കൊച്ചി: നടിക്കു നേരേയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ചു ഇട്ട ഫേസ്ബുക്ക് പോസ്റ്റിൽ സംവിധായകൻ മേജർ രവി ഉപയോഗിച്ച ഭാഷയ്ക്കെതിരേ മറ്റൊരു സംവിധായകൻ രംഗത്ത്. സഹപ്രവർത്തകനും സംവിധായകനുമായ സനൽകുമാർ ശശിധരനാണ് മേജർ രവിയുടെ ഭാഷാ പ്രയോഗങ്ങളെ രൂക്ഷമായി വിമർശിച്ചത്.
യുവനടിക്കെതിരെ ഉണ്ടായ അതിക്രമത്തെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചും അക്രമികളെ വെല്ലുവിളിച്ചുമായിരുന്നു മേജർ രവിയുടെ പോസ്റ്റ്. സംഭവം ഞെട്ടിക്കുന്നതാണെന്നും ഇതിനെതിരെ ശക്തമായ നടപടിയുണ്ടാകണമെന്നും മേജർ രവി കുറിച്ചു. അക്രമികൾക്കു ശക്തമായ മുന്നറിയിപ്പ് നൽകുകയും ചെയ്തു മേജർ രവി.
“നീയൊക്കെ ആൺപിള്ളേരോടു കളിക്കെടാ…പിടിയിലാകുന്നതിനു മുൻപ് ആണുങ്ങടെ കൈയിൽ പെടാതിരിക്കാൻ നോക്കിക്കോടാ” എന്നും ” ഇനി നീയൊന്നും ഞങ്ങടെ അമ്മ പെങ്ങന്മാരെ നോക്കാൻ പോലും ധൈര്യപ്പെടില്ല ”. “പറയുന്നത് ചങ്കൂറ്റമുള്ള പട്ടാളക്കാരനാണെന്ന് ഓർത്തോണം” എന്നും പറഞ്ഞാണ് അദ്ദേഹം തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.
എന്നാൽ, “ആണത്തം” “തന്തയ്ക്കു പിറക്കൽ” “ആണുങ്ങളോടു കളിക്കെടാ” എന്നിങ്ങനെയുള്ള സ്ത്രീവിരുദ്ധ പുരുഷാധിപത്യ പരാമർശങ്ങളൊക്കെയാണു പീഡനം നടത്തുന്ന സാമൂഹിക വിരുദ്ധരുടെ ആശയക്കരുത്തെന്നായിരുന്നു സനൽകുമാർ ശശിധരന്റെ വിമർശനം.
സുഹൃത്തേ “ആണത്തം” “തന്തയ്ക്കു പിറക്കൽ” “ആണുങ്ങളോടു കളിക്കെടാ” ഒക്കെത്തന്നെയാണ് ആ വിഷച്ചെടിയുടെ വിത്തുകൾ. അതിനെതിരെയാണു നിങ്ങൾ സംസാരിക്കുന്നതെങ്കിൽ നിങ്ങൾ വാരിവിതച്ചുകൊണ്ടിരിക്കുന്ന ആ വിത്തുകൂടി ആദ്യം വലിച്ചെറിയുക. ഒരുകൈകൊണ്ട് അറുക്കുകയും മറുകൈകൊണ്ടു വിതയ്ക്കുകയും ചെയ്യാതിരിക്കുക എന്നും സനൽകുമാർ ഫേസ്ബുക്കിൽ കുറിച്ചു.