കൊച്ചി: വൈഗ കൊല്ലപ്പെടുകയും പിതാവ് സനുമോഹന് അറസ്റ്റിലാകുകയും ചെയ്തിട്ടും കേസിന്റെ ദുരൂഹത നീങ്ങുന്നില്ല.
ദുരൂഹതയുടെ കെട്ടുകള്‍ അഴിക്കണമെങ്കില്‍ സനുമോഹന്റെ ഭാര്യ രമ്യ കാര്യങ്ങള്‍ വ്യക്തമായി പറയണം. എന്നാല്‍ രമ്യയും ബന്ധുക്കളും കാര്യങ്ങൾ തുറന്നുപറയാന്‍ വൈകുന്നുവെന്നതാണ് പ്രശ്നം.
ഇതേ സമയം സനുമോഹനെയുംകൊണ്ടു കോയമ്പത്തൂര്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ തെളിവെടുപ്പിനു പോയെങ്കിലും കുറ്റബോധമൊന്നും ഇയാളില്‍ കാണാനില്ലെന്നാണ് പോലീസ് പറയുന്നത്.
പോലീസ് ചോദിക്കുന്നതിനു മുമ്പു സ്ഥലം കാണിച്ചു തരുന്നു. എന്നാല്‍ മകളെ നഷ്ടപ്പെട്ടതിന്റെ ഒരു വേദനയും ഇയാളില്‍ കാണാനില്ല.
ഏന്തെങ്കിലും ചോദിച്ചാല്‍ മൊഴികള്‍ മാറ്റി മാറ്റി പറയും. ദുരൂഹത സൃഷ്ടിക്കുന്നതില്‍ മിടുക്കനായി സനുമോഹന് മാറുന്നു.
വൈഗയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇയാള്‍ പറയുന്നതൊന്നുമല്ല യാഥാര്‍ഥ്യം എന്ന അഭിപ്രായവും പോലീസിനുണ്ട്.
കങ്ങരപ്പടിയിലെ ഫ്ളാറ്റില്‍നിന്നും മാര്‍ച്ച് 21-ന് രാത്രി ഏഴിനാണ് അമ്പലപ്പുഴയിലുള്ള ഭാര്യാസഹോദരിയുടെ വീട്ടില്‍ മകളും ഭാര്യ രമ്യയുമായി സനു എത്തിയത്.
അതേദിവസം തന്നെ രാത്രി ഏഴരയോടെ മകളെയും കൂട്ടി മറ്റൊരു ബന്ധുവിനെ കാണാന്‍ സനു പുറപ്പെട്ടെന്ന ഭാര്യയുടെ മൊഴിയില്‍ ദുരൂഹതയുണ്ട്.
തൊട്ടടുത്തുള്ള ബന്ധുവീട്ടിലേക്കെന്ന് പറഞ്ഞു വൈഗയെയും കൂട്ടി കാറില്‍ പോയ സനുവിനെ രാത്രി 12 മണിക്കും കാണാതിരുന്നപ്പോള്‍ മാത്രമാണ് ബന്ധുവീട്ടില്‍ ഇവര്‍ എത്തിയോയെന്നു പോലും രമ്യയും മറ്റു ബന്ധുക്കളും അന്വേഷിച്ചത്.
ഇതിലും ദുരൂഹതയുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍.
ബന്ധുവീട്ടില്‍ വൈഗയും സനുവും എത്തിയില്ലെന്നറിഞ്ഞിട്ടും പോലീസില്‍ പരാതിപ്പെടാതിരുന്നതും സംശയം വര്‍ധിപ്പിക്കുന്നുണ്ട്.
മാര്‍ച്ച് 22-ന് രാവിലെ എട്ടരയോടെയാണ് ഇവരെ കാണാനില്ലെന്ന് കാണിച്ച് പോലീസിന് പരാതി ലഭിക്കുന്നത്. രാത്രി ഒന്‍പതേകാലോടെ സനു മകളുമായി കങ്ങരപ്പടിയിലെ ഫ്ളാറ്റില്‍ തിരിച്ചെത്തിയിരുന്നു.
അമ്പലപ്പുഴയില്‍നിന്നും നഗരത്തിരക്കിലൂടെ അമിതവേഗത്തില്‍ കാര്‍ ഓടിച്ചാല്‍ മാത്രമെ ഇത്രയും സമയംകൊണ്ട് സനുവിന് ഫ്ളാറ്റിലെത്താന്‍ കഴിയു.
സ്വന്തമായി മൊബൈല്‍ ഫോണുള്ള വൈഗയെ രമ്യയോ അമ്മയെ മകള്‍ വൈഗയോ വിളിച്ചതായി സ്ഥിരീകരണമില്ല.
മകള്‍ കാറിനുള്ളില്‍വച്ചു തന്നെ ബോധരഹിതയായിരുന്നേക്കാം. മദ്യപനായ സനു ജ്യൂസിലോ കോളയിലോ മകള്‍ക്ക് മദ്യം കൊടുത്തിരിക്കാം.
കുട്ടിയുടെ ആമാശയത്തില്‍ 80 ശതമാനം ആല്‍ക്കഹോള്‍ സാന്നിധ്യം ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഇവരുടെ ഉറ്റബന്ധുക്കളില്‍ പലരും അന്വേഷണത്തോട് സഹകരിക്കുന്നില്ല.