തിരുവനന്തപുരം: കൊലക്കേസിൽ പ്രതിയായ മുൻ ഡിവൈഎസ്പി ഹരികുമാർ ഒളിവിൽ പോയത് സർവീസ് റിവോൾവറുമായാണെന്നും ഇത് അപകടകരമായ സാഹചര്യമാണെന്നും ഇന്റലിജൻസ് വിഭാഗം സംസ്ഥാന പോലീസ് മേധാവിക്കു നൽകിയ റിപ്പോർട്ടിൽ പറയുന്നു.
അന്വേഷിച്ചെത്തുന്ന പോലീസ് സംഘത്തിനു നേരേ വെടിയുതിർക്കാനോ സ്വയം വെടിവയ്ക്കാനോ സാധ്യതയുണ്ടെന്നും അതീവശ്രദ്ധ പുലർത്തണമെന്നും റിപ്പോർട്ടിൽ പറയുന്നു.അധികാര പരിധി വിട്ടാൽ റിവോൾവർ ഉന്നത ഉദ്യോഗസ്ഥനെ ഏൽപ്പിക്കണമെന്നാണ് ചട്ടം. സ്വിച്ച് ഓഫ് ചെയ്യാൻ പാടില്ലാത്ത ഔദ്യോഗിക ഫോണ് ഓഫാക്കി ഹരികുമാർ കൈയിൽ സൂക്ഷിച്ചിരിക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
ആറ് സിം കാർഡുകൾ ഉപയോഗിക്കാവുന്ന മൂന്നു മൊബൈൽ ഫോണുകൾ ഹരികുമാറിനുണ്ട്. ഇതിൽ ഔദ്യോഗിക സിം കാർഡുള്ള ഫോണ് ഓഫാക്കി മറ്റുള്ളവയിൽ നിന്നാണ് പോലീസ് ഉന്നതരെ വിളിച്ചത്. പോലീസ് സംഘടനാ ഭാരവാഹിയെയും ഭരണകക്ഷിയിലെ ചില രാഷ്ട്രീയ നേതാക്കളെയും വിളിച്ച ശേഷമാണു തമിഴ്നാട്ടിലേക്കു കടന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
കൂടാതെ തിരുവനന്തപുരം മെഡിക്കൽ കോളജ് പോലീസിനെയും ഡിവൈഎസ്പി വിളിച്ചിരുന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് എസ്ഐമാരോട് നെയ്യാറ്റിൻകരയിൽ അപകടം നടന്നയാളെയും കൊണ്ട് പോലീസ് അങ്ങോട്ട് വരുന്നുണ്ടെന്നും ഇക്കാര്യം മാധ്യമങ്ങളിൽ നിന്നു മറച്ചുവയ്ക്കണമെന്നുമായിരുന്നു നിർദേശം.
ഡിവൈഎസ്പിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ മെഡിക്കൽ കോളജ് എസ്ഐ മാധ്യമങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചതായും ഇന്റലിജൻസ് റിപ്പോർട്ടിൽ പറയുന്നു. പോലീസ് അസോസിയേഷൻ ഭാരവാഹികൾക്കു പൂവാറിലെ റിസോർട്ടിലടക്കം ഡിവൈഎസ്പി സത്കാരം നടത്താറുണ്ടെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.