തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വാക്കുതർക്കത്തിനിടയിൽ ഡിവൈഎസ്പി പിടിച്ചുതള്ളിയതിനെ തുടർന്ന് സനൽകുമാർ എന്ന യുവാവ് മരിച്ച സംഭവത്തിൽ പ്രതിയായ ഡിവൈഎസ്പി ഹരികുമാർ കോടതിയിൽ കീഴടങ്ങിയേക്കും. തിരുവനന്തപുരം സെഷൻസ് കോടതിയിൽ സമർപ്പിച്ചിരിക്കുന്ന മുൻകൂർ ജാമ്യാപേക്ഷ പതിനാലിന് പരിഗണിക്കുന്നുണ്ട്.
ജാമ്യാപേക്ഷ കോടതി തള്ളിയാൽ ഹരികുമാർ കീഴടങ്ങാനാണ് സാധ്യത. കൊല്ലത്തെ ഏതെങ്കിലും കോടതിയിൽ കീഴടങ്ങാൻ ശ്രമിച്ചേക്കുമെന്നാണ് ക്രൈംബ്രാഞ്ച് കരുതുന്നത്. ഇതിനായി ഇടനിലക്കാർ ചില ഭരണകക്ഷി നേതാക്കളുമായും പൊലീസ് ഓഫിസേഴ്സ് അസോസിയേഷന്റെ ഒരു നേതാവുമായും ബന്ധപ്പെട്ടതായി സ്പെഷൽ ബ്രാഞ്ചിനു സൂചന ലഭിച്ചിട്ടുണ്ട്.
അതേ സമയം ഹരികുമാറിന് വേണ്ടി ക്രൈംബ്രാഞ്ചിന്റെ അന്വേഷണം ഉൗർജിതമാക്കിയെങ്കിലും അദ്ദേഹത്തെ അറസ്റ്റ് ചെയ്യാൻ ഇനിയും സാധിച്ചിട്ടില്ല. തമിഴ്നാട്, കർണാടക എന്നീ സംസ്ഥാനങ്ങളിലേക്ക് ഒളിവിൽ പോകാൻ സാധ്യതയുള്ളതിനാൽ ഈ സംസ്ഥാനങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണെന്നാണ് പോലീസ് പറയുന്നത്. എന്നാൽ ഡിവൈഎസ്പി ഹരികുമാർ തിരുവനന്തപുരം ജില്ല വിട്ടിട്ടില്ലെന്നും തീരപ്രദേശ മേഖലയിലെ ഒളിസങ്കേതത്തിലുണ്ടെന്നും അഭ്യൂഹങ്ങൾ പരക്കുന്നുണ്ട്.
ക്രൈംബ്രാഞ്ച് എസ്പി. ആന്റണിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. ഹരികുമാറിനെ രക്ഷപ്പെടുത്താൻ ഉന്നത പോലീസ് ഉദ്യോഗസ്ഥരും ഭരണകക്ഷിയിലെ ഉന്നതരും സഹായം നൽകുന്നുണ്ടെന്നാണ് ജനങ്ങൾ വ്യക്തമാക്കുന്നത്. ജില്ലയിലെ ഉന്നതനായ ഒരു പോലീസ് ഓഫീസറും സിപിഎമ്മിലെ ഉന്നതനായ ജില്ലാ നേതാവും ഹരികുമാറിന് വേണ്ട സംരക്ഷണ കവചം ഒരുക്കിയതാണ് ഹരികുമാറിനെ അറസ്റ്റ് ചെയ്യാൻ സാധിക്കാത്തതിന് കാരണമെന്നാണ് നാട്ടുകാർ ആരോപിയ്ക്കുന്നത്.
സാന്പത്തിക ഇടപാടുകൾ ഉൾപ്പെടെ പല കാര്യങ്ങൾക്കും ഉന്നത പോലീസ് ഉദ്യോഗസ്ഥനും നേതാവും കൂടി നടത്തിയിട്ടുണ്ടെന്നും നാട്ടുകാർ ആരോപിയ്ക്കുന്നു. അതേ സമയം ഹരികുമാറിനെ അറസ്റ്റ് ചെയ്യുന്നത് വൈകിയാൽ സനൽകുമാറിന്റെ കുടുംബത്തോടൊപ്പം ജനങ്ങൾ നെയ്യാറ്റിൻകര പോലീസ് സ്റ്റേഷനിലും സെക്രട്ടറിയേറ്റിന് മുന്നിലും സത്യാഗ്രഹം നടത്തുന്നതിന് ആലോചന ആരംഭിച്ചിട്ടുണ്ട്.
സനൽകുമാറിന്റെ മരണം നടന്ന് ആറ് ദിവസം പിന്നിട്ടിട്ടും കേസിലെ പ്രതിയായ ഡിവൈഎസ്പി ഹരികുമാറിനെ അറസ്റ്റ് ചെയ്യാൻ സാധിക്കാത്തത് പോലീസിന് സമൂഹ മധ്യത്തിൽ ഏറെ അവമതിപ്പ് ഉണ്ടാക്കിയിട്ടുണ്ട്. ഈ വിഷയത്തിൽ പോലീസ് സേനയിൽ തന്നെ ഭിന്ന അഭിപ്രായങ്ങൾ ഉയർന്നിരിക്കുകയാണ്. പോലീസ് സംഘടന നേതാക്കളും ഹരികുമാറിന് വേണ്ടി രഹസ്യ സഹായം ചെയ്യുന്നുവെന്ന വിവരങ്ങൾ പുറത്ത് വരുന്ന പശ്ചാത്തലത്തിൽ പല പോലീസ് ഉദ്യോഗസ്ഥർക്കും സംഘടനാ നേതാക്കളോട് അമർഷം ഉണ്ട്.