നെയ്യാറ്റിന്‍കര ഡിവൈഎസ്പി ഹരികുമാറിനെതിരെ കൊലക്കുറ്റത്തിന് കേസ്. ഡിവൈഎസ്പിയുമായുള്ള തര്‍ക്കത്തിനിടെ യുവാവ് മരിച്ച സംഭവത്തിലാണ് കേസെടുത്ത്. നെയ്യാറ്റിന്‍കര കാവുവിള സ്വദേശി സനല്‍(32) ആണ് മരിച്ചത്.
തിങ്കളാഴ്ച രാത്രി പതിനൊന്നിനായിരുന്നു സംഭവം. ഡിവൈഎസ്പി ഹരികുമാറുമായി റോഡില്‍വച്ച് തര്‍ക്കിച്ചു കൊണ്ടിരിക്കേ യുവാവ് വാഹനമിടിച്ച് മരിക്കുകയായിരുന്നു. ഡിവൈഎസ്പിയുടെ വാഹനത്തിന് പുറകില്‍ പാര്‍ക്ക് ചെയ്ത വണ്ടി മാറ്റിയിടുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് അപകടത്തിന് കാരണമായതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
പരസ്പരം വാക്ക് തര്‍ക്കമുണ്ടാവുകയും ഉന്തിലേക്കും തള്ളിലേക്കും നീങ്ങുകയുമായിരുന്നു. ഇതിനിടെ സനലിനെ റോഡില്‍ കൂടിപോയ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. തുടര്‍ന്ന് നെയ്യാറ്റിന്‍കര എസ്‌ഐയും സംഘവും എത്തിയാണ് യുവാവിനെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. പിന്നീട് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയെങ്കിലും ഇയാളുടെ ജീവന്‍ രക്ഷിക്കാനായില്ല.
സംഭവത്തില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച നെയ്യാറ്റിന്‍കരയില്‍ രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെ നാട്ടുകാര്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. യുവാവിനെ ഡിവൈഎസ്പി മര്‍ദിച്ചുവെന്നും അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ സനലിനെ ഡിവൈഎസ്പി ആശുപത്രിയില്‍ എത്തിച്ചില്ലെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.