തിരുവനന്തപുരം: സന്ദീപ് വാര്യരുടെ പാർട്ടി പ്രവേശം കോൺഗ്രസിനെ സംബന്ധിച്ച് ഒരുപാട് പ്രതീക്ഷകളാണ് മുന്നോട്ടുവയ്ക്കുന്നതെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. താൻ ബിജെപിയാകുമെന്ന് പ്രചരിപ്പിച്ചവർക്കുള്ള മറുപടിയാണ് സന്ദീപിന്റെ വരവ്. സന്ദീപിന് പിന്നാലെ കൂടുതൽ ആളുകൾ പാർട്ടിയിലേക്ക് വരുമെന്നും സുധാകരൻ പറഞ്ഞു.
സിപിഎമ്മിന് കിട്ടാത്ത മുന്തിരി പുളിക്കും അതുകൊണ്ടാണ് സന്ദീപിനെതിരേ വിമര്ശനം ഉന്നയിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. സന്ദീപ് വാര്യരുടെ പാർട്ടി പ്രവേശം കോൺഗ്രസിനെ സംബന്ധിച്ച് ഒരുപാട് പ്രതീക്ഷകളാണ് മുന്നോട്ടുവെയ്ക്കുന്നു. അദ്ദേഹം സ്നേഹത്തിന്റെ കടയിൽ നിന്നും വെറുപ്പിന്റെ കടയിലേക്ക് തിരിച്ച് പോകുമെന്ന് തോന്നുന്നില്ലന്നും സുധാകരൻ കൂട്ടിച്ചേർത്തു.
അതേസമയം, ബിജെപി വിട്ട് കോൺഗ്രസിൽ എത്തിയ സന്ദീപ് വാര്യർ ഇന്ന് രാവിലെ പാണക്കാട്ട് സാദിഖലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച നടത്തി. പി. കെ. കുഞ്ഞാലിക്കുട്ടി അടക്കം മുസ്ലിം ലീഗ് നേതാക്കൾ സന്ദീപിനെ സ്വീകരിച്ചു.
എംഎൽഎമാരായ എൻ. ഷംസുദ്ദീൻ, നജീബ് കാന്തപുരം, യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ.ഫിറോസ്, കെ.പിസിസി സെക്രട്ടറി വി.ബാബുരാജ് എന്നിവരോടൊപ്പമാണ് സന്ദീപ് പാണക്കാട്ടേക്ക് എത്തിയത്. മലപ്പുറം പാലക്കാട് ജില്ലകളിൽ നിന്നുള്ള പ്രദേശിക കോൺഗ്രസ്- മുസ്ലീം ലീഗ് നേതാക്കളും സന്ദീപിനൊപ്പമുണ്ട്.
മതനിരപേക്ഷത മലപ്പുറത്തിന് കിട്ടാൻ കാരണം പാണക്കാട്ട് കുടുംബമാണെന്ന് സന്ദീപ് വാര്യർ പറഞ്ഞു. രാജ്യം അംഗീകരിച്ച കാര്യമാണിത്. മാനവസൗഹാർദമാണ് ഏറ്റവും വലുത് എന്ന സന്ദേശം നൽകിയ തറവാടാണിതെന്നും സന്ദീപ് കൂട്ടിച്ചേർത്തു.