തിരുവനന്തപുരം: സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസില്‍ മുഖ്യസാക്ഷി പ്രശാന്ത് മൊഴിമാറ്റി. ആശ്രമം കത്തിച്ചതിനു പിന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്ന തന്റെ സഹോദരന് പ്രകാശും സുഹൃത്തുക്കളുമാണെന്നാണ് ഇയാള്‍ നേരത്തെ കോടതിയില്‍ രഹസ്യമൊഴി നല്‍കിയത്.
സഹോദരന് ജീവനൊടുക്കുന്നതിനു മുമ്പ് ഇക്കാര്യം തന്നോട് വെളിപ്പെടുത്തിയെന്നായിരുന്നു ആദ്യ മൊഴി. എന്നാല്‍ ഇത് ക്രൈംബ്രാഞ്ച് നിര്‍ബന്ധിച്ച് പറയിപ്പിച്ചതാണെന്ന് ഇയാള്‍ മജിസ്ട്രേറ്റിനു മുന്നില്‍ മൊഴി തിരുത്തിപറഞ്ഞു.
അതേസമയം മൊഴിമാറ്റിയ കാര്യം വ്യക്തമല്ലെന്നും ഇതിനിടയാക്കിയ സാഹചര്യം എന്താണെന്ന് വ്യക്തമല്ലെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു.
2018 ഒക്ടോബര്‍ 27നാണ് തിരുവനന്തപുരം കുണ്ടമണ്‍കടവിലുള്ള സ്വാമി സന്ദീപാന്ദഗിരിയുടെ ആശ്രമത്തിന് തീയിട്ടത്. ആശ്രമപരിസരത്ത് നിര്‍ത്തിയിട്ടിരുന്ന രണ്ട് കാറുകളും ഒരു ബൈക്കും കത്തിനശിച്ചിരുന്നു. ആശ്രമത്തിനു മുന്നില്‍ ആദരാഞ്ജലികള്‍ എന്ന റീത്ത് വച്ചിട്ടാണ് അക്രമികള്‍ മടങ്ങിയത്.
ശബരിമല യുവതിപ്രവേശനവിഷയത്തില്‍ സ്വാമി സുപ്രീംകോടതി വിധി സ്വാഗതം ചെയ്ത് രംഗത്തെത്തിയതിനു പിന്നാലെയായിരുന്നു അക്രമം.