കോട്ടയം: ബാഗിനു വിലക്കുറവ്. ചില ബാഗുകൾക്ക് കുട ഫ്രീ. കണ്‍സ്യൂമർ ഫെഡിന്റെ സഞ്ചരിക്കുന്ന സ്കൂൾ വിപണിയിലാണ് വിലക്കുറവിൽ സാധനങ്ങൾ ലഭിക്കുന്നത്. അധ്യയനവർഷത്തിൽ കുട്ടികൾക്കാവശ്യമായ ബാഗും കുടയും നോട്ടുബുക്കുകളും ന്യായ വിലയ്ക്ക് ലഭ്യമാക്കുവാനായി കണ്‍സ്യൂമർ ഫെഡിന്റെ സഞ്ചരിക്കുന്ന സ്കൂൾ വിപണി ആരംഭിച്ചു. കോട്ടയത്തും പരിസരപ്രദേശത്തുമാണ് സഞ്ചരിക്കുന്ന സ്കൂൾ വിപണി വാഹനം എത്തുന്നത്.
പൊതുമാർക്കറ്റിൽനിന്ന് 10മുതൽ 40ശതമാനം വരെ വിലക്കുറവിൽ ഇവിടെ സാധനങ്ങൾ ലഭ്യമാണ്. പ്രമുഖ കന്പനികളുടെ ബാഗുകൾ, കുടകൾ, വാട്ടർ ബോട്ടിൽ, ടിഫിൻ ബോക്സ്, ത്രിവേണി നോട്ടുബുക്കുകൾ, പേന, പെൻസിൽ, ഇൻസ്ട്രുമെന്റ് ബോക്സ് മറ്റു പഠനോപകരണങ്ങൾ എന്നിവ വിലക്കുറവിൽ ഇവിടെ ലഭ്യമാണ്.
പ്രമുഖ കന്പനികളുടെ ബാഗുകൾക്ക് പൊതുവിപണിയേക്കാൾ 100 രൂപ വരെ വിലക്കുറവുണ്ട്. ചില കന്പനികളുടെ ബാഗിനൊപ്പം ഫ്രീയായി കുടയുമുണ്ട്. സഞ്ചരിക്കുന്ന വിപണിയിൽ നോട്ടുബുക്കുകൾക്ക് നല്ല ഡിമാന്റാണ്. പൊതുവിപണിയിൽ 160 പേജുകളുള്ള നോട്ടുബുക്കിന് 45 രൂപ മുതൽ വാങ്ങുന്പോൾ ഇവിടെ 30 രൂപയ്ക്കു മനോഹരമായ നോട്ടുബുക്കുകൾ ലഭിക്കും.
എല്ലാ ദിവസവും രാവിലെ 10 മുതൽ വൈകുന്നേരം ആറുവരെയാണു കോട്ടയത്തും പരിസരപ്രദേശത്തും സഞ്ചരിക്കുന്ന സ്കൂൾ വിപണി എത്തുന്നത്. തിരുനക്കര പഴയ പോലീസ് സ്റ്റേഷൻ മൈതാനം, നാഗന്പടം ബസ് സ്റ്റാൻഡ്, തിരുനക്കര ബസ് സ്റ്റാൻഡ്, കെഎസ്ആർടിസി, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിൽ ഇന്നലെയെത്തിയ സഞ്ചരിക്കുന്ന സ്കൂൾ വിപണിയിൽ നല്ല കച്ചവടമാണ് നടന്നത്.
കണ്‍സ്യൂമർ ഫെഡിന്റെ സഞ്ചരിക്കുന്ന വിപണിക്കു പുറമേ കഞ്ഞിക്കുഴി, ചിങ്ങവനം, ഏറ്റുമാനൂർ, ചങ്ങനാശേരി, അയർക്കുന്നം, കുറവിലങ്ങാട്, തീക്കോയി, പൂഞ്ഞാർ, ഈരാറ്റുപേട്ട എന്നിവിടങ്ങളിലെ സൂപ്പർമാർക്കറ്റുകളിൽ പ്രത്യേക സ്കൂൾ വിപണിയും പ്രവർത്തിക്കുന്നുണ്ട്. ഇതുകൂടാതെ ജില്ലയിലെ 25 സർവീസ് സഹകരണ ബാങ്കുകൾ കേന്ദ്രീകരിച്ചും സ്കൂൾ മാർക്കറ്റുകൾ പ്രവർത്തിക്കുന്നുണ്ട്.