കൊച്ചി: ആറു മൊബൈൽ ഫോണിലും രണ്ടു ലാപ് ടോപ്പിലും ഉൾപ്പെടെ നിന്നായി സ്വർണക്കടത്തു കേസിൽ കണ്ടെടുത്തതു 2000 ജിബി വരുന്ന ഇലക്ട്രോണിക് രേഖകൾ.
ഇവ വിശദമായി പരിശോധിച്ചു തുടങ്ങി എന്‍ഐഎ. ഇതോടെ കേസുമായി ബന്ധപ്പെട്ടു കൂടുതൽ ഉന്നതർ ഇടപെട്ടതിന്റെ ബന്ധങ്ങൾ പുറത്തുവരുമെന്നാണു കരുതുന്നത്.
കേസിലെ മുഖ്യപ്രതികളായ സന്ദീപ് നായര്‍, സ്വപ്ന സുരേഷ് എന്നിവരില്‍നിന്നു പിടിച്ചെടുത്ത ആറ് മൊബൈല്‍ ഫോണുകള്‍, രണ്ട് ലാപ്ടോപ്പുകള് എന്നിവയാണ് പരിശോധനയ്ക്കു വിധേയമാക്കിയത്.
സി-ഡാകില്‍ നടന്ന വിശദമായ പ്രാഥമിക പരിശോധനയിലാണ് ഇത്രയും വിവരങ്ങള്‍ എന്‍ഐഎ കണ്ടെടുത്തത്. വാട്സാപ്പ് ചാറ്റ്, ഫേസ്ബുക്, ഇ -മെയില്‍ എന്നിവയിലെതടക്കം മുഴുവന്‍ രേഖകളും ഇക്കഴിഞ്ഞ ഒമ്പതിനു പൂര്‍ത്തിയായ ആദ്യ പരിശോധനയില്‍ സി -ഡാക് വീണ്ടെടുത്തിരുന്നു.
എന്‍ഐഎയും കസ്റ്റംസും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും മുന്‍പു നടത്തിയ ചോദ്യം ചെയ്യലില്‍ സ്വപ്ന പേരു വെളിപ്പെടുത്താതിരുന്ന പ്രമുഖരുമായുള്ള ഓണ്‍ലൈന്‍ ആശയവിനിമയ വിവരങ്ങളാണ് ഇപ്പോള്‍ കണ്ടെത്തിയത്.
അതി നിര്‍ണായകമാണ് ഈ തെളിവുകള്‍. ഇതിന്റെ അടിസ്ഥാനത്തില്‍ കസ്റ്റഡിയിൽ ലഭിക്കുന്നതനുസരിച്ച് സ്വപ്നയെ എന്‍ഐഎ വീണ്ടും ചോദ്യം ചെയ്യും.
സ്വപ്ന ആശുപത്രിയില്‍ കഴിഞ്ഞ ആറ് ദിവസം ആശുപത്രി സന്ദര്‍ശിച്ച പ്രമുഖരുടെ വിവരങ്ങള്‍ എന്‍ഐഎ പരിശോധിക്കുന്നുണ്ട്. ആറ് ദിവസം വിശദമായ പരിശോധന നടത്തി
ആശുപത്രിയില്‍നിന്ന് പൂര്‍ണ ആരോഗ്യവതിയായി മടങ്ങിയ സ്വപ്ന തൊട്ടടുത്ത ദിവസം തന്നെ നെഞ്ചുവേദന എന്ന് പറഞ്ഞ് ആശുപത്രിയില്‍ എത്തിയതില്‍ അസ്വാഭാവികത ഉണ്ടെന്നാണ് അന്വേഷണ ഏജന്‍സികളുടെ വിലയിരുത്തല്‍.
അതേസമയം കേസില്‍ ഇന്നലെ കസ്റ്റഡിയില്‍ വിട്ട സന്ദീപ് നായര്‍ ഉള്‍പ്പെടെയുള്ള മൂന്ന് പ്രതികളെ എന്‍ഐഎ ചോദ്യം ചെയ്യാന്‍ ആരംഭിച്ചു.
പ്രതികളില്‍നിന്നും പിടികൂടിയ മൊബൈല്‍ ഫോണുകളിലെയും ലാപ്ടോപുകളിലെയും വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നത്.
സന്ദീപ് നായരെ കൂടാതെ മുഹമ്മദലി ഇബ്രാഹിം, മുഹമ്മദ് ഷാഫി എന്നിവരെയാണ് ഇന്നലെ എറണാകുളം പ്രത്യേക എന്‍ഐഎ കോടതി നാല് ദിവസത്തേക്ക് അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍ വിട്ടത്.
സ്വപ്നയെ കസ്റ്റഡിയില്‍ വേണമെന്ന് എൻഐഎ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇവര്‍ നെഞ്ചു വേദനയെത്തുടര്‍ന്ന് ആശുപത്രിയിലായിരുന്നതിനാല്‍ കസ്റ്റഡി അപേക്ഷ പരിഗണിച്ചില്ല.
സ്വപ്നയുടെ മെഡിക്കല്‍ റിപ്പോര്‍ട്ട് ഇന്നു കോടതിയില്‍ ഹാജരാക്കിയേക്കും. കേസിലെ മറ്റൊരു പ്രതിയായ ടി.എം. മുഹമ്മദ് അന്‍വറിനെയും കസ്റ്റഡിയില്‍ വേണമെന്നാവശ്യപ്പെട്ട് എന്‍ഐഎ അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. ഇതും ഇന്ന് കോടതി പരിഗണിക്കും.