തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച സംഭവത്തിൽ പോലീസിന് നിർണായക തെളിവുകൾ ലഭിച്ചുവെന്ന് സൂചന. ആശ്രമത്തിന് സമീപത്തെ കുണ്ടമൻകടവ് ക്ഷേത്ര പരിസരത്തു സ്ഥാപിച്ചിരുന്ന സിസിടിവിയിൽ നിന്നുള്ള ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചത്. ദൃശ്യങ്ങൾ പോലീസ് വിശദമായി പരിശോധിച്ച് വരികയാണ്.
പുലർച്ചെ രണ്ടോടെ സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന്റെ പരിസരത്തു നിന്നും ഒരാൾ ഓടിപ്പോകുന്നതിന്റെ ദൃശ്യങ്ങൾ പോലീസ് കണ്ടെത്തിയെന്നും സൂചനയുണ്ട്. ഇതിന്റെ വിശദാംശങ്ങൾ പോലീസ് പരിശോധിച്ചു വരികയാണ്.
പൂജപ്പുര എസ്ഐയുടെ നേതൃത്വത്തിൽ വിവിധ സംഘങ്ങളായി തിരിഞ്ഞാണ് കേസ് അന്വേഷണം പുരോഗമിക്കുന്നത്. അക്രമികളെ എത്രയും വേഗം കണ്ടെത്തണമെന്ന് പോലീസിന് കർശന നിർദ്ദേശം ഉന്നത ഉദ്യോഗസ്ഥർ നൽകിയിട്ടുണ്ട്.