സ്വന്തം ലേഖകന്‍
കോഴിക്കോട്: ബൈപാസിലെ ഹൈലൈറ്റ് മാളില്‍ സിനിമാ പ്രമോഷന് പരിപാടിക്കെത്തിയ ചലച്ചിത്ര നടിയുടെ ശരീരത്തിലേക്ക് നീണ്ട ആ കൈകള്‍ ആരുടേത്.
സറ്റേജില് നിന്ന് നടി താഴെയിറങ്ങുമ്പോള്‍ പിന്നില്‍ നിന്ന് വന്ന ആ കൈകള്‍ എവിടെയാണ് മറഞ്ഞിരിക്കുന്നത്.
നില്ക്കാന് ഇടമില്ലാത്തവിധം ജനത്തിരക്കുള്ള വേദിയില്‍ നിന്ന് നടിയെ ആക്രമിച്ച പ്രതിയെ തിരിച്ചറിയാന്‍ ഇതുവരെ പോലീസിനു കഴിഞ്ഞിട്ടില്ല.
പ്രതിയെ തിരിച്ചറിയാനുള്ള തെളിവുകള്‍ ഒന്നും ലഭിക്കാത്തതിനാല്‍ പോലീസിനു മുന്നില്‍ കടുത്ത വെല്ലുവിളിയാണ് ഉയര്‍ന്നിരിക്കുന്നത്.
സംഭവസമയത്ത് മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ ചിത്രീകരിച്ച 22 പേരുടെ ഫോണുകള്‍ അന്വേഷണസംഘം പരിശോധിച്ചുവെങ്കിലും നിര്‍ണായകമായ തൊളിവൊന്നും ലഭിച്ചില്ല.
അന്ന് പരിപടി ഷൂട്ട് ചെയ്ത രണ്ടു വീഡിയോഗ്രാഫര്മാരുടെ വീഡിയോകളും പോലീസ് പലതവണ പരിശോധിച്ചുവെങ്കിലും നിരാശയായിരുന്നു ഫലം.
അന്വേഷണത്തിന് സൈബര്‍ പോലീസിലെ ആറംഗങ്ങള്‍ അടക്കം പതിനൊന്നുപേര്‍ അടങ്ങുന്ന ടീമിനെ നിയോഗിച്ചിട്ടുണ്ട്.നൂറിലധികം പേരെ ഇതിനകം ചോദ്യം ചെയ്തുകഴിഞ്ഞു.
കഴിഞ്ഞ ആഴ്ചയാണ് മാളില്‍ വച്ച് നടിമാര്‍ ആക്രമിക്കപ്പെട്ടത്. റോഷന് ആന്‍ഡ്രൂസ് സംവിധാനം ചെയ്ത സാറ്റര്‍ഡേ നൈറ്റ്സ് എന്ന സിനിമയുടെ പ്രമോഷന് പരിപാടിക്ക് എത്തിയ നടിമാരാണ് ആക്രമിക്കപ്പെട്ടത്.
പരിപാടി കഴിഞ്ഞ് സ്റ്റേജില്‍ നിന്ന് ഇറങ്ങുന്നിനിടയില് പിന്നില്‍ നിന്ന് ആക്രമിക്കുകയായിരുന്നു. മറ്റൊരു നടി അക്രമിയെന്ന്കരുതുന്നയാളുെട കരണത്ത് അടിക്കുകയും ചെയ്തിരുന്നു.
ഫറോക്ക് അസി. കമ്മിഷണര്‍ എ.എം സിദ്ദിഖിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗിക്കുന്നത്. സൈബര്‍ ഡോം, സൈബര്‍ സെല്‍, സൈബര്‍ പോലീസ് സ്റ്റേഷന് എന്നീ വിഭാഗത്തില്‍ നിന്ന് രണ്ടുപേര്‍ വീതമുള്ള പതിനൊന്നംഗ സംഘത്തെ അന്വേഷണത്തിനായി നിയോഗിച്ചിട്ടുണ്ട്.
ഇതിനകം നൂറിലധികം ആളുകളെ സംഘം ചോദ്യം ചെയ്തുകഴിഞ്ഞു. എന്നാല്‍ പുരോഗതിയുണ്ടായിട്ടില്ല.
സംഭവം നടന്ന സമയത്ത് സ്റ്റേജിനരികില്‍ വന്‍ തിരക്കാണ് ഉണ്ടായിരുന്നത്. കൈ പിന്നില്‍ നിന്ന് വന്നതിനാല്‍ ക്യാമറകളിലൊന്നും ഇതു പതിഞ്ഞിട്ടില്ല.
പരിപാടി സംഘടിപ്പിച്ച സിനിമാ സംഘം ഷൂട്ട് ചെയ്ത വീഡിയോയും ഹൈലൈറ്റ് മാളിലെ ക്യാമറയും പോലീസ് പരിശോധിച്ചുകഴിഞ്ഞു.
വീഡിയോയില്‍ കണ്ട സംശയമുള്ളവര്‍ എവിയൊക്കെ പോയെന്നും ഏതു വാഹനത്തിലാണ് കയറിയെതെന്നുമെല്ലാം നോക്കിയിരുന്നു.
ഇത്തരക്കാരുടെ വാഹന നമ്പര്‍ കണ്ടെത്തി ആളെ വിളിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കൃത്യമായ വിവരങ്ങളൊന്നും കിട്ടിയിട്ടില്ല. മാളിലെ സിസിടിവി ക്യാമറയുെട ഹാര്‍ഡ് ഡിസ്ക് ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
സിറ്റി പോലീസ് കമ്മിഷണറുടെ മേല്‍നോട്ടത്തില്‍ നിരന്തരമായ വിലയിരുത്തലോടെയാണ് അന്വേഷണം പുരോഗമിക്കുന്നത്.
മാളിലെ ജീവനക്കാരില്‍ നിന്നും സംഘാടകരില്‍ നിന്നും മൊഴി രെഖപ്പെടുത്തിയെങ്കിലും പ്രതിയെ ആരും കണ്ടതായി മൊഴി നല്‍കിയിട്ടില്ല.
അപ്രതീക്ഷിതമായാണ് ആക്രമണം നടന്നത്. സ്ഥലത്ത് വേണ്ടത്ര പോലീസ് സംവിധാനവും ഉണ്ടായിരുന്നില്ല. അക്രമിച്ചയാള്ക്കാണോ അടി കിട്ടിയതെന്ന കാര്യത്തിലും പോലീസിനു സംശയമുണ്ട്.
മൊബൈല്‍ ഫോണ്‍ പരിശോധന ഏറ്റവും ദുഷ്കരമാണ്. മൊബൈല്‍ ഫോണില്‍ വീഡിയോ പകര്ത്തിയവരെയാണ് ഇപ്പോള്‍ കണ്ടെത്തിയിട്ടുള്ളത്.
ഒരാളുടെ ഫോണിലുള്ള ചിത്രങ്ങള്‍ നോക്കിയാണ് വീഡിയോ പകര്‍ത്തിയ മറ്റുള്ളവരെ കണ്ടെത്തുന്നത്. ഇത്തരത്തില്‍ നീണ്ട പ്രക്രിയയലൂെടയാണ് 22 പേരുടെ ഫോണുകള്‍ പരിശോധിച്ചത്. ഇനിയും നിരവധി ആളുകളോടു ഫോണുകളുമായി ഹാജരാകാന്‍ പോലീസ് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഏറെ ചര്‍ച്ച ചെയ്യപ്പെട്ട കേസായതിനാല്‍ യഥാര്‍ഥ പ്രതിയെ കണ്ടെത്തുകയാണ് പോലീസിന്റെ ലക്ഷ്യം. അതിനുള്ള ശാസ്ത്രീയമായ തെളിവു ശേഖരണമാണ് നടക്കുന്നത്.
സിറ്റി പോലീസ് മേധാവിയുെട നേതൃത്വത്തില്‍ നിരന്തരം അവലോകനം ചെയതാണ് കേസ് അന്വേഷണം പുരോഗിക്കുന്നത്.