വെള്ളരിക്കുണ്ട്: സാധനങ്ങള്‍ക്കായി വ്യാജ ഓര്‍ഡറുകള്‍ നല്കി വ്യാപാരികളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്താന്‍ ശ്രമം നടക്കുന്നതായി സംശയം.
പാത്തിക്കരയിലെ ഹൃദ്യ വെജിറ്റബിള്‍സ് ഉടമ ബേബിക്കും ഭീമനടിയിലെ ചുങ്കത്തില്‍ ബേക്കറി ഉടമ ഷിഹാബിനുമാണ് അടുത്തടുത്ത ദിവസങ്ങളില്‍ സമാനമായ അനുഭവമുണ്ടായത്.
അടുത്ത ദിവസം ബളാല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഗ്രൗണ്ടില്‍ നടക്കാന്‍ പോകുന്ന ആര്‍മി റിക്രൂട്ട്മെന്റ് ക്യാമ്പിലേക്ക് പച്ചക്കറികള്‍ എത്തിച്ചുനല്കണമെന്നാവശ്യപ്പെട്ടാണ് ബേബിക്ക് ഹിന്ദിയില്‍ ഫോണ്‍കോള്‍ വന്നത്.
പത്തുകിലോ വീതം ഉരുളക്കിഴങ്ങ്, തക്കാളി, അഞ്ചു കിലോ പച്ചമുളക് എന്നൊക്കെയായിരുന്നു ഓര്‍ഡര്‍.
ബേബി ആവശ്യപ്പെട്ടപ്പോള്‍ വാട്സ്ആപ് നമ്പറിലേക്കും സാധനങ്ങളുടെ പട്ടിക അയച്ചുകിട്ടി. തുടര്‍ന്നാണ് പണം അയയ്ക്കുന്നതിനായി ബേബിയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ആവശ്യപ്പെട്ടത്.
വിശ്വാസ്യതയ്ക്കുവേണ്ടി സന്ദീപ് റാവത്ത് എന്നപേരിലുള്ള ഐഡി കാര്‍ഡിന്റെ കോപ്പിയും ബേബിയുടെ വാട്സാ ആപ് നമ്പറിലേക്ക് അയച്ചുനൽകി.
എന്നാല്‍ ഓര്‍ഡറിന്റെ സ്വഭാവത്തില്‍ സംശയം തോന്നിയ ബേബി തുക കാഷായി തന്നാല്‍ മതിയെന്ന് മറുപടി നല്‍കുകയായിരുന്നു.
ഇന്നലെ ഉച്ചയോടെ ആര്‍മിയുടെ വാഹനം നേരിട്ടെത്തി പണമടച്ച് സാധനങ്ങള്‍ കൊണ്ടുപോകുമെന്ന് പറഞ്ഞാണ് ആര്‍മി ഓഫീസറെന്ന് സ്വയം പരിചയപ്പെടുത്തിയയാള്‍ സംഭാഷണം അവസാനിപ്പിച്ചത്.
എന്നാല്‍ സാധനങ്ങള്‍ ഒരുക്കിവച്ചതിനുശേഷം വീണ്ടും വിളിച്ചപ്പോള്‍ പരസ്പരവിരുദ്ധമായ മറുപടികളാണ് ലഭിച്ചത്.
ആര്‍മി റിക്രൂട്ട്മെന്റ് ക്യാമ്പ് നടക്കുന്നത് രഹസ്യമായാണ് എന്നുകൂടി പറഞ്ഞതോടെ സംശയം വര്‍ധിച്ച ബേബി ബ്ലോക്ക് പഞ്ചായത്ത് അംഗം ഷോബി ജോസഫിനെ വിവരമറിയിക്കുകയായിരുന്നു.
ഷോബിയുടെ സാന്നിധ്യത്തില്‍ ആ നമ്പറിലേക്ക് വീണ്ടും വിളിച്ചപ്പോള്‍ ഹിന്ദിയിലുള്ള തെറിവാക്കുകളായിരുന്നു മറുപടി.
ആര്‍മി ഓഫീസറുടെ ഭാര്യയെന്ന് സ്വയം പരിചയപ്പെടുത്തിയ സ്ത്രീയാണ് ക്രിസ്മസ് തലേന്ന് ബേക്കറി ഉടമ ഷിഹാബിനെ വിളിച്ച് രണ്ടര കിലോ തൂക്കമുള്ള കേക്ക് ആവശ്യപ്പെട്ടത്.
പണം നല്‍കുന്നതിനായി അക്കൗണ്ട് വിവരങ്ങള്‍ ആവശ്യപ്പെടുകയും ചെയ്തു.
നേരിട്ടു പണം നല്കിയാല് മതിയെന്ന് പറഞ്ഞതോടെ സംഭാഷണം അവസാനിപ്പിക്കുകയായിരുന്നു. ഭീമനടിക്കു സമീപം കാലിക്കടവില്നിന്നാണ് വിളിക്കുന്നതെന്നാണ് ഹിന്ദിയില്‍ സംസാരിച്ച സ്ത്രീ പറഞ്ഞത്.
ദൂരസ്ഥലങ്ങളിലുള്ള നമ്പറുകളില്‍ നിന്നാണ് കോളുകള്‍ വരുന്നതെങ്കിലും പ്രാദേശികമായ സ്ഥലപ്പേരുകള്‍ പോലും അവര്‍ കൃത്യമായി പറയുന്നതില്‍നിന്ന് ഇവര്‍ക്ക് പ്രാദേശിക സഹായം ലഭിക്കുന്നുണ്ടെന്ന സംശയവും ഉയരുന്നുണ്ട്.