കയ്പമംഗലം: തിരമാലയിൽപെട്ട് ജീവൻമരണ പോരാട്ടം നടത്തിയ തൊഴിലാളിക്ക് രക്ഷകനായി കോസ്റ്റൽ പോലീസ്.
പോണത്ത് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ചാവൽ ദേനാ ബാബ എന്ന വള്ളം കന്പനിക്കടവിൽ കരയിൽ നിന്നും 30 മീറ്റർ അകലെ വൻതിരയിൽപ്പെട്ട് ആടിയുലഞ്ഞ് വള്ളത്തിലുണ്ടായിരുന്ന സുബ്രമണ്യൻ മകൻ ജയൻ (50) കടലിലേക്ക് തെറിച്ച് വീഴുകയായിരുന്നു.
ഇന്നലെ രാവിലെ 7.15 ഓടെയുണ്ടായ അപകടം കണ്ട, കയ്പമംഗലം ഫിഷ് ലാൻഡിംഗ് സെന്ററിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന കോസ്റ്റൽ വാർഡൻ സനൽ കടലിലേക്കിറങ്ങി ജയനെ സാഹസികമായി രക്ഷപ്പെടുത്തി.
കടലിൽ വീണതിനെ തുടർന്ന് ജയൻ ജീവൻമരണ പോരാട്ടം നടത്തുന്നതിനിടയിൽ പെട്ടെന്ന് ബോധരഹിതനായി. തിരമാലകളോട് മല്ലടിച്ച് കോസ്റ്റൽ വാർഡൻ സനൽ ഇദ്ദേഹത്തെ രക്ഷിച്ച് കരയ്ക്കെത്തിക്കുകയായിരന്നു.
കോസ്റ്റൽ സീനിയർ സിവിൽ പോലീസ് ഓഫീസർ വി.എൻ.പ്രശാന്ത് കുമാറിന്റെ നേതൃത്വത്തിൽ മറ്റു മത്സ്യ ബന്ധന തൊഴിലാളികളും രക്ഷാപ്രവർത്തനത്തിന് സഹായികളായി.
ജയൻ കയ്പമംഗലം ഗാർഡിയൻ ആശുപത്രിയിൽ ചികിത്സയിലാണ്. വള്ളത്തിൽ നിന്ന് തെറിച്ചുവീണ മറ്റൊരു തൊഴിലാളി നീന്തി കരയ്ക്കെത്തി. കടലിലേക്കിറങ്ങിയ ഇവരുടെ വള്ളത്തിലെ വല പൊട്ടിപ്പോയതു കൊണ്ട് തിരികെ വരുന്പോഴാണ് അപകടം ഉണ്ടായത്.
കയ്പമംഗലം കൈതവളപ്പിൽ സന്തോഷ് മകൻ സനൽ കോസ്റ്റൽ വാർഡൻ ജോലിയിൽ താല്ക്കാലിക അടിസ്ഥാനത്തിൽ ചുമതലയേറ്റിട്ട് വർഷമാകുകയാണ്.
നിരവധി അപകടഘട്ടങ്ങളിലും ദുരിത മുഖങ്ങളിലും സഹായിക്കാൻ മുന്നിട്ടിറങ്ങിയിട്ടുള്ള തനിക്ക് കണ്മുന്നിലുണ്ടായ അപകടവും അതിൽപ്പെട്ടയാളെ രക്ഷപ്പെടുത്തിയതും ആദ്യത്തെ അനുഭവമാണെന്ന് സനൽ പറയുന്നു.
കോസ്റ്റൽ ഐജി പി.വിജയന്റെ നിർദേശാനുസരണം നിലവിൽ പ്രധാനപ്പെട്ട ഫിഷ് ലാൻഡിംഗ് സെന്ററുകളിൽ കോസ്റ്റൽ പോലീസിന്റെ സാന്നിധ്യം 24 മണിക്കൂറും ഉറപ്പാക്കിയിട്ടുണ്ട്.
അതിന്റെ ഭാഗമായി ഇന്നലെ കയ്പമംഗലം കന്പനി കടവിൽ ഡ്യൂട്ടിയിലുണ്ടായിരുന്നയാളാണ് കോസ്റ്റൽ വാർഡൻ സനൽ.
കടലിൽ മത്സ്യബന്ധനത്തിനു പോകുന്ന യാനങ്ങളിൽ ജീവൻ രക്ഷാ ഉപകരണങ്ങൾ നിർബന്ധമായും ഉണ്ടായിരിക്കണമെന്ന് അഴീക്കോട് കോസ്റ്റൽ പോലീസ് ഇൻസ്പെക്ടർ ടി.ജി. ദീലിപ് പറഞ്ഞു.