ന്യൂഡൽഹി: ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന സന്ദീപ് വാര്യര്‍ കെപിസിസി ജനറല്‍ സെക്രട്ടറി ആയേക്കുമെന്നു റിപ്പോർട്ട്. ഇക്കാര്യത്തിൽ ധാരണയായെന്നാണു സൂചന. ഡൽഹിയിലെത്തിയ സന്ദീപ് വാര്യര്‍ എഐസിസി ജനറല്‍സെക്രട്ടറി കെ.സി. വേണുഗോപാല്‍, കേരളത്തിന്റെ ചുമതലയുള്ള ജനറല്‍സെക്രട്ടറി ദീപ ദാസ് മുന്‍ഷി എന്നിവരുമായി കൂടിക്കാഴ്ച നടത്തി.
കോൺഗ്രസിൽ ഏത് പദവി തന്നാലും സ്വീകരിക്കുമെന്ന് എഐസിസി നേതൃത്വവുമായുള്ള കൂടിക്കാഴ്ചക്കുശേഷം സന്ദീപ് വാര്യര്‍ മാധ്യമങ്ങളോടു പറഞ്ഞു.
ഏകാധിപത്യ അന്തരീക്ഷത്തില്‍നിന്ന് ജനാധിപത്യത്തിലേക്കെത്തിയതിന്റെ ആശ്വാസത്തിലാണ് താനെന്നും സന്ദീപ് പറഞ്ഞു. സന്ദീപ് വാര്യരുടെ പദവി സംബന്ധിച്ച് കെപിസിസി പുനഃസംഘടനയ്ക്ക് മുൻപ് തീരുമാനം വന്നേക്കുമെന്ന് അറിയുന്നു.