സ്വന്തം ലേഖകന്‍
കോഴിക്കോട്: സന്ദീപ് വാര്യർക്കെതിരായ നടപടിയില്‍ ബിജെപിയിൽ പൊട്ടിത്തെറി. സന്ദീപിനെതിരേ നടപടി എടുത്തതിൽ ഒരു വിഭാഗത്തിന് കടുത്ത അമർഷമാണുള്ളത്.
കെ. സുരേന്ദ്രന്റെ ഫേസ്ബുക്ക് പേജിൽ വാര്യർ അനുകൂലികളുടെ പൊങ്കാല നിറയുകയാണ്. ബിജെപിയിൽ നടക്കുന്നത് ഗ്രൂപ്പ് പ്രവർത്തനമെന്നാണ് അണികളുടെ അഭിപ്രായം.
എന്തിന്റെ പേരിലാണെന്ന്…
കെ. സുരേന്ദ്രനെതിരേ കടുത്ത വിമർശനമാണ് ഉയരുന്നത്. കഴിഞ്ഞദിവസമാണ് ബിജെപി സംസ്ഥാന വക്താവ് സ്ഥാനത്തുനിന്നും സന്ദീപ് വാര്യരെ നീക്കിയത്.
സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട പരാതിയെ തുടർന്നായിരുന്നു കോട്ടയത്ത് ചേർന്ന കോർകമ്മിറ്റി യോഗത്തിന്റെ നടപടി.
സംഘടനാപരമായ നടപടി എന്തിന്റെ പേരിലാണെന്ന് മാധ്യമങ്ങളോട് പറയാൻ കഴിയില്ലെന്ന് സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പറഞ്ഞിരുന്നു.
പടയൊരുക്കം
പാർട്ടിയുടെ പേരിൽ സന്ദീപ് വാര്യർ ലക്ഷങ്ങൾ അനധികൃതമായി പിരിച്ചെന്ന് നാല് ജില്ലാ അധ്യക്ഷന്മാർ പരാതിപ്പെട്ടിരുന്നു. ഇതിന്റെ പേരിലാണ് നടപടി.
അതേസമയം കെ. സുരേന്ദ്രന്റെ മകന്റെ നിയമനവുമായി ബന്ധപ്പെട്ട വിഷയത്തിൽ സന്ദീപ് വാര്യർ സ്വീകരിച്ച നിലപാടാണ് സ്ഥാനത്തുനിന്നു നീക്കാൻ കാരണമെന്നാണ് മറുപക്ഷം ആരോപിക്കുന്നത്.
ആരോപണ പ്രത്യാരോപണങ്ങൾ വരുംദിവസങ്ങളിൽ ബിജെപിയിൽ കൂടുതൽ വിഭാഗീയതയ്ക്കാവും വഴിയൊരുക്കുക.
മാത്രമല്ല സംസ്ഥാന അധ്യക്ഷനായി കെ. സുരേന്ദ്രന്റെ കാലാവധി അടുത്തമാസം അവസാനിക്കുകയാണ്. ഈ സാഹചര്യത്തില്‍ സന്ദീപ് വാര്യര്‍ക്കെതിരായ നടപടി മറുവിഭാഗത്തിന് പാര്‍ട്ടിക്കുള്ളില്‍ പടയൊരുക്കത്തിന് കൂടി വഴിയൊരുക്കുമെന്ന് ഉറപ്പാണ്.