കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന് യുഎസിലിരിക്കെ ഫയലില്‍ ഒപ്പ് രേഖപ്പെടുത്തിയ സംഭവത്തില്‍ യഥാര്‍ഥ ഫയല്‍ പുറത്തുവിടണമെന്ന് ബിജെപി. ഫ്ളൂറസെന്റ് പേനകൊണ്ടാണ് ഒറിജിനല്‍ ഫയലില്‍ ഒപ്പിട്ടത്. സ്കാന്‍ ചെയ്ത് തിരിച്ചയച്ച കോപ്പിയല്ലെന്നും ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍ “രാഷ്ട്ര ദീപിക’യോട് പറഞ്ഞു.
വിദേശത്ത് മുഖ്യമന്ത്രി ചികിത്സയ്ക്ക് പോയപ്പോള്‍ ഒരു ഉദ്യോഗസ്ഥനും ഒപ്പമുണ്ടായിരുന്നില്ല. കേരള സര്‍ക്കാറിന്റെ ഫയലുകള്‍ അപ്പോള്‍ ആരാണ് പ്രിന്റ് ഔട്ട് എടുത്ത് നല്‍കിയത് ? ഒപ്പിട്ട ശേഷം ആരാണ് അത് തിരിച്ചയച്ചതെന്ന് വ്യക്തമാക്കണമെന്നും സന്ദീപ്വാര്യര്‍ പറഞ്ഞു.
ഇന്നലെ പുറത്തുവിട്ട ഫയല്‍ ഇതുവരെ ഇലക്ട്രോണിക് ഫയല്‍ ആക്കിയിട്ടില്ല. നിലവിലെ സാഹചര്യം പരിശോധിച്ച് നിയമസാധ്യതകളെ കുറിച്ച് പാര്‍ട്ടി നേതൃത്വം ആലോചിച്ച ശേഷം തീരുമാനമെടുക്കുമെന്നാണ് വിവരം.
ഒപ്പ് വ്യാജമാണെന്ന ആരോപണം മുഖ്യമന്ത്രി തള്ളുകയും ഒപ്പ് തന്റേത് തന്നെയാണെന്ന് വ്യക്തമാക്കുകയും ചെയ്തതിന് പിന്നാലെയാണ് ഒപ്പില്‍ നിയമപരമായ സാധ്യതകളെ കുറിച്ച് ബിജെപി ആലോചിക്കുന്നത്.
അതേസമയം ബിജെപിക്കാര്‍ മണ്ടത്തരം പറയുന്നത് ആദ്യമായിട്ടല്ലെന്ന മന്ത്രി തോമസ് ഐസക്കിന് ഫേസ്ബുക്കിലൂടെ മറുപടിയുമായി ബിജെപി വാക്താവ് സന്ദീപ്വാര്യര്‍ രംഗത്തെത്തി .
സെക്രട്ടേറിയറ്റിലെ പ്രവര്‍ത്തന രീതിയോ ഫയല്‍ കൈകാര്യം ചെയ്യുന്നതെങ്ങനെയെന്നോ ഒന്നും ബിജെപിക്ക് അറിയില്ലെന്നും അതുകൊണ്ടാണ് 2018ല്‍ കെ.സി. ജോസഫ് പൊട്ടിച്ച ഉണ്ടയില്ലാ വെടി, അതുപോലെ വയ്ക്കാന്‍ തോക്കുമായി ഇറങ്ങിയതതെന്നും തോമസ് ഐസക് വ്യക്തമാക്കി. ഇ ഫയലാണെങ്കില്‍ ഡിജിറ്റല്‍ സിഗ്നേച്ചര്‍ ഉപയോഗിക്കും. പേപ്പര്‍ ഫയലാണെങ്കില്‍, സ്കാന്‍ ചെയ്ത് അയയ്ക്കും അത് പ്രിന്റൗട്ട് എടുത്ത് ഒപ്പു വച്ച് സ്കാന്‍ ചെയ്ത് തിരിച്ചയയ്ക്കും. ഓഫീസില്‍ അത് പ്രിന്റെടുത്ത് ഫയലിലിടും. അതാണ് കീഴ് വഴക്കം.
ഇതൊക്കെ ഞങ്ങളെല്ലാം ചെയ്യുന്നതാണ്. മലയാളം മിഷന്റെ ഒരു ഫയലാണല്ലോ തെളിവായി ബിജെപി ഹാജരാക്കിയിരിക്കുന്നത്. ഇത് ഫിസിക്കല്‍ ഫയലായിരുന്നു. സ്കാന്‍ ചെയ്ത് അയച്ചു, ഒപ്പിട്ടു തിരിച്ചു വന്നത് കോപ്പിയെടുത്ത് ഫയലിലിട്ടു. ഇതാണ് വസ്തുയെന്നായിരുന്നു തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
ഇത് നിയമവിരുദ്ധമാണെന്ന് വ്യക്തമാക്കിയാണ് സന്ദീപ്വാര്യര്‍ രംഗത്തെത്തിയത്. “ഇന്ത്യന്‍ ഐടി ആക്ട് പ്രകാരം ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റിന് നിയമപ്രാബല്യമുണ്ട്.
ഡിജിറ്റല്‍ ഒപ്പ് എന്ന് പറയുന്നത് പകുതിപേര് ഒപ്പിട്ട കടലാസ് സ്കാന്‍ ചെയ്ത് മറ്റൊരിടത്ത് അയച്ച് കൊടുത്ത്, അത് പ്രിന്റ് എടുത്തിട്ട് അതിന്മേല് ഒപ്പിടുന്നതല്ല. അങ്ങനെ ചെയ്യുന്നത് പല തരത്തിലും സുരക്ഷാഭീഷണി എന്ന് മാത്രമല്ല അപകടവും ഉണ്ട്.
നിയമപരമായി ചോദ്യചെയ്യപ്പെട്ട് റദ്ദ് ആക്കുകയും ചെയ്യാം. ഈ കുറവ് പരിഹരിക്കാനാണ് ഐടി ആക്ട് ഭേദഗതിയില്‍ ഡിജിറ്റല്‍ ഒപ്പ് കൊണ്ട് വന്നതും നിയമപ്രാബല്യം നല്‍കിയത്. അതായത് ഡിജിറ്റല്‍ ഒപ്പിന് സര്ട്ടിഫിക്കേഷന് ഏജന്‍സികളെ നിയമാനുസൃതം നിയോഗിക്കും. അവരാണ് ഇത് സാധ്യമാക്കുന്നത്.
അല്ലാതെ ഒപ്പിട്ടത് സ്കാന്‍ ചെയ്ത് അയച്ച് അത് വീണ്ടും കളര്‍ പ്രിന്റ് എടുത്ത് അതിന്മേല് ഒപ്പിടുന്നത് അല്ല. അങ്ങനെ കഴിയുമായിരുന്നെങ്കില്‍ വില്ലേജ് ഓഫീസര്‍ വരെയുള്ളവര്‍ എന്തിനാണ് ഡിജിറ്റല്‍ സിഗ്നേച്ചര്‍ ആശ്രയിക്കുന്നത് ? മുഖ്യമന്ത്രി ആറാം തീയതി 39 ഫയല്‍ ഒപ്പിട്ടത്രെ.
അതില്‍ ഫിസിക്കല്‍ എത്ര എണ്ണം ഉണ്ട് എന്നതാണ് ചോദ്യം ? ഫിസിക്കല്‍ ഫയലുകള്‍ ഇലക്ട്രോണിക് ഫയലാക്കി അയയ്ക്കുകയാണ് ചെയ്യുന്നത് എന്നായിരുന്നു നേരത്തെ കെ.സി.ജോസഫിന് കൊടുത്ത മറുപടിയില്‍ സര്‍ക്കാര്‍ പറഞ്ഞിരുന്നത്.
അത് ഇന്ന് തോമസ് ഐസക് പറയുന്നതിന് കടകവിരുദ്ധവുമാണ്. ഞാന്‍ ഉയര്‍ത്തി കാണിച്ച ഫിസിക്കല്‍ ഫയല്‍ ഇലക്ട്രോണിക് ഫയല്‍ ആക്കിയിട്ടേ ഇല്ല. ഇത് നൂറു ശതമാനം വ്യാജ ഒപ്പാണ്. സന്ദീപ് വാര്യര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.