തിരുവനന്തപുരം: നടി മഞ്ജു വാര്യര്‍ ഉള്‍പ്പെടെ 25 അംഗ സിനിമാ സംഘത്തിലെ മുഴുവന്‍ പേരും സുരക്ഷിതരെന്ന് സംവിധായകന് സനല്‍കുമാര്‍ ശശിധരന്. കഴിഞ്ഞ പത്ത് ദിവസമായി മൊബൈൽ റെയിഞ്ചും ഇന്റനെറ്റും ഇല്ലാത്ത ഹിമാലയൻ പർവതങ്ങളിലായിരുന്നുവെന്നും ഹിമാചൽ സർക്കാരിന്റെ ഇടപെടലിലൂടെ മുഴുവൻ ആളുകളെയും സുരക്ഷിതരായി കുറഞ്ഞ സമയം കൊണ്ട് പുറത്തെത്തിച്ചുവെന്നും അദ്ദേഹം ഫേസ്ബുക്ക് അക്കൗണ്ടിലൂടെ അറിയിച്ചു.
കയറ്റം എന്ന തന്റെ പുതിയ സിനിമയുടെ ചിത്രീകരണത്തിനായാണ് സനല്‍കുമാര്‍ ശശിധരനും സംഘവും ഹിമാചലിൽ ഹംപ്ത പാസിന് പരിസര പ്രദേശങ്ങളിലെത്തിയത്. സൗകര്യങ്ങൾ ഒരുക്കാൻ പരിചയസമ്പന്നരായ 10 സഹായികളും ഒപ്പം ഉണ്ടായിരുന്നു.
അപകടകരമായ ഹിമാലയൻ ട്രെക്കിംഗ് ലൊക്കേഷനുകളിൽ ഷൂട്ട് ചെയ്യേണ്ട സിനിമയുടെ എണ്‍പത് ശതമാനവും ചിത്രീകരിച്ചു കഴിഞ്ഞപ്പോളാണ് 18ന് അപ്രതീക്ഷിതമായി കനത്ത മഴയും മഞ്ഞുവീഴ്ചയുമുണ്ടായത്. സംഘത്തിലുള്ള ഓരോരുത്തരുടെയും മനഃസാന്നിദ്ധ്യത്താലും മൗണ്ടൻ എക്സ്പെഡിഷൻ സംഘത്തിന്റെ സമയോചിതമായ ഇടപെടൽ കൊണ്ടും കടുത്ത കാലാവസ്ഥയിലും അപകടകരമായ വഴികളിലൂടെ സനല്‍കുമാര്‍ ശശിധരനും സംഘവും ആറു മണിക്കൂറിനകം സുരക്ഷിതമായ ചത്രൂ എന്ന സ്ഥലത്ത് നടന്നെത്തി. എല്ലാ വഴികളും കനത്ത മഴയെത്തുടർന്ന് തകർന്നിരുന്നതിനാൽ രണ്ടുദിവസം പുറം ലോകവുമായി ബന്ധപ്പെടാനായില്ല.
തങ്ങളെ കൂടാതെ ഇരുനൂറോളം പേർ ആ സ്ഥലത്ത് കുടുങ്ങിയിരുന്നതായും സനല്‍കുമാര്‍ ശശിധരന് ചൂണ്ടിക്കാട്ടി. തങ്ങളുടെ സംഘത്തിലെ മൂന്നുപേർക്ക് കാലിനു ചെറിയ പരിക്കുകൾ ഉണ്ടായിരുന്നതിനാൽ വാഹന ഗതാഗതം പുനഃസ്ഥാപിക്കുന്നത് വരെ തങ്ങൾക്ക് ചത്രുവിൽ തന്നെ നിൽക്കേണ്ടിവന്നു. പാദത്തിനുണ്ടായ പരിക്കുമായി എട്ടു കിലോമീറ്റർ പാറവഴികളിലൂടെ നടന്ന ആസ്ത ഗുപ്ത അതിശയിപ്പിച്ചതായും സനല്‍കുമാര്‍ കൂട്ടിച്ചേര്‍ത്തു. തടസങ്ങളിലൊന്നും തളരാത്ത ഒരു ഊർജ്ജം എല്ലാവരിലും ഉണ്ടായിരുന്നു.
സിനിമ എന്ന ഒരൊറ്റ ലക്ഷ്യം മാത്രമേ മുന്നിലുണ്ടായിരുന്നുള്ളു.. അത് തന്നെയായിരുന്നു വെളിച്ചവും. ഒരുതരം വലുപ്പച്ചെറുപ്പവും തങ്ങളിലില്ലായിരുന്നു. മഞ്ജു വാര്യർ എന്ന വലിയ അഭിനേതാവിനെയും കരുത്തുറ്റ മനുഷ്യസ്ത്രീയെയും അടുത്തറിയാൻ കഴിഞ്ഞു എന്നതായിരുന്നു തന്നെ സംബന്ധിച്ച് ഈ സിനിമായാത്രകൊണ്ട് വ്യക്തിപരമായ നേട്ടമെന്നും സനല്‍കുമാര്‍ ശശിധരന് പറഞ്ഞു.കേരളത്തിലെ മഴയും പ്രളയ ദുരിതങ്ങളും ഒന്നും അറിയാൻ കഴിഞ്ഞില്ലെന്നും നാടിന്റെ സങ്കടത്തിൽ പങ്കു ചേരുന്നുവെന്നും അദ്ദേഹം എഫ് ബി അക്കൗണ്ടിലൂടെ അറിയിച്ചു.