കൊച്ചി: സ്വര്ണക്കടത്ത് കേസ് പ്രതി സന്ദീപ് നായരുടെ പരാതിയില് കോടതിക്ക് എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) വിശദീകരണം നല്കും. 26ന് വിശദീകരണം നല്കാനാണ് എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ തീരുമാനം.സന്ദീപ് നായരുടെ പരാതിയില് ഇഡിയോട് കോടതി വിശദീകരണം ആവശ്യപ്പെട്ടിരുന്നു.
കേസ് അട്ടിമറിക്കാനുള്ള രാഷ്ട്രീയ ഗൂഢാലോചനയാണ് ഇതിനു പിന്നിലുള്ളത്. രാഷ്ട്രീയ-ഉദ്യോഗസ്ഥ കൂട്ടുകെട്ടിലൂടെ ഉരുത്തിരിഞ്ഞ കത്താണ് ഇതെന്നും ഇന്നുവരെ കോടതിക്കു മുന്നില് പറയാത്ത കാര്യങ്ങളാണ് സന്ദീപ് വെളിപ്പെടുത്തുന്നതെന്നും റിപ്പോര്ട്ട് നല്കും.
കഴിഞ്ഞ ദിവസം എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരേ പ്രതി സന്ദീപ് നായര് എറണാകുളം ജില്ലാ സെഷന്സ് ജഡ്ജിക്കാണ് കത്തയച്ചത്.എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥന് രാധാകൃഷ്ണന് മുഖ്യമന്ത്രിയുടെയും മറ്റു മന്ത്രിമാരുടെയും ഒരു ഉന്നതന്റെ മകന്റെയും പേര് പറയാന് നിര്ബന്ധിച്ചതായി കത്തില് പറയുന്നു.
ഇവരുടെ പേര് പറഞ്ഞാല് ജാമ്യം ലഭിക്കുന്നതിന് വേണ്ട സഹായം ചെയ്തു നല്കാമെന്ന് വാഗ്ദാനം ചെയ്തതായും കത്തില് പറയുന്നു. മുഖ്യമന്ത്രിക്കെതിരെ പറയാതിരുന്നാല് ഉറങ്ങാന് പോലും സമ്മതിക്കില്ലെന്നുമാണ് സന്ദീപ് നായര് പറയുന്നത്.
ഇവരുടെ പേര് പറഞ്ഞില്ലെങ്കില് എന്നും ജയിലില് കഴിയേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തിയതായും കത്തില് പറയുന്നുണ്ട്. അന്വേഷണം വഴിതെറ്റിക്കാനാണ് ഉദ്യോഗസ്ഥന് ശ്രമിച്ചത്.സ്വര്ണക്കടത്തിലെ പണം നിക്ഷേപിച്ചവരെക്കുറിച്ച് അന്വേഷിച്ചില്ല.
പകരം മുഖ്യമന്ത്രിയെയും സര്ക്കാരിന്റെയും കുറ്റം കണ്ടെത്താനാണ് ശ്രമിച്ചത്. ഇല്ലാ കഥകള് മാധ്യമങ്ങള്ക്ക് ചോര്ത്തി നല്കിയെന്നും സന്ദീപ് നായര് പറഞ്ഞു.അന്വേഷണ ഉദ്യോഗസ്ഥന് രാധാകൃഷ്ണനാണ് പേരു പറയാന് നിര്ബന്ധിച്ചത്. രാഷ്ട്രീയപ്രേരിതമായി കേസിന്റെ ഗതിമാറ്റിവിട്ടു.
ബന്ധങ്ങളോ ധനനിക്ഷേപമോ ഇല്ലാത്ത എന്നെപ്പോലുള്ളവരെ ബലിയാടുകളാക്കി. കേസുമായി ബന്ധമില്ലാത്ത കാര്യങ്ങളാണ് പുറത്തുവന്നത്. അന്വേഷണ ഉദ്യോഗസ്ഥന്റെ ഭാവനാസൃഷ്ടിയും മറ്റ് മൊഴികളും കൂട്ടിക്കലര്ത്തിയതാണ് കുറ്റപത്രം.
കസ്റ്റംസിന്റെ കസ്റ്റഡിയിലിരിക്കെ നല്കിയ മൊഴി പകര്ത്തിയെഴുതുക മാത്രമാണ് ഇഡി ചെയ്തത്.
മറ്റൊരു കോടതിയില് രഹസ്യമൊഴിയും നല്കിയിരുന്നു.മറ്റ് അന്വേഷണ ഏജന്സികള്ക്ക് കണ്ടെത്താന് കഴിയാത്ത കാര്യങ്ങളാണ് ഇഡി കണ്ടുപിടിച്ചതായി അവകാശപ്പെടുന്നത്. ഇതില് നിര്ബന്ധപൂര്വം ഒപ്പ് വയ്പിച്ചു.ഭാര്യയും കുഞ്ഞും അമ്മയും മാനസിക വൈകല്യമുള്ള ഒരു സഹോദരനുമാണുള്ളതെന്നും ജാമ്യം അനുവദിക്കണമെന്നുമാണ് മൂന്ന് പേജുള്ള കത്തില് പറയുന്നത്.