കോഴിക്കോട്: സന്ദീപ് വാര്യരെ ഫേസ്ബുക്കില്‍ അണ്‍ഫോളോ ചെയ്യാന്‍ ബിജെപി സോഷ്യല്‍ മീഡിയ കാമ്പയിൻ. അതേസമയം ഫോളോ ചെയ്യാന്‍ പറഞ്ഞുകൊണ്ട് കോണ്‍ഗ്രസിന്റെ സോഷ്യല്‍ മീഡിയ കാമ്പയിൻ മറുവശത്ത്. സന്ദീപിനെതിരേ സിപിഎമ്മും ബിജെപിയും സോഷ്യല്‍ മീഡിയയില്‍ ഒരുമിക്കുന്ന അപൂര്‍വ കാഴ്ചയുമുണ്ട്.
നരേന്ദ്രമോദിയെയും തള്ളിപ്പറഞ്ഞതോടെ സന്ദീപിനെതിരായ സോഷ്യല്‍ മീഡിയ അക്രമം ബിജെപി അതിരൂക്ഷമാക്കി. സന്ദീപ് വാര്യരുടെ പഴയകാല പോസ്റ്റുകളും പ്രസംഗങ്ങളും സോഷ്യല്‍ മീഡിയവഴി ബിജെപി, സിപിഎം പ്രവര്‍ത്തകര്‍ ഒരുപോലെ കുത്തിപ്പൊക്കുന്നു.
സന്ദീപ് വാര്യര്‍ കോണ്‍ഗ്രസ് പ്രവേശനം നടത്തുമ്പോള്‍ ഉണ്ടായിരുന്നത് 3,18,000 ഫോളോവേഴ്സാണ്. ബിജെപി കാമ്പയിന് പിന്നാലെ ഇത് 2,95,000 ആയി കുറഞ്ഞു. കോണ്‍ഗ്രസ് കാമ്പയിന് പിന്നാലെ ഇത് വീണ്ടും 2,99,000 ആയി ഉയര്‍ന്നു. കോണ്‍ഗ്രസില്‍ എത്തി തൊട്ടടുത്ത ദിവസം പാണക്കാട് എത്തിയ സന്ദീപിന്റെ നടപടി ബിജെപിയെയും സിപിഎമ്മിനെയും ഒരുപോലെ ഞെട്ടിച്ചിട്ടുണ്ട്.
നേരത്തെ പി. സരിന് കോണ്‍ഗ്രസ് വിട്ട് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മാറിയപ്പോള്‍ കോണ്‍ഗ്രസ് ഇത്തരത്തിലൊരു അണ്‍ഫോളോ കാമ്പയിന് പ്രഖ്യാപിച്ചിരുന്നു. പി. സരിന്റെ ഫോളോവേഴ്സിനെ കുറയ്ക്കാന്‍ ഇതുവഴി സാധിക്കുകയും ചെയ്തു. പിന്നാലെ എല്‍ഡിഎഫ് ഫോളോ കാമ്പയിനുമായി രംഗത്തെത്തുകയും ചെയ്തു. ഇതിനു സമാനമായ കാര്യമാണ് സന്ദീപ് വാര്യരുടെ കാര്യത്തിലും സംഭവിക്കുന്നത്.
ബിജെപിയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുമ്പോള്‍ സന്ദീപ് ഫേസ്ബുക്കില്‍ കൊടുത്തിരുന്ന ഡിസ്ക്രിപ്ഷന്‍ ബിജെപി കേരള സ്റ്റേറ്റ് കമ്മറ്റി മെമ്പര്‍ എന്നായിരുന്നു. ഇപ്പോള്‍ അത് കോണ്‍ഗ്രസ് പ്രവര്ത്തകന് എന്നാക്കി മാറ്റിയിട്ടുണ്ട്.