കൊച്ചി: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറിനെതിരേ ക്രൈംബ്രാഞ്ച് കേസെടുത്ത സംഭവത്തില്‍ വിശദീകരണവുമായി കേസിലെ പ്രതി സന്ദീപ് നായരുടെ അഭിഭാഷക എത്തിയതോടെ ക്രൈബ്രാഞ്ച് വെട്ടിൽ.
ഇഡിക്കെതിരേ സന്ദീപോ താനോ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കിയിട്ടില്ലെന്നാണ് ഇവരുടെ പുതിയ വെളിപ്പെടുത്തല്‍.തന്റെ പരാതിയിലാണ് ഇഡിക്കെതിരേ കേസെടുത്തതെന്ന വാദം തെറ്റാണെന്നും അഡ്വ. പി.വി. വിജയം മാധ്യമങ്ങളോടു പറഞ്ഞു.
സന്ദീപ് കോടതിക്ക് മാത്രമാണ് പരാതി അയച്ചത്. ആ പരാതിയുടെ കോപ്പി ക്രൈംബ്രാഞ്ചിനു കൈമാറിയിട്ടില്ല. നല്‍കാത്ത പരാതിയില്‍ എങ്ങനെ ക്രൈംബ്രാഞ്ചിനു കേസെടുക്കാന്‍ കഴിയുമെന്നും അവര്‍ ചോദിച്ചു.
അതേസമയം സംഭവത്തില്‍ വിശദീകരണവുമായി ക്രൈംബ്രാഞ്ചും രംഗത്തെത്തി. സന്ദീപ് നായരുടെ അഭിഭാഷകയുടെ പരാതിയിന്മേലല്ല കേസെടുത്തതെന്നും അഭിഭാഷകനായ സുനിലിന്റെ പരാതിയിലാണ് നടപടിയെന്നും ഇദേഹത്തിന്റെ മൊഴിരേഖപ്പെടുത്തിയതായും ക്രൈംബ്രാഞ്ച് വ്യക്തമാക്കി.
പരാതിയില്‍ കേസെടുക്കാന്‍ നിയമോപദേശം ലഭിച്ചിരുന്നുവെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നു.നേരത്തെ സന്ദീപിന്റെ അഭിഭാഷകയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇഡിക്കെതിരേ കേസെടുക്കുന്നതെന്നായിരുന്നു ക്രൈംബ്രാഞ്ച് അറിയിച്ചിരുന്നത്.