തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദഗിരിയുടെ കുണ്ടമണ്‍കടവിലെ ആശ്രമം കത്തിയ്ക്കൽ കേസ് അവസാനിപ്പിക്കാനൊരുങ്ങി ക്രൈംബ്രാഞ്ച് സംഘം.
നാലു വർഷത്തോളം അന്വേഷിച്ചിട്ടും ആശ്രമത്തിനു തീയിട്ട പ്രതിയെക്കുറിച്ച് ഒരു സൂചനയും ലഭിക്കാത്ത സാഹചര്യത്തിലാണ് കേസന്വേഷണം അവസാനിപ്പിക്കുന്നതിനുള്ള അവസാന ഘട്ട നടപടികളിലേക്ക് അന്വേഷണ സംഘം കടക്കുന്നത്.
ശബരിമല സ്ത്രീ പ്രവേശന വിവാദം കത്തിനിൽക്കേയാണ് 2018 ഒക്ടോബർ 27ന് സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിൽ കിടന്ന മൂന്നു വാഹനങ്ങൾ തീവച്ചു നശിപ്പിച്ചത്. ആശ്രമവും ഭാഗികമായി തീപിടിച്ചു നശിച്ചിരുന്നു.
പെട്രോളിഴിച്ചു തീവച്ചു നശിപ്പിച്ചതാണെന്നത് ഒഴികെ മറ്റൊരു തെളിവും ഇതുവരെ കണ്ടെത്താൻ കഴിഞ്ഞില്ല. സിസിടിവി കേടായിരുന്നതിനാൽ ആ ദൃശ്യങ്ങളും ലഭിച്ചില്ല.
അന്വേഷണത്തിന്റെ അവസാനഘട്ടമെന്ന നിലയിൽ ചില പരിശോധനകൾ കൂടി നടത്തിയ ശേഷം കേസ് അവസാനിപ്പിക്കാൻ കോടതിയിൽ അപേക്ഷ നൽകുന്ന കാര്യം ക്രൈംബ്രാഞ്ച് പരിഗണനയിലാണ്.
ശബരിമല സ്ത്രീ പ്രവേശനത്തെ അനുകൂലിച്ച സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തിൽ പുലർച്ചെ അഗ്നിബാധയുണ്ടായതിനു പിന്നാലെ രാവിലെ തന്നെ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചിരുന്നു.
വേഗത്തിൽ പ്രതികളെ പിടികൂടുമെന്നു മുഖ്യമന്ത്രി അന്നു പറഞ്ഞിരുന്നു. ആദ്യം ലോക്കൽ പോലീസും പ്രത്യേക അന്വേഷണ സംഘവും അന്വേഷിച്ചെങ്കിലും ഫലം കാണാത്തതിനെ തുടർന്ന് ക്രൈംബ്രാഞ്ചിനു കൈമാറുകയായിരുന്നു. എന്നാൽ, പിന്നീട് അന്വേഷണം നിലയ്ക്കുകയായിരുന്നു.