അന്ന് ഡോ. മന്‍മോഹന്‍ സിംഗിനെ കരിങ്കൊടി കാണിച്ചു! ഇന്ന് രാഹുല്‍ ഗാന്ധിയ്ക്ക് പ്രസംഗങ്ങള്‍ എഴുതി നല്‍കുന്ന, തന്ത്രങ്ങളും ഉപദേശങ്ങളും നല്‍കുന്ന മിടുമിടുക്കന്‍; സന്ദീപ് സിംഗ് എന്ന ബുദ്ധികേന്ദ്രം

ഡോ. മന്‍മോഹന്‍സിംഗ് പ്രധാനമന്ത്രിയായിരുന്ന സമയത്ത് തന്നെ കരുങ്കൊടി കാണിച്ച ഒരു ജെഎന്‍യു വിദ്യാര്‍ത്ഥിക്ക് മാപ്പ് നല്‍കിയത് വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ കാലം മാറുമ്പോള്‍ പല മാറ്റങ്ങളും വരുക എന്നത് സ്വാഭാവികമാണല്ലോ. അന്ന് കോണ്‍ഗ്രസിനെതിരെ പ്രവര്‍ത്തിച്ചിരുന്ന സന്ദീപ് സിംഗ് എന്ന ആ മിടുമിടുക്കന്‍ ഇന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയ ഉപദേശകരിലൊരാളാണ്.

രാഹുലിന് രാഷ്ട്രീയ പ്രസംഗങ്ങള്‍ എഴുതി നല്‍കുന്ന, സഖ്യം സംബന്ധിച്ച ഉപദേശങ്ങള്‍ നല്‍കുന്ന, തന്ത്രങ്ങള്‍ മെനയുന്ന ഇദ്ദേഹത്തിന്റെ വരവ് പലര്‍ക്കും ഞെട്ടലായിരുന്നു.

2005 ല്‍ അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനു നേരെ കരിങ്കൊടി കാണിച്ച നേതാവാണ് സന്ദീപ് സിങ്ങ്. ഇടതുപക്ഷ രാഷ്ട്രീയ പശ്ചാത്തലമുളള അദ്ദേഹം ഇപ്പോള്‍ രാഹുല്‍ ഗാന്ധിയുടെ തിരഞ്ഞെടുപ്പു പ്രചാരണത്തില്‍ സുപ്രധാന പങ്കു വഹിക്കുന്നയാളാണ്. സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ സംഘടിപ്പിച്ച പ്രതിഷേധത്തിലും പ്രധാനമന്ത്രിയെ കരിങ്കൊടി കാട്ടിയ കേസിലും പ്രതി കൂടിയാണ് സന്ദീപ് സിങ്ങ്. അലഹബാദ് സര്‍വ്വകലാശാലയിലെ ബിരുദപഠനകാലത്താണ് സന്ദീപ് ഓള്‍ ഇന്ത്യാ സ്റ്റുഡന്റ്സ് അസോസിയേഷനില്‍  (ഐസ) ചേരുന്നത്.

തീവ്രഇടതുപക്ഷ സ്വഭാവമുള്ള ഐസ മാര്‍ക്സിസ്റ്റ് ലെനിനിസ്റ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ വിദ്യാര്‍ത്ഥിസംഘടനയാണ്. ജെഎന്‍യു പഠന കാലത്തിനു ശേഷം ഇടതുപക്ഷ ആശയങ്ങളില്‍ നിന്നും പിന്‍വലിഞ്ഞ സന്ദീപ് അണ്ണാ ഹസാരെയുടെയും അരവിന്ദ് കേജ്രിവാളിന്റെയും നേതൃത്വത്തില്‍ നടന്ന ലോക്പാല്‍ പ്രക്ഷോഭങ്ങളിലും മുഖ്യപങ്കു വഹിച്ചിരുന്നു.

കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നപ്പോള്‍ മുന്‍പ് കരിങ്കൊടി കാണിച്ച സംഭവത്തില്‍ ക്ഷമാപണവും നടത്തി. 2017 മുതലാണ് സന്ദീപ് രാഹുലിനൊപ്പം കൂടുന്നത്. രാഹുലിന്റെയും പ്രിയങ്കയുടെയും സമൂഹമാധ്യമങ്ങളിലെ ഇടപെടലുകള്‍ക്കു പിന്നിലും സന്ദീപിന്റെ ഉപദേശമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. പാവപ്പെട്ടവരുടെ പ്രശ്‌നങ്ങളിലൂന്നിയ, കോര്‍പ്പറേറ്റുകള്‍ക്ക് എതിരായ രാഷ്ട്രീയ പ്രസംഗങ്ങള്‍ രാഹുലിനും പ്രിയങ്കക്കും എഴുതി നല്‍കുന്നത് സന്ദീപ് ആണെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ പറഞ്ഞതായി ഒരു ദേശീയമാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

Related posts