തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ യുവാവിനെ വാഹനത്തിനു മുന്നിലേക്ക് തള്ളിയിട്ടു കൊലപ്പെടുത്തിയ കേസിൽ ഒളിവിൽ കഴിയുന്ന ഡിവൈഎസ്പി ബി. ഹരികുമാറിനെ പിടികൂടാൻ കഴിയാതെ ക്രൈംബ്രാഞ്ച് സംഘം.
തമിഴ്നാട്ടിൽ ഒളിവിൽ കഴിയുന്ന ഹരികുമാർ അടിക്കടി ഒളിസങ്കേതം മാറിക്കൊണ്ടിരിക്കുന്നതിനാലാണ് ഇയാളെ പിടികൂടാൻ കഴിയാത്തതെന്നാണ് ക്രൈംബ്രാഞ്ച് വൃത്തങ്ങൾ പറയുന്നത്. ഒരിടത്തും സ്ഥിരമായി തങ്ങാതെ വാഹനത്തിൽ സഞ്ചരിക്കുന്ന ഇയാൾക്ക് ആവശ്യമായ സഹായങ്ങൾ ചെയ്തു നൽകാൻ ഇപ്പോഴും ആളുകളുണ്ടെന്നാണു ക്രൈംബ്രാഞ്ചിനു ലഭിക്കുന്ന വിവരം. മൊബൈൽ ഫോണും സിം കാർഡുകളും മാറ്റിയാണ് ഇയാൾ സഹായികളുമായി ആശയവിനിമയം നടത്തുന്നത്. എന്നാൽ, വൈകാതെ തന്നെ തങ്ങളൊരുക്കുന്ന കെണിയിൽ ഡിവൈഎസ്പി വീഴുമെന്നാണ് അന്വേഷണസംഘം കരുതുന്നത്.
ഹരികുമാറിന്റെ ബന്ധുക്കളെ ഇന്നലെ ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്തിരുന്നു. ഹരികുമാർ തങ്ങളെയാരെയും ഫോണിലോ അല്ലാതെയോ ബന്ധപ്പെട്ടിട്ടില്ലെന്നാണ് ഇവർ അന്വേഷണ സംഘത്തോടു പറഞ്ഞത്. ഹരികുമാറിന്റെ ജാമ്യാപേക്ഷ നാളെ സെഷൻസ് കോടതി പരിഗണിക്കും. ഹരികുമാറിന് ജാമ്യം നൽകരുതെന്ന് അന്വേഷണസംഘം ഇന്ന് റിപ്പോർട്ട് നൽകും.
പോലീസും രാഷ്ട്രീയ നേതൃത്വവുമാണ് ഹരികുമാറിന് ഒളിവിൽ കഴിയാൻ അവസരമൊരുക്കുന്നതാണെന്നാണ് കൊല്ലപ്പെട്ട സനൽകുമാറിന്റെ ബന്ധുക്കളുടെയും നാട്ടുകാരുടെയും ആരോപണം. പ്രതിയായ ഡിവൈഎസ്പി ബി.ഹരികുമാറിന്റെ അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധിച്ച് സനൽകുമാറിന്റെ ഭാര്യ വിജിയും അമ്മ രമണിയും ഉപവസിക്കും. കൊടുങ്ങാവിളയിൽ സനൽകുമാർ കാറിടിച്ചു വീണ അതേ സ്ഥലത്താണ് രാവിലെ എട്ടു മുതല്‍ വൈകുന്നേരം നാലു വരെ ഉപവാസ പ്രാര്‍ഥന നിശ്ചയിച്ചിരിക്കുന്നത്.
സനൽ കുമാറിനെ ഡിവൈഎസ്പി കൊലപ്പെടുത്തിയത് തന്നെയെന്ന് ക്രൈംബ്രാഞ്ച്
തിരുവനന്തപുരം: നെയ്യാറ്റിൻകര സനൽകുമാർ വധത്തിൽ ഡിവൈഎസ്പി ഹരികുമാറിനെതിരെ കുരുക്ക് മുറുക്കി ക്രൈംബ്രാഞ്ച്. സനലിനെ ഹരികുമാർ മനപ്പൂർവം കൊലപ്പെടുത്തിയതാണെന്ന് ക്രൈംബ്രാഞ്ച് സ്ഥിരീകരിച്ചു. വാഹനം വരുന്നത് കണ്ട് മുന്നിലേക്ക് തള്ളിയിടുകയായിരുന്നുവെന്നും ഇത് സാധൂകരിക്കുന്ന സാക്ഷിമൊഴികളുണ്ടെന്നും ക്രൈംബ്രാഞ്ച് അന്വേഷണ സംഘം വ്യക്തമാക്കി.
കൊലക്കുറ്റം ചെയ്ത ഡിവൈഎസ്പിക്ക് ജാമ്യം നൽകരുതെന്ന് ആവശ്യപ്പെട്ട ക്രൈംബ്രാഞ്ച് ഹരികുമാറിനെതിരെ കൊലക്കുറ്റത്തിന് പുറമേ മൂന്ന് വകുപ്പുകൾ കൂടി ചുമത്തി. അന്വേഷണത്തിന്റെ റിപ്പോർട്ട് ക്രൈംബ്രാഞ്ച് ഇന്ന് തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയിൽ സമർപ്പിക്കുമെന്നാണ് വിവരം.