കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചെന്ന മലയാളത്തിലെ പ്രമുഖ നടിയുടെ പരാതിയില്‍ വീണ്ടും കേസ് നേരിടുന്ന സംവിധായകന് സനല്‍കുമാര്‍ ശശിധരനെതിരേ നടി അമേരിക്കന്‍ പോലീസില്‍ പരാതി നല്‍കും. നടി വൈകാതെ പരാതി നല്‍കുമെന്ന് കൊച്ചി സിറ്റി പോലീസ് പറഞ്ഞു. സനല്‍കുമാര്‍ കുറച്ചു മാസങ്ങളായി അമേരിക്കയിലാണെന്നാണ് പോലീസിനു ലഭിക്കുന്ന വിവരം.
ഇയാളെ നാട്ടിലെത്തിക്കുന്നതിനായി അമേരിക്കന്‍ കോണ്‍സുലേറ്റിനെ സമീപിക്കാന്‍ ശ്രമം തുടങ്ങിയതായി സിറ്റി പോലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ പറഞ്ഞു.നടിയുടെ പരാതിയില്‍ ജാമ്യമില്ല വകുപ്പുകളാണ് സനല്‍കുമാര്‍ ശശിധരന് എതിരെ ചുമത്തിയിരിക്കുന്നത്. പിന്തുടര്ന്ന് ശല്യപ്പെടുത്തുക, സ്ത്രീത്വത്തെ അപമാനിച്ചു എന്നീ വകുപ്പിലാണ് എളമക്കര പോലീസ് കേസെടുത്തത്.
സിറ്റി പോലീസ് കമ്മീഷണര്‍ക്ക് നടി ഇ- മെയില്‍ ആയി അയച്ച പരാതി എളമക്കര പോലീസിനു കൈമാറുകയായിരുന്നു. നേരത്തെ ഉണ്ടായ സമാന പരാതിയില്‍ കുറ്റപത്രം നല്‍കാനിരിക്കെയാണ് രണ്ടാമത്തെ കേസ് ഇയാള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തത്.
കഴിഞ്ഞ ഏതാനും ദിവസമായി നടിയെ പരാമര്‍ശിച്ചും ടാഗ് ചെയ്തും സംവിധായകന് ഒട്ടേറെ പോസ്റ്റുകള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. പോസ്റ്റുകളില്‍ അവരുടെ ജീവിതം അപകടത്തിലാണെന്ന് സനല്‍ പറഞ്ഞിരുന്നു. നടിയുടേതെന്ന പേരില്‍ ഓഡിയോ സംഭാഷണങ്ങളും പുറത്തുവിട്ടു. പിന്നാലെ, നടി അഭിനയിച്ച് സനല്‍ സംവിധാനം ചെയ്ത സിനിമ സാമൂഹ്യ മാധ്യമങ്ങള്‍ വഴി സൗജന്യമായി റിലീസ് ചെയ്തിരുന്നു.
നേരത്തേ, ഇതേ നടിയുടെ പരാതിയില്‍ പോലീസ് സനലിനെ അറസ്റ്റ് ചെയ്തിരുന്നു. 2022 മേയില്‍ അറസ്റ്റിലായ സനലിനെ ജാമ്യത്തില്‍ വിടുകയായിരുന്നു. എളമക്കര പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ തിരുവനന്തപുരം പാറശാലയില്‍നിന്നാണ് അന്ന് സനല്‍ അറസ്റ്റിലായത്. ആലുവ ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
സോഷ്യല്‍മീഡിയ വഴിയും ഫോണ്‍ വഴിയും ബന്ധുക്കളും സുഹൃത്തുക്കളും വഴിയും സനല്‍കുമാര്‍ ശശിധരന് നിരന്തരം പ്രണയാഭ്യര്‍ഥന നടത്തുന്നതായും പിന്തുടര്ന്ന് ശല്യംചെയ്യുന്നതായുമായിരുന്നു നടി പരാതി നൽകിയത്. പരാതി ലഭിച്ച ദിവസം തന്നെ ഇയാളെ അറസ്റ്റ് ചെയ്യാന്‍ അന്ന് പോലീസിന് കഴിഞ്ഞിരുന്നു.