നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര ഡിവൈഎസ്പിയുമായി വാക്കുതര്‍ക്കത്തിനിടയില്‍ വാഹനമിടിച്ച് യുവാവ് മരിച്ചു. സംഭവത്തെത്തുടര്‍ന്ന് നെയ്യാറ്റിന്‍കരയില്‍ ജനകീയ സമിതി ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. ഡിവൈഎസ്പി ക്കെതിരെ കൊലപാതകക്കുറ്റത്തിന് കേസെടുത്തതായി പോലീസ് അറിയിച്ചു.
മണലൂര്‍ ചിത്തിരവിളാകം വീട്ടില്‍ സനല്‍ (32) ആണ് മരിച്ചത്. ഇന്നലെ രാത്രി പതിനൊന്നോടെയായിരുന്നു സംഭവം. കൊടങ്ങാവിള ജംഗ്ഷനില്‍ വാഹനം പാര്‍ക്ക് ചെയ്തതിനെച്ചൊല്ലി നെയ്യാറ്റിന്‍കര ഡിവൈഎസ്പി ഹരികുമാറും സനലും തമ്മില്‍ വാക്കുതര്‍ക്കുമുണ്ടായി. ഇതിനിടയില്‍ ഹരികുമാര്‍ സനലിനെ പിടിച്ചുതള്ളിയതായി ദൃക്സാക്ഷികൾ പറയുന്നു.
പിറകിലേയ്ക്ക് ആഞ്ഞ സനലിനെ അതുവഴിയെത്തിയ കാര്‍ ഇടിച്ചുവീഴ്ത്തി. സനലിനെ ആദ്യം നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല.
അതേ സമയം വാഹനമിടിച്ച് നിലത്തുവീണ സനലിനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ പോലും ഡിവൈഎസ്പി തയാറായില്ലെന്ന് ആക്ഷേപമുണ്ട്. അദ്ദേഹം മറ്റൊരു വാഹനത്തില്‍ കയറി പോവുകയാണ് ചെയ്തതെന്നും പറയപ്പെടുന്നു. സംഭവത്തെക്കുറിച്ച് നാട്ടുകാര്‍ നെയ്യാറ്റിന്‍കര പോലീസില്‍ അറിയിച്ചതിനുശേഷം നെയ്യാറ്റിന്‍കര എസ്ഐ എത്തിയാണ് പരിക്കേറ്റ സനലിനെ ആശുപത്രിയിലെത്തിച്ചത്.
സനലിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുമെന്ന് പോലീസ് അറിയിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് ജനകീയസമിതി നെയ്യാറ്റിന്‍കരയില്‍ ഇന്ന് ഹര്‍ത്താല്‍ ആചരിക്കുകയാണ്. ഇലക്ട്രീഷ്യനാണ് സനൽ