കോഴിക്കോട്: കോഴിക്കോടുനിന്നും ‘മുങ്ങിയ’ യുവാവിനെ കാമുകിക്കൊപ്പം പോലീസ് കണ്ടെത്തി. ഒരുമാസം മുമ്പ് കോഴിക്കോട് നിന്നും കര്ണാടകയിലേക്കെന്നുപറഞ്ഞ് പോയ കുറ്റ്യാടി മൊകേരി സ്വദേശി സന്ദീപിനെയാണ് കഴിഞ്ഞ ദിവസം മുംബൈയിലെ കല്‍വയില്‍ കാമുകി അശ്വനിക്കൊപ്പം അന്വേഷണ സംഘം കണ്ടെത്തിയത്.
നാട്ടിലെ ഭാര്യയേയും എല്‍കെജി വിദ്യാര്‍ഥിയായ മകനെയും ഉപേക്ഷിച്ച് കാമുകിയോടൊപ്പം ജീവിക്കാന്‍ തിരോധാന നാടകമുണ്ടാക്കിയ സന്ദീപിനെ മുംബൈയിലെ ഒരു ട്രാന്‍സ് ജെന്‍ഡര്‍ സുഹൃത്തിന്റെ വീട്ടില്‍ നിന്നാണ് കഴിഞ്ഞദിവസം രാത്രി ഒമ്പതിന് പിടികൂടിയത്. ഇവരെ ഉടന്‍ കോടതിയില്‍ ഹാജരാക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ നല്ലളം എസ്ഐ പി.രാമകൃഷ്ണന് അറിയിച്ചു.
കോഴിക്കോട് തൊണ്ടയാട് സ്വദേശിനിയായ അശ്വനിയെ ഡിസംബര്‍ പത്തു മുതല്‍ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി മെഡിക്കല്‍ കോളജ് സ്റ്റേഷനില്‍ പരാതിയുണ്ടായിരുന്നു. പ്രത്യക്ഷത്തില്‍ ഈ രണ്ട് സംഭവങ്ങളുമായി ബന്ധമുണ്ടായിരുന്നില്ലെങ്കിലും ഇവര്‍ രണ്ടുപേരും ഒരുമിച്ച് ജോലിചെയ്തിരുന്നതായി നിര്‍ണായകവിവരം ലഭിച്ചതാണ് കേസ് അന്വേഷണത്തില്‍ വഴിത്തിരിവായത്.
സന്ദീപ് ജോലി ചെയ്തിരുന്ന കോഴിക്കോട് ഹൈലൈറ്റ് ബിസിനസ് പാര്‍ക്കിലെ ഐബേര്‍ഡ് മീഡീയ കമ്പനിയില്‍ കുറച്ചുകാലം ജോലി നോക്കിയിരുന്ന പെണ്‍കുട്ടിയാണ് അശ്വനി. സ്ഥാപനത്തിലെ മാര്‍ക്കറ്റിംഗ് മാനേജരായിരുന്നു സന്ദീപ്.
നവംബര്‍ 24-ന് ആയിരുന്നു സന്ദീപ് തന്റെ ബൈക്കുമെടുത്ത് കര്‍ണാടകയിലേക്ക് പോയത്. തുടര്‍ന്ന് 25-ാം തീയതി മുതല്‍ ഇയാളെ കാണാതാവുകയായിരുന്നു. ഇടയ്ക്കിടയ്ക്ക് ഒറ്റയ്ക്ക് യാത്രപോവുന്ന ശീലമുള്ള സന്ദീപ് രണ്ട് ദിവസത്തിന് ശേഷവും എത്താതായതോടെയായിരുന്നു ഭാര്യ ഷിജി കോഴിക്കോട് നല്ലളം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.
മൊകൈരി സ്വദേശിയായ ഇവര്‍ കഴിഞ്ഞ കുറച്ച് കാലമായി കോഴിക്കോട് പാലാഴിയിലായിരുന്നു താമസം. ബൈക്കും പൊട്ടിയ വാച്ചും കര്‍ണാടക തുംഗ നദിക്കരയില്‍വച്ച് പോലീസ് കണ്ടെത്തിയിരുന്നുവെങ്കിലും ഇത് കൊലപാതകമാണെന്ന് നാട്ടുകാരേയും വീട്ടുകാരേയും തെറ്റിദ്ധരിപ്പിക്കാന്‍ സന്ദീപ് കരുതിക്കൂട്ടി ചെയ്ത ബുദ്ധിയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.