തിരുവല്ല: പെരിങ്ങരയിൽ സിപിഎം ലോക്കൽ സെക്രട്ടറി കുത്തേറ്റു മരിച്ച സംഭവത്തിൽ നാല് പ്രതികൾ പിടിയിൽ. പെരിങ്ങര സ്വദേശി കണിയാംപറന്പിൽ ജിഷ്ണു, നന്ദു, പ്രമോദ്, മുഹമ്മദ് ഫൈസൽ എന്നിവരാണ് പിടിയിലായത്. ആലപ്പുഴ കരുവാറ്റയിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. കൊലയ്ക്ക് പിന്നിൽ വ്യക്തിവൈരാഗ്യമാണെന്നാണ് പോലീസ് പറയുന്നത്.
വ്യാഴാഴ്ച രാത്രി എട്ടരയോടെയാണു സംഭവം. പെരിങ്ങര ചാത്തങ്കരി പുത്തൻവീട്ടിൽ പി.ബി. സന്ദീപാണ് (32) കുത്തേറ്റ് മരിച്ചത്. മുൻ പഞ്ചായത്ത് അംഗം കൂടിയാണ് സന്ദീപ്. വാക്കുതർക്കത്തെത്തുടർന്ന് സന്ദീപിനെ പിന്തുടർന്നെത്തിയവരാണ് കൊലപാതകത്തിനു പിന്നിലെന്നു പറയുന്നു.
ചാത്തങ്കരി എസ്എൻഡിപി സ്കൂളിനു സമീപത്തുവച്ചാണ് സന്ദീപിനു കുത്തേറ്റത്. 11 കുത്തേറ്റ സന്ദീപിനെ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പ്രതികൾ ആർഎസ്എസ് പ്രവർത്തകരാണെന്നു സിപിഎം ആരോപിച്ചിരുന്നു. സംഭവത്തിനു പിന്നിൽ രാഷ്ട്രീയ വൈരാഗ്യമില്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
പെരിങ്ങരയിലെ ഒരു വ്യാപാരിയുമായി പ്രതികൾ സിഗരറ്റ് വാങ്ങിയതുമായി ബന്ധപ്പെട്ട തർക്കം ഉണ്ടായി. ഇതു പറഞ്ഞുതീർക്കാൻ സന്ദീപ് ശ്രമിച്ചിരുന്നു. ഇതിനിടെ സന്ദീപുമായി ഇവർ തർക്കത്തിലായി. കടയിൽനിന്നു പോയ സന്ദീപിനെ പിന്നാലെ ബൈക്കിലെത്തിയ സംഘം കുത്തിവീഴ്ത്തുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.
ലോക്കൽ സെക്രട്ടറിയുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് തിരുവല്ലയിൽ വെള്ളിയാഴ്ച സിപിഎം ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ ആറു മുതൽ വൈകുന്നേരം ആറ് വരെയാണ് ഹർത്താൽ. നഗരസഭയിലും പെരിങ്ങര അടക്കം അഞ്ച് പഞ്ചായത്തുകളിലുമാണ് ഹർത്താൽ.