ഗോഹട്ടി: 30 വർഷം ഇന്ത്യൻ സൈന്യത്തിൽ സേവനമനുഷ്ഠിച്ച ആളെ വിദേശിയെന്ന് ആരോപിച്ച് അറസ്റ്റ് ചെയ്തു പോലീസ് ജയിലിലടച്ചു. ആസാമിൽനിന്നുള്ള മുഹമ്മദ് സനാവുള്ളയെയാണ് ബംഗ്ലാദേശിൽനിന്നുള്ള അനധികൃത കുടിയേറ്റക്കാർക്കെതിരായ നിയമത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് കസ്റ്റഡിയിലെടുത്തത്.
സൈന്യത്തിൽ സുബേദാറായിരുന്ന സനാവുള്ള 2017-ൽ ആണ് വിരമിച്ചത്. കാഷ്മീർ, മണിപ്പൂർ എന്നിവിടങ്ങളിൽ ഭീകരർക്കെതിരേ പോരാടിയിട്ടുള്ള സൈനികനാണ് സനാവുള്ള. 2014-ൽ ജൂനിയർ കമ്മീഷൻഡ് ഓഫീസറായി ഉയർത്തിയ സനാവുള്ളയെ, ഓണററി ലെഫറ്ററന്റായും സൈന്യം ബഹുമതി നൽകിയിരുന്നു. കാർഗിൽ യുദ്ധത്തിലും സനാവുള്ള ഇന്ത്യക്കായി പോരാടിയിട്ടുണ്ട്.
വിരമിച്ചശേഷം ആസാം ബോർഡർ പോലീസിൽ എസ്ഐയായി പ്രവർത്തിച്ചു വരികയായിരുന്നു സനാവുള്ള. അനധികൃത കുടിയേറ്റക്കാരെ തടയുന്നതിനുള്ള പ്രത്യേക യൂണിറ്റാണിത്. ഈ യൂണിറ്റ് തന്നെയാണ് ഇപ്പോൾ സനാവുള്ളയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇദ്ദേഹം ഇപ്പോൾ ഡീറ്റെൻഷൻ സെന്ററിലാണ്.
ആസാമിൽ കുടിയേറ്റക്കാർക്കെതിരായ നടപടികൾ തുടരുകയാണ്. സർക്കാർ നിയമമനുസരിച്ച് 1971-നുശേഷം ഇന്ത്യയിലേക്ക് എത്തിയ കുടിയേറ്റക്കാരെല്ലാം അനധികൃത കടന്നുകയറ്റക്കാരാണ്. കേന്ദ്ര സർക്കാരിന്റെ ദേശീയ പൗരത്വ രജിസ്റ്റർ സ്ഥിതിഗതികൾ ഒന്നുകൂടി വഷളാക്കിയെന്ന് മനുഷ്യാവകാശ പ്രവർത്തകർ ആരോപിക്കുന്നു.