നിരവധി ഒളിച്ചോട്ടങ്ങള്‍ നാട്ടില്‍ നടക്കുന്നുണ്ട്. രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്ന് കമിതാക്കളെ അവസാനം പോലീസ് വലയിലാക്കാറുമുണ്ട്. അവര്‍ എവിടെയാണെങ്കിലും പരാതി ലഭിച്ച കേസുകളില്‍ താമസിയാതെ തുമ്പുണ്ടാകാറുമുണ്ട്. ഒളിച്ചോടിയ കമിതാക്കളെ കണ്ടെത്തുക എന്നത് പോലീസിനെ സംബന്ധിച്ചിടത്തോളം അത്ര വലിയ ജോലിയുമല്ല. എന്നാല്‍ കേരള പോലീസിനെ മുള്‍മുനയിൽ നിർത്തിയ ഒരു ഒളിച്ചോട്ടക്കഥയാണ് ഇപ്പോള്‍ പോലീസ് അന്വേഷണമികവിന്റെ ട്രെന്‍ഡിംഗ് ലിസ്റ്റിലുള്ളത്.
കേരള പോലീസിനെയും കര്ണാടകപോലീസിനെയും ചുറ്റിച്ച കാമുകനെയും (ഇയാള്‍ക്ക് ഭാര്യയും കുട്ടിയും ഉണ്ടേ…) കാമുകിയെയും പോലീസ് പൊക്കിയ കഥ സിനിമാക്കഥകളെ വെല്ലുന്നതാണ്. പക്ഷെ അത്ര എളുപ്പമായിരുന്നില്ല പോലീസിനിത്. ആദ്യം തിരോധാനമായി എടുത്ത കേസ് അവസാനിച്ചപ്പോള്‍ ഒളിച്ചോട്ടമായി. ആദ്യം അപകടത്തില്‍പ്പെട്ടെന്ന് വരുത്തിത്തീര്‍ത്ത് യുവാവ് മുങ്ങി.
പിന്നാലെ യുവതിയും.കോഴിക്കോടുനിന്നും മുങ്ങിയ കാമുകിയെയും കാമുകനെയും പോലീസ് പൊക്കിയത് മുംബൈയില്‍ നിന്ന്. സിനിമാക്കഥയെ വെല്ലുന്ന ട്വിസ്റ്റും സൂപ്പര്‍ ക്ലൈമാക്സും കേട്ട് നാട്ടുകാര്‍ പോലും ഞെട്ടിത്തരിച്ചിരിക്കുകയാണ്. നാട്ടിൽനിന്ന് ഒന്നിച്ച് ഒളിച്ചോടിയില്ല, പക്ഷെ, പിടിച്ചപ്പോള്‍ ഒപ്പത്തിനൊപ്പം..! കോഴിക്കോട്ടുനിന്നും തുടങ്ങിയ കഥ അവസാനിച്ചത് മുബൈയില്‍ . സിനിമാ ഡയലോഗ് കടമെടുത്താല്‍ മുബൈയിലെ ധാരാവിയില്‍ തന്നെ…
2018 നവംബര്‍ 25
ഏകദേശം 35 ദിവസം മുന്‍പാണ് കോഴിക്കോട് നല്ലളം പോലീസിൽ യുവാവിനെ കാണാനില്ലെന്ന് പരാതി ലഭിക്കുന്നത്. ഇയാളുടെ ഭാര്യയാണ് ഭര്‍ത്താവിനെ കാണാനില്ലെന്ന് കാണിച്ച് കോഴിക്കോട് നല്ലളം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. കുറ്റ്യാടി മൊകേരി സ്വദേശിയായ സന്ദീപ് കര്ണാടകയിലേക്കെന്നു പറഞ്ഞ് ബൈക്കുമെടുത്ത് പോകുകയായിരുന്നു. നാട്ടിൽ ഭാര്യയേയും എല്‍കെജി വിദ്യാര്‍ഥിയായ കുട്ടിയേയും തനിച്ചാക്കിയായിരുന്നു യാത്ര. പക്ഷെ, രണ്ടുദിവസം കഴിഞ്ഞിട്ടും സന്ദീപിനെക്കുറിച്ച് ഒരു വിവരവുമില്ലാതായതോടെയാണ് ഭാര്യ പരാതിയുമായി എത്തിയത്.
ഇടയ്ക്കിടയ്ക്ക് ഒറ്റയ്ക്ക് യാത്രപോവുന്ന ശീലമുള്ള സന്ദീപ് വീട്ടില്‍ പറഞ്ഞ രണ്ട് ദിവസത്തിനുശേഷവും എത്താതായതോടെയായിരുന്നു ഭാര്യ പരാതിയുമായി എത്തിയത്. ലോക്കല്‍ പോലീസ് ആദ്യം അന്വേഷണം നടത്തിയെങ്കിലും തുമ്പുണ്ടാക്കാനായില്ല. തുടര്‍ന്ന് കര്‍ണാടക പോലീസിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ സന്ദീപിന്റെ ബൈക്കും ഹെല്‍മറ്റും വാച്ചും ബാഗും ചിക്കമംഗളുരു ജില്ലയിലെ ശൃംഗേരികൊപ്പ റൂട്ടിലെ എന്‍ആര്‍ പുരയില്‍നിന്ന് കണ്ടെത്തി.ഇതോടെ സന്ദീപ് മരണപ്പെട്ടിരിക്കാമെന്ന രീതിയായിലായി കാര്യങ്ങള്‍ .
തുംഗ നദിക്ക് സമീപമുള്ള ബസ് വെയ്റ്റിംഗ് ഷെഡിന് സമീപത്തായി ബൈക്ക് നിര്‍ത്തിയിട്ട നിലയിലായിരുന്നു. ബസ് വെയ്റ്റിംഗ് ഷെഡിന്റെ ഒരു കിലോമീറ്റര്‍ മുമ്പുവരെ സന്ദീപ് ബൈക്ക് ഓടിച്ചു പോകുന്നതായി സിസിടിവി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
എന്നാല്‍ അതിനുശേഷം ബൈക്ക് നിര്‍ത്തിയിട്ട സ്ഥലത്ത് എത്തുന്നതുവരെ എന്തു സംഭവിച്ചു എന്നതിനെക്കുറിച്ച് ഒരു വിവരവുമില്ല. വാച്ചിന്റെ സ്ട്രാപ്പും ചില്ലും തകര്‍ന്നിരുന്നു. സാഹചര്യത്തെളിവുകളില്‍ നിന്നാണ് പിടിവലി നടന്നിരിക്കാമെന്ന സംശയത്തില്‍ പോലീസെത്തിയത്. ഇതെല്ലാം അന്വേഷണം വഴിതിരിച്ചുവിടാനെന്നായിരുന്നുവെന്ന് ക്ലൈമാക്സില്‍ പോലീസിന് മനസിലായി.
ഐടി ബുദ്ധിയെ വെല്ലുന്ന പോലീസ് ബുദ്ധി
തുടക്കത്തില്‍ തന്നെ ഈ കേസില്‍ പോലീസ് ദുരൂഹത മണത്തിരുന്നു. കര്‍ണാടകപോലീസ് രണ്ടുദിവസവും ബാഗും ഡ്രസ്സുകളും കിടന്നിരുന്ന സ്ഥലത്ത് അരിച്ചുപെറുക്കിയിട്ടും യാതൊരു തെളിവും ലഭിച്ചില്ല. ശരിക്കും പറഞ്ഞാല്‍ മൃതദേഹത്തിനായുള്ള തെരച്ചിലായിരുന്നു കര്‍ണാടക പോലീസ് നടത്തിയിരുന്നത്.
അതേസമയം കേരള പോലീസാകട്ടെ സന്ദീപ് പോയ വഴിയേ തന്നെ സഞ്ചരിച്ചു. ഏകദേശം 50 കിലോമീറ്ററോളം ദൂരത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. ഈ ദിവസങ്ങളില്‍ ഉച്ചയ്ക്ക് ശേഷമുള്ള സന്ദീപിന്റെ ദൃശ്യങ്ങളാണ് പോലീസിന് ലഭിക്കാതായത്.
സന്ദീപ് പോയ വഴിയേ നിരീക്ഷണ കണ്ണുകളുമായി പോലീസും പോയി. പാതയോരത്തെ കടകളില്‍ അന്വേഷണം നടത്തി. ഇതിനിടയില്‍ ഒരു യുവാവ് കടയില്‍ നിന്നും സിഗരറ്റ് വാങ്ങിയതായി പോലീസിന് മൊഴി ലഭിച്ചു. ഇതോടെ സന്ദീപ് മരിച്ചിട്ടില്ലെന്ന് പോലീസിന് സൂചന ലഭിച്ചു. കടയുടമയുടെ സംസാരത്തില്‍ നിന്നും അത് സന്ദീപ് തന്നെയെന്ന് പോലീസ് ഉറപ്പിച്ചു. അതോടെ അന്വേഷണം വീണ്ടും ഊര്‍ജിതമായി.
പരിശോധിച്ചത് 11 ഐഎംഇഐ നമ്പറുകള്‍
ഇത്തരം കേസുകളില്‍ പോലീസിന് ഏറെ സഹായകമാകാറുണ്ടായിരുന്നത് മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണങ്ങളായിരുന്നു. എന്നാല്‍ ഇവിടെയും സന്ദീപ് പോലീസിനെ കുഴക്കി. 11 വ്യത്യസ്ത ഫോണുകളാണ് സന്ദീപ് ഉപയോഗിച്ചത്. ഫോണ്‍ വിളിക്കാനല്ല മെസന്ജറുകളിലുടെ സന്ദേശം അയയ്ക്കാന്‍ വേണ്ടി മാത്രം. നാട്ടിലെ അടുത്ത സുഹൃത്തുകളെപോലും വിളിച്ചില്ല.
മുംബൈ കല്‍വയില്‍ 2500 രൂപ വാടക നല്കി താമസിക്കുകയായിരുന്നു സന്ദീപ്. 13 ദിവസമാണ് കേരള പോലീസ് മുംബൈയില്‍ തങ്ങി അന്വേഷണം നടത്തിയത്. വിവിധ ഭാഷകള്‍ അറിയുന്ന സന്ദീപിനാകട്ടെ ഇവിടെ താമസിക്കാന്‍ ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല. ഓണ്‍ ലൈന്‍ വഴി സെര്‍ച്ച് ചെയ്താണ് നഗരത്തിൽനിന്ന് ഉൾഭാഗത്തേക്കുള്ള താമസസ്ഥലം സന്ദീപ് കണ്ടുപിടിച്ചത്. ഒറ്റനോട്ടത്തില്‍ താമസസ്ഥലമാണെന്ന് ആര്‍ക്കും മനസിലാക്കാന്‍ പോലും കഴിയുമായിരുന്നില്ല. പക്ഷെ, ഉള്ളിലെത്തിയാലോ താമസമെല്ലാം അടിപൊളി..!
കഥയിലെ ടിസ്റ്റ്
ഇത് സന്ദീപ് പോലീസിനെ കറക്കിയ കഥ. സന്ദീപിനെമാത്രം ബാധിക്കുമെന്ന് കരുതിയ കഥ. പക്ഷെ ,കഥാനായിക അപ്പോഴും കാണാമറയത്തുതന്നെയുണ്ടായിരുന്നു. സന്ദീപിന്റെ മിസ്സിംഗ് പരാതിക്കൊപ്പം പോലീസ് കേരളത്തിലെ പ്രത്യേകിച്ചും കോഴിക്കോട് ജില്ലയിലെ സമാന കേസുകളും തപ്പിക്കൊണ്ടിരുന്നു. അപ്പോഴാണ് പോലീസിന് നിര്‍ണായക വിവരം ലഭിക്കുന്നത്.
കോഴിക്കോട് തൊണ്ടയാട് സ്വദേശിനിയായ യുവതിയെ ഡിസംബര്‍ പത്താം തീയതി മുതല്‍ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി മെഡിക്കല്‍ കോളജ് സ്റ്റേഷനില്‍ പരാതിയുണ്ടായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പോലീസിന് തെളിവുലഭിച്ചത്. സന്ദീപ് മുന്‍പ് ജോലി ചെയ്തിരുന്ന കോഴിക്കോട് ഹൈലൈറ്റ് ബിസിനസ് പാര്‍ക്കിലെ ഐ ബേര്‍ഡ് മീഡിയ കമ്പനിയില്‍ കുറച്ചുകാലം ജോലി നോക്കിയിരുന്നു ഈ യുവതി. സ്ഥാപനത്തിലെ മാര്‍ക്കറ്റിംഗ് മാനേജരായിരുന്നു സന്ദീപ്. ഈ ബന്ധമന്വേഷിച്ച് പോയ പോലീസ് ഒടുവില്‍ സന്ദീപിനെ കുടുക്കി. ഒപ്പം കാമുകിയെയും.
സന്ദീപും കാമുകിയും താമസിക്കുന്ന സ്ഥലം പോലീസ മനസിലാക്കി. ട്രാന്‍സ് ജെന്‍ഡര്‍ ഉള്‍പ്പെടെ താമസസ്ഥലത്ത് ഉണ്ടെന്ന് മനസിലാക്കിയശേഷമായിരുന്നു ഇവരെ വലയിലാക്കിയത്.പതിനായിരം രൂപ ഡെപ്പോസിറ്റ് കൊടുത്ത് ദീര്‍ഘകാലം ഇവിടെ തങ്ങാനായിരുന്നത്രെ ഇവരുടെ പ്ലാന്‍ .
പോലീസിന് അഭിനന്ദനം
“”പോലീസ് ബുദ്ധി പ്രവര്‍ത്തിച്ചില്ലായിരുന്നുവെങ്കില്‍ മറ്റൊരു സുകുമാരക്കുറുപ്പായി സന്ദീപ് മാറിയേനെ…”- പോലീസിനെ അഭിനന്ദിച്ചുകൊണ്ടു വന്ന സന്ദേശങ്ങളില്‍ ഒന്നാണിത്. അത്രമാത്രം പോലീസിനെ സന്ദീപ് കറക്കിയിരുന്നു.സന്ദീപ് മുംബൈയില്‍ ഉണ്ടെന്നറിഞ്ഞ് 13 ദിവസമായി കേരള പോലീസ് അവിടെ തങ്ങിയിരുന്നു. ജപ്പാന് കുടിവെള്ള പൈപ്പുകള്‍ക്കിടയിലൂടെ പാത്തും പതുങ്ങിയുമാണ് പോലീസ് ഒളിസങ്കേതത്തിലെത്തിയത്. പോലീസിന്റെ അന്വേഷണമികവിനെ മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ അഭിനന്ദിക്കുകയും ചെയ്തു.
എസ്ഐ പി. രാമകൃഷണന്റെ നേതൃത്വത്തില്‍ ക്രൈം സ്ക്വാഡ് അംഗങ്ങളായ ഒ.മോഹന്‍ദാസ്, രണ്‍വീര്‍ , അബ്ദുള്‍ റഹ്മാന്, ഷാഫി എന്നിവരായിരുന്നു മുംബൈയില്‍ എത്തിയത്. ഇവര്‍ക്കൊപ്പം നാട്ടിലെ കാര്യങ്ങള്‍ നിരീക്ഷിച്ച് ഇ.മനോജ്, രമേഷ് ബാബു, സുജിത്ത് എന്നിവരും ഉണ്ടായിരുന്നു.
ഇ. അനീഷ്