കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസിലെ പ്രതി സന്ദീപ് നായരുടെ പക്കല്‍നിന്നും പിടിച്ചെടുത്ത ബാഗില്‍ നിര്‍ണായക രേഖകള്‍. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് എന്‍ഐഎ പ്രത്യേക കോടതി ജഡ്ജിയുടെ സാന്നിധ്യത്തില്‍ ബാഗ് തുറന്ന് പരിശോധിച്ചത്.
പണമിടപാട് സംബന്ധിച്ച രേഖകളാണ് ലഭിച്ചത്. പണവും ഫിക്സ്ഡ് ഡെപ്പോസിറ്റുകളുടെ രസീതുകളും ഡയറികളും ലാപ്ടോപ്പും ബാഗില്‍നിന്നും കണ്ടെടുത്തിട്ടുണ്ട്. ഇവയുടെ വിശദമായ പരിശോധന നടത്തിവരികയാണ്. ഇതോടൊപ്പം മറ്റു നിര്‍ണായക തെളിവുകളും ബാഗില്‍നിന്നും എന്‍ഐഎയ്ക്ക് ലഭിച്ചതായാണ് സൂചന.
കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇന്നലെ വൈകുന്നേരം നാലോടെ തുറന്ന ബാഗിന്റെ പരിശോധനാ നടപടികള്‍ രാത്രി ഏഴരയോടെയാണ് പൂര്‍ത്തിയായത്. ബംഗളൂരുവില്‍നിന്നാണ് എന്‍ഐഎ സംഘം സന്ദീപിന്റെ ബാഗ് പിടിച്ചെടുത്തത്.
തുടര്‍ന്ന് കഴിഞ്ഞദിവസം ഇത് തുറന്നു പരിശോധിക്കുന്നതിനായി എന്‍ഐഎ കോടതിയില്‍ അപേക്ഷ സമര്‍പ്പച്ചിരുന്നു. കോടതി ഇത് അനുവദിക്കുകയും ഒരു ഉദ്യാഗസ്ഥന്റെ സേവനം പരിശോധനക്കായി വിട്ടു നല്‍കുകയും ചെയ്തു.
തുടര്‍ന്നാണ് എന്‍ഐഎ സംഘം ഇന്നലെ ബാഗ് കോടതിയില്‍ എത്തിച്ചത്. എന്‍ഐഎ കോടതി ജ്ഡ്ജി പി. കൃഷ്ണകുമാറിന്റെ സാന്നിധ്യത്തില്‍ എന്‍ഐഎ അന്വേഷണ ഉദ്യോഗസ്ഥര്‍, കോടതി പ്രതിഭാഗത്തിന് വേണ്ടി നിയോഗിച്ച ലീഗല്‍ സര്‍വീസ് അഥോറിറ്റിയിലെ അഭിഭാഷക എന്നിവരും പരിശോധന നടത്തുമ്പോള്‍ ഉണ്ടായിരുന്നു.