തിരുവല്ല: സിപിഎം പെരിങ്ങര ലോക്കല്‍ സെക്രട്ടറി കെ.പി. സന്ദീപ് കുമാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ റിമാന്‍ഡിലുള്ള പ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് അന്വേഷണ സംഘം നല്കിയ അപേക്ഷ ഇന്ന് കോടതിയുടെ പരിഗണനയ്ക്കെത്തും.
കേസില്‍ തുടര്‍ അന്വേഷണത്തിനും ആയുധങ്ങള്‍ കണ്ടെത്തുന്നതിനുമായി പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് പോലീസിന്റെ ആവശ്യം.
പ്രതികളെ കസ്റ്റഡിയില്‍ ലഭിക്കുന്നതോടെ കേസിലെ ഗൂഢാലോചന അടക്കമുള്ള വിഷയങ്ങളില്‍ കൂടുതല്‍ തെളിവുകള്‍ കണ്ടെത്താനാകുമെന്നാണ് അന്വേഷണസംഘത്തിന്റെ പ്രതീക്ഷ.
ഫോണിൽ പറഞ്ഞതു നേരോ?
ഇതിനിടെ കേസിലെ അഞ്ചാം പ്രതി വിഷ്ണുവിന്റേതെന്നു കരുതുന്ന ഫോണ്‍ സംഭാഷണം ഇന്നലെ പുറത്തുവന്നിരുന്നു. ഇതില്‍ ശാസ്ത്രീയ അന്വേഷണം വേണ്ടിവരുമെന്നാണ് പോലീസ് നിഗമനം.
ശബ്ദം വിഷ്ണുവിന്റേതെന്ന് ഉറപ്പിക്കാന്‍ പരിശോധന നടത്തും. സംഭവത്തിനു ശേഷം വീട്ടിലെത്തിയ വിഷ്ണു പെരിങ്ങരയിലുള്ള ഒരു സുഹൃത്തിനെയാണ് വിളിച്ച സംഭാഷണമാണ് പുറത്തുവന്നത്.
സന്ദീപുമായി മുമ്പും പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും കഴുത്തില്‍ വെട്ടിയത് താനാണെന്നും വിഷ്ണു പറയുന്നതാണ് ശബ്ദരരേഖയിലുള്ളത്.
ഡമ്മി പ്രതികളെ അവതരിപ്പിക്കാനുള്ള നീക്കം നടന്നതായും സംഭാഷണത്തില്‍ വ്യക്തമാണ്. കൊലപാതകം ആസൂത്രിതമായ നീക്കമായിരുന്നുവെന്ന് ഇതില്‍ നിന്നു വ്യക്തമാണ്.
വിലാസം തിരക്കിയപ്പോൾ…
കൊലപാതകത്തിനു ശേഷം ഒന്നാം പ്രതി ജിഷ്ണു, പ്രമോദ്, നന്ദു എന്നിവര്‍ കരുവാറ്റയിലേക്കാണ് പോയത്. മുഹമ്മദ് ഫൈസല്‍ മറ്റൊരിടത്തേക്കും അഞ്ചാം പ്രതിയായ വിഷ്ണു കുമാര്‍ സ്വന്തം വീട്ടിലേക്കും പോയി.
ജിഷ്ണുവും സന്ദീപുമായി മുമ്പും പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും കൈയില്‍ കിട്ടിയപ്പോള്‍ അങ്ങ് ചെയ്തുവെന്നുംസന്ദീപ് മരിക്കുമെന്ന് കരുതിയിരുന്നില്ലെന്നും വിഷ്ണുകുമാര്‍ പറയുന്നുണ്ട്.
പ്രതികളായ ജിഷ്ണു, നന്ദു, പ്രമോദ് എന്നിവര്‍ പോലീസില്‍ കീഴടങ്ങുമെന്നും എന്നാല്‍ താന്‍ കയറേണ്ടതില്ലെന്നാണ് നിര്‍ദേശമെന്നും ഇപ്പോള്‍ വീട്ടിലാണെന്നും ഫോണില്‍ വിഷ്ണു പറയുന്നുണ്ട്.
ഇതിനിടെ നാലാം പ്രതി പോലീസിനു നല്കിയ വിലാസം വ്യാജമെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. കണ്ണൂര്‍ ചെറുപുഴ കുന്നില്‍ മുഹമ്മദ് ഫൈസല്‍ (ഫൈസി) എന്നാണ് ഇയാള്‍ വിലാസം നല്‍കിയത്.
ഇതില്‍ അന്വേഷിച്ചപ്പോഴാണ് വിലാസം വ്യാജമെന്നു തെളിഞ്ഞത്. കാസര്‍ഗോഡ് സ്വദേശി മന്‍സൂറാണ് (26) പിടിയിലായിട്ടുള്ളതെന്ന് പോലീസ് പറയുന്നു.
ഇയാള്‍ ഗുണ്ടാ സംഘമാണെന്നും വാഹന മോഷണം, കഞ്ചാവ് കടത്ത് ഉള്‍പ്പെടെ പല കേസുകളിലും പ്രതിയാണെന്നും കാസര്‍ഗോഡ് പോലീസ് തിരുവല്ലയിലെ അന്വേഷണ സംഘത്തിനു റിപ്പോര്‍ട്ട് നല്കി.
പ്രതികളെ ഒന്നിപ്പിച്ചത്…
സന്ദീപ് കുമാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടു റിമാന്‍ഡിലുള്ള പ്രതികള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലം ഉള്ളവരെന്ന് പോലീസ്. സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിലും കര്‍ണാടകയിലും ഇവര്‍ക്കെതിരെ കേസുകളുള്ളതായും ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്നും അന്വേഷണസംഘം വ്യക്തമാക്കി.
ജയിലില്‍വച്ചുള്ള മുന്‍ പരിചയമാണ് തിരുവല്ലയില്‍ സന്ദീപിനെ കൊലപ്പെടുത്താനായി ഇവര്‍ ഒന്നിച്ചത്. ഇവരുടെ പശ്ചാത്തലം സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.
ജിഷ്ണു, രഘു, പ്രമോദ് പ്രസന്നന് എന്നിവര്‍ക്കെതിരെ അഞ്ച് ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്. ഫൈസി എന്നയാള്‍ക്ക് കേരളത്തിലും കര്‍ണാടകയിലും കേസുകളുണ്ട്. ഇതില്‍ ഫൈസി നല്കിയ വിലാസം പോലും വ്യാജമെന്നു പോലീസ് പറയുന്നു.
പ്രതികളെ ഇന്ന് കസ്റ്റഡിയില്‍ ലഭിക്കുന്നതോടെ കേസിലെ ഗൂഢാലോചന അടക്കമുള്ള വിഷയങ്ങളില്‍ കൂടുതല്‍ വ്യക്തത കൈവരുമെന്നാണ് പ്രതീക്ഷ. ജിഷ്ണുവും സന്ദീപും തമ്മിലുള്ള പ്രശ്നങ്ങളാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നു പറയുന്നു.
ഇതില്‍ രാഷ്ട്രീയ വൈരവും വ്യക്തി വൈരാഗ്യവും ഉള്ളതായാണ് പോലീസ് റിപ്പോര്‍ട്ട്. ജിഷ്ണുവിനും കേസിലെ മറ്റു ചില പ്രതികള്‍ക്കും ബിജെപി ബന്ധവും ആരോപിച്ചിട്ടുണ്ട്.