സിജോ പൈനാടത്ത്
കൊച്ചി: 13 വര്‍ഷങ്ങള്‍ക്കു മുമ്പ് ഒഡീഷയിലെ കാന്ധമാല്‍ കലാപനാളുകളുടെ കനലോര്മകളോടെയാണു കിഷോര്‍ നായകും കുടുംബവും കേരളത്തില്‍ അഭയം തേടിയെത്തിയത്.
കണ്മുമ്പിലെ ദുരിതക്കാഴ്ചകളുടെ ഭീതി ഉള്ളിലൊതുക്കി അന്നു പിതാവിന്റെ തോളിലേറിയെത്തിയ നാലു വയസുകാരന് സന്ദീപ് കുമാര്‍ നായകിനെ ഇന്ന് അഭിമാനത്തോടെ തോളിലേറ്റാന്‍ കൂട്ടുകാര്‍ ഏറെ.
ഒഡീഷയില്നിന്നെത്തി കേരളത്തില്‍ പഠിച്ചു മിടുക്കനായ സന്ദീപിന് പ്ലസ് ടു പരീക്ഷയില്‍ എല്ലാ വിഷയത്തിലും എ പ്ലസ് തിളക്കം.
2008ല്‍ ഒഡീഷയിലെ കാന്ധമാല്‍ ജില്ലയിലുണ്ടായ കലാപത്തില്‍ നിലുങ്കിയ ഗ്രാമത്തില്‍ താമസിച്ചിരുന്ന കിഷോറിന്റെ കുടുംബത്തിനു വീടും സ്വത്തുമെല്ലാം നഷ്ടപ്പെട്ടിരുന്നു.
ജീവനുംകൊണ്ടു രക്ഷപ്പെട്ടോടി. ഒടുവില്‍ കേരളം സ്നേഹപൂര്‍വം ആതിഥ്യമൊരുക്കി. എറണാകുളം-അങ്കമാലി അതിരൂപതയുടെ പട്ടിമറ്റം കാരുണ്യവില്ല പദ്ധതിയില്‍ വീടു ലഭിച്ചു.
ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്തിന്റെയും എഫ്സിസി സന്യാസിനിമാരുടെയും പ്രോത്സാഹനത്തില്‍ കിഷോറിനു ജോലിയും മക്കള്‍ക്കു മികച്ച സ്കൂളുകളില്‍ പഠനസൗകര്യവും ഒരുങ്ങി.
സന്ദീപിനൊപ്പം സഹോദരി ജിനറ്റമ്മയും തൃക്കാക്കര കാര്‍ഡിനല്‍, കലൂര്‍ സെന്റ് അഗസ്റ്റിന്‍സ് സ്കൂളുകളിലായി വിദ്യാഭ്യാസം നേടി.
എസ്എസ്എല്‍സിക്ക് എല്ലാ വിഷയങ്ങളിലും നേടിയ എ പ്ലസ് നേട്ടം ഹയര്‍ സെക്കന്‍ഡറിയിലും ആവര്‍ത്തിച്ചു.
ട്യൂഷനൊന്നുമില്ലാതെയായിരുന്നു സന്ദീപിന്റെ പഠനം. കടയിരുപ്പ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലായിരുന്നു ബയോ മാത്ത്സില് പ്ലസ്ടു പൂര്‍ത്തിയാക്കിയത്.
മലയാളത്തിനൊപ്പം ഇംഗ്ലീഷിലും മനോഹരമായി സംസാരിക്കുന്ന സന്ദീപ് പഠനത്തിനൊപ്പം നൃത്തത്തിലും പാട്ടിലുമെല്ലാം അഭിരുചിയറിയിച്ചു.
വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ മാധ്യസ്ഥവും തന്റെ നേട്ടങ്ങള്‍ക്കു പിന്നിലുണ്ടെന്നു സന്ദീപ് പറയുന്നു.
എ പ്ലസ് നേട്ടം സ്വന്തമാക്കിയ സന്ദീപിനെ അനുമോദിക്കാന്‍ എഫ്സിസി സന്യാസിനിമാരായ സിസ്റ്റര്‍ റോസിലി ജോണും സിസ്റ്റര്‍ ലിറ്റില്‍ റോസും എത്തി.
ഡോക്ടറാകണമെന്ന ആഗ്രഹത്തില്‍ മെഡിക്കല്‍ എന്‍ട്രന്‍സിനുള്ള ഒരുക്കത്തിലാണു സന്ദീപ്. ജിനറ്റമ്മ ഒപ്റ്റോമെട്രിയില്‍ മൂന്നാം വര്‍ഷ വിദ്യാര്‍ഥിയാണ്.
പെരുമ്പാവൂര്‍ സാന്‍ജോ ആശുപത്രിയില്‍ ജീവനക്കാരനാണു പിതാവ് കിഷോര്‍. കാന്ധമാലില്നിന്നെത്തി കേരളത്തില്‍ പഠിച്ച ജോസഫ് നായകും ഇക്കുറി പ്ലസ് ടുവില്‍ മികച്ച വിജയം നേടി.