എരുമേലി: നാളുകളായി കാട്ടുപന്നികൾ കൃഷി നശിപ്പിക്കുന്നത് മൂലം കൃഷി മതിയാക്കി ആറു കർഷകർ.
മറ്റുള്ള കർഷകരും ആ തീരുമാനം സ്വീകരിക്കാനിരുന്നപ്പോഴാണ് കർഷക ശത്രുവിലൊന്നിനെ മുന്നിൽ കിട്ടിയത്. വനം വകുപ്പിൽ വിവരം അറിയിച്ചതോടെ വകുപ്പിന്റെ മാർഗനിർദേശ പ്രകാരം വെടിവെച്ച് മറവ് ചെയ്തു.
ഇന്നലെ എരുമേലി സർക്കാർ ആശുപത്രി ഭാഗത്ത് കരീക്കുന്നേൽ ജോസഫിന്റെ കൃഷിയിടത്തിൽ കൃഷി നശിപ്പിച്ച കാട്ടുപന്നിയെയാണ് വെടി വെച്ച് കൊന്നത്.
ആയിരം കപ്പയും അഞ്ഞൂറോളം വാഴയും കഴിഞ്ഞയിടെയാണ് ജോസഫിന്റെ കൃഷിയിടത്തിൽ പന്നികൾ നശിപ്പിച്ചത്. പറന്പ് പാട്ടത്തിനെടുത്ത് കൃഷി ചെയ്തു വരികയാണ് ജോസഫ്.
സമീപത്തെ പറന്പുകളിൽ കൃഷി ചെയ്തിരുന്ന ആറ് പേർ പന്നികൾ മൂലം ഇതിനോടകം കൃഷി നിർത്തി.
തോക്ക് ഉപയോഗിച്ച് വെടി വെച്ച് കൊല്ലാൻ അനുമതി ലഭിച്ച ശേഷം ആദ്യമായാണ് എരുമേലി പഞ്ചായത്തിൽ പന്നിയെ കൊന്നത്. പഞ്ചായത്ത് പ്രസിഡന്റ് ഇതിനുള്ള അനുമതി നേരത്തെ നൽകിയിരുന്നു.