പാനൂർ: ഗാന്ധിജിയുടെ ഘാതകർ ഏത്ര ഗംഗാസ്നാനം ചെയ്താലും പാപമോചനം സാധ്യമല്ലെന്നു സ്വാമി സന്ദീപാനന്ദഗിരി. മീത്തലെ ചമ്പാട് യുവജന സേന പത്താം വാർഷികത്തോടനുബന്ധിച്ചൊരുക്കിയ ഒരുമയിലൊരു ഓണം പരിപാടിയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ സംസാരിക്കുന്നവരെ ഇല്ലായ്മ ചെയ്യാനാണു സംഘപരിവാരങ്ങളുടെ ശ്രമം.ധീരന്മാർ ആശയത്തെ ആശയം കൊണ്ടു പ്രതിരോധിക്കുമ്പോൾ സംഘപരിവാർ ആമാശയം കൊണ്ടാണു പ്രതിരോധിക്കുന്നത്. അധർമികളാണെന്നു നല്ല ബോധമുള്ളതുകൊണ്ടാണ് ഇത്തരക്കാർ ധർമസംവാദങ്ങൾക്കു തയാറാകാത്തതെന്നും സ്വാമി സന്ദീപാനന്ദഗിരി പറഞ്ഞു. വിവിധ മത്സര വിജയികൾക്കുള്ള സമ്മാനദാനവും നടന്നു.
കേരള പ്രവാസി സംഘം സംസ്ഥാന ഉപാധ്യക്ഷൻ പി.കെ അബ്ദുള്ള മുഖ്യപ്രഭാഷണം നടത്തി.മുൻ പഞ്ചായത്ത് പ്രസിഡന്റ് ടി. ഹരിദാസ് അധ്യക്ഷനായി. സംഘാടക സമിതി ചെയർമാൻ കെ. നിഷാദ് സ്വാഗതവും നിസ്മയ് നന്ദിയും പറഞ്ഞു.പി.ഹരീന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. വിവിധ കലാപരിപാടികളും വിഭവ സമൃദ്ധമായ ഓണസദ്യയും നടന്നു.