മറയൂർ: ഒന്നരക്കോടി വിലമതിക്കുന്ന സ്വകാര്യഭൂമിയിലെ ചന്ദനമരം വനംവകുപ്പിന്റെ സഹായത്തോടെ റവന്യു അധികൃതർ പിഴുതെടുത്ത് സുരക്ഷിതമാക്കി.
കാന്തല്ലൂർ കുണ്ടക്കാട് ചിറക്കടവ് പേരൂർ സോമന്റെ വീടിനു സമീപം നിന്നിരുന്ന 150-ലേറെ വർഷം പഴക്കമുള്ള ചന്ദനമരമാണ് കഴിഞ്ഞ ദിവസം പിഴുതെടുത്ത് വനംവകുപ്പിന്റെ മറയൂരിലെ ചന്ദന ഡിപ്പോയിലെത്തിച്ചത്. നേരത്തെ ഇതിന്റെ മൂന്നു ശിഖരങ്ങൾ മോഷ്ടാക്കൾ മുറിച്ചുകടത്തിയിരുന്നു.
മരം മുറിച്ചുമാറ്റിയില്ലെങ്കിൽ തങ്ങളുടെ ജീവൻപോലും അപകടത്തിലാകുമെന്നു കാണിച്ച് സോമൻ റവന്യൂ-വനംവകുപ്പധികൃതരെ സമീപിക്കുകയായിരുന്നു.
ഇക്കാര്യം മറയൂർ ഡിഎഫ്ഒ എം.ജി. വിനോദ്കുമാർ ജില്ലാ കളക്ടർ ഷീബ ജോർജിന്റെ ശ്രദ്ധയിൽപ്പെടുത്തി.
ഇതേത്തുടർന്നു ചന്ദനമരം പിഴുതെടുത്ത് സുരക്ഷിതമാക്കാൻ ദേവികുളം സബ്കളക്ടർക്കും തഹസിൽദാർക്കും ജില്ലാകളക്ടർ നിർദേശം നൽകി.
സോമന്റെ പുരയിടത്തിൽ നേരത്തെ ഇരുപതോളം ചന്ദനമരങ്ങളുണ്ടായിരുന്നു. ഇതിൽ ഭൂരിഭാഗവും മോഷ്ടാക്കൾ വെട്ടിക്കടത്തി.
നേരത്തെ, കുടുംബാംഗങ്ങളെ കെട്ടിയിട്ട് മരങ്ങൾ മുറിച്ചുകടത്തിയ സംഭവവും ഉണ്ടായിട്ടുണ്ട്.
1976-ൽ ലഭിച്ച ലാൻഡ് അസൈൻമെന്റ് പട്ടയത്തിൽ ചന്ദനമരം സർക്കാർ വകയാണെന്ന് എഴുതിച്ചേർത്തിരുന്നതിനാൽ മരത്തിന്റെ വിലയായി ഒരു രൂപപോലും ഉടമസ്ഥനു ലഭിക്കില്ല.
മറയൂർ ഡിഎഫ്ഒ എ.ജി. വിനോദ്കുമാർ, റേഞ്ച് ഓഫീസർ ബിജു കെ. അരുണ്‍, പ്രബേഷൻ റേഞ്ച് ഓഫീസർ ഇ.ഡി. അരുണ്‍കുമാർ, ഡെപ്യൂട്ടി റേഞ്ചർമാരായ കെ. സനിൽ, ബിജു ബി. നായർ, കീഴാന്തൂർ വില്ലേജ് ഓഫീസർ കെ.എം. സുനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് ചന്ദനമരം പിഴുതെടുത്തത്.