പാലക്കാട്: നല്ലേപ്പിള്ളി ഗവ. യുപി സ്കൂളിലെ ക്രിസ്മസ് ആഘോഷം തടഞ്ഞ വിശ്വഹിന്ദു പരിഷത്ത് നടപടിയില്‍ പ്രതികരണവുമായി സന്ദീപ് ജി. വാര്യര്‍. സംഭവത്തില്‍ ബിജെപി നേതൃത്വത്തിന് പങ്കുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.
ബിജെപിയുടെ സജീവ പ്രവര്‍ത്തകര്‍ തന്നെയാണ് ആക്രമണത്തിന് പിന്നിൽ. പാലക്കാട് നിയമസഭ ഉപതെരഞ്ഞടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥി സി. കൃഷ്ണകുമാറിന് വേണ്ടി പ്രവര്‍ത്തിച്ചിട്ടുള്ള ആളുകളാണ് അറസ്റ്റ് ചെയ്യപ്പെട്ട അനില്‍ കുമാറും സുശാസനനും എന്നും അദ്ദേഹം വ്യക്തമാക്കി.
ഒരു വശത്ത് വല്ലാത്ത ക്രൈസ്തവ സ്നേഹം അഭിനയിച്ചുകൊണ്ട് ക്രൈസ്തവ ഭവനങ്ങളിലേക്ക് കേക്കുമായി കടന്നു പോവുകയും മറുവശത്ത് അവരെ ആക്രമിക്കാനും അവരുടെ വിശ്വാസങ്ങളെ ആക്ഷേപിക്കാനും ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
സ്കൂളിൽ കുട്ടികള്‍ വളരെ നിഷ്കളങ്കതയോടെ നടത്തിയ കാരളിനെ പോലും അക്രമിക്കാനുള്ള സംഘപരിവാറിന്റെ ശ്രമം കേരളത്തില്‍ നിലനില്‍ക്കുന്ന സാമുദായിക സൗഹൃദം തകര്‍ക്കാന്‍ ലക്ഷ്യമിട്ടുകൊണ്ടുള്ളതാണ്. ഇരകളോടൊപ്പം ഓടുകയും അതോടൊപ്പം വേട്ടക്കാരനോടൊപ്പം വേട്ടയാടുകയും ചെയ്യുന്ന സമീപനമാണ് ഇക്കാര്യത്തില്‍ ബിജെപിക്കുള്ളതെന്നും സന്ദീപ് കൂട്ടിച്ചേർത്തു.
അതേസമയം, പാലക്കാട് നല്ലേപ്പുള്ളി ഗവ യുപി സ്കൂളിൽ വെള്ളിയാഴ്ചയായിരുന്നു സംഭവം. ക്രിസ്തുമസ് ആഘോഷത്തിന് വേഷം അണിഞ്ഞ് കരോൾ നടത്തുമ്പോഴാണ് പ്രവർത്തകർ എത്തിയത്. തുട൪ന്ന് വിദ്യാ൪ഥികൾക്ക് മുന്നിൽ വച്ച് അധ്യാപകരെ അസഭ്യം പറയുകയും ചെയ്തു.
ക്രിസ്മസ് അല്ല ശ്രീകൃഷ്ണജയന്തിയാണ് ആഘോഷിക്കേണ്ടതെന്നും പ്രവർത്തകർ അധ്യാപകരോട് പറഞ്ഞു. അതോടെ സ്കൂൾ അധികൃത൪ പോലീസിൽ പരാതിപ്പെട്ടു. തുടർന്ന നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.