തിരുവല്ല: സിപിഎം പെരിങ്ങര ലോക്കല്‍ സെക്രട്ടറി സന്ദീപ് കുമാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതല്‍ പേര് ഗൂഢാലോചനയില്‍ പങ്കാളികളെന്ന് സൂചന.
കേസന്വേഷണം നടത്തുന്ന പോലീസ് സംഘം ഇതു സംബന്ധിച്ച വിവരങ്ങള്‍ പ്രതികളില്‍ നിന്നു ചോദിച്ചറിഞ്ഞു വരികയാണ്.
ഒന്നാം പ്രതി ജിഷ്ണുവാണ് ഗൂഡാലോചനയിലും മുഖ്യപങ്ക് വഹിച്ചത്. നാലാംപ്രതി മുഹമ്മദ് മന്സൂറിനു പരിചയമുള്ള സ്ഥലത്ത് ഇവര്‍ കൂടിക്കണ്ടിരുന്നതായും പറയുന്നു. പ്രതികള്‍ തമ്മിലുള്ള മുന്‍ പരിചയം അടക്കം പരിശോധിച്ചുവരികയാണ്.
വേറെയും കേസുകൾ
കേസന്വേഷണത്തിന്റെ ഭാഗമായി നാലാം പ്രതി മന്‍സൂറിനെ കാസര്‍ഗോഡേക്കു കൊണ്ടുപോയിരിക്കുകയാണ്. ഈ സംഘം തിരികെ എത്തിയാലുടന്‍ ഗൂഢാലോചനയെ സംബന്ധിച്ച തെളിവെടുപ്പുണ്ടാകും.
പിടിയിലാകുമ്പോള്‍ മന്‍സൂര്‍ നല്‍കിയത് കണ്ണൂര്‍ ജില്ലയിലെ വിലാസമാണ്. ഇതു വ്യാജമാണെന്നു കണ്ടതോടെയാണ് കാസര്‍ഗോഡെത്തിച്ച് വിലാസം ഉറപ്പിച്ചത്.
കാസര്‍ഗോഡ് മൊഗ്രാല്‍ മൈമൂണ്‍ നഗര്‍ കുട്ട്യാളന്‍ വളപ്പില്‍ മുഹമ്മദ് മന്‍സൂര്‍ എന്ന വിലാസമാണ് ശരിയായിട്ടുള്ളതെന്ന് തെളിഞ്ഞു.
2019ല്‍ കാസര്‍ഗോഡ് കുമ്പള പോലീസ് സ്റ്റേഷനിലും ഇക്കൊല്ലം മഞ്ചേശ്വരം പോലീസ് സ്റ്റേഷനിലും ഇയാള്‍ക്കെതിരെ കേസുണ്ട്.
ആദ്യ കേസ് അടിപിടിയുമായി ബന്ധപ്പെട്ടും മഞ്ചേശ്വരത്തേത്ത് ബൈക്ക് മോഷണത്തിനുമാണ്. കസ്റ്റഡിയില്‍ വിട്ടുകിട്ടിയ മറ്റു നാല് പ്രതികളെയും കൂടുതല്‍ ചോദ്യം ചെയ്തു വരികയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥന് തിരുവല്ല ഡിവൈഎസ്പി ടി. രാജപ്പന് റാവുത്തര്‍ പറഞ്ഞു.
അഞ്ചാം പ്രതി വിഷ്ണുവുമായെത്തിയ അന്വേഷണസംഘം സന്ദീപിനെ വെട്ടാനുപയോഗിച്ച വടിവാള്‍ തോട്ടടിയില്‍ നിന്നു കണ്ടെടുത്തു.