഉപജീവനമാര്‍ഗ്ഗമില്ലെന്നും മാഹീന് പറയുന്നു. ഹോട്ടല്‍ പൂട്ടി സ്വദേശമായ പൂവാറിലേയ്ക്ക് തന്നെ പോകേണ്ടിവരുമോ എന്നതും മാഹീന്റെ ചിന്തയിലുണ്ട്. വിവരങ്ങളെല്ലാം ഉള്‍പ്പെടുത്തി മാഹീന് നെയ്യാറ്റിന്‍കര പോലീസില്‍ പരാതി നല്കി. പരാതി കിട്ടിയെന്നും അവിടെ പട്രോളിംഗ് ഉണ്ടെന്നും നെയ്യാറ്റിന്‍കര പോലീസ് അറിയിച്ചു.