പിന്നില്‍ വള്ളിയില്ലെങ്കില്‍ സാന്‍ഡലോ ചപ്പലോ? സ്ത്രീകളുടെ പാദരക്ഷയെക്കുറിച്ചുള്ള ഡല്‍ഹി ഹൈക്കോടതിയുടെ നിര്‍വചനം ഇങ്ങനെ

r6iriപിന്നില്‍ വള്ളിയില്ലാതെ നിര്‍മിക്കുന്ന സ്ത്രീപാദരക്ഷകള്‍ സാല്‍ഡല്‍ മാത്രമാണെന്നും ഇവയെ ചപ്പല്‍ എന്ന നിര്‍വചനത്തില്‍ ഉള്‍പ്പെടുത്താനാവില്ലെന്നും ഡല്‍ഹി ഹൈക്കോടതി പറഞ്ഞു. പിന്നില്‍ വള്ളിയില്ലാത്ത ചെരുപ്പുകളും ചപ്പല്‍ എന്ന ഗണത്തില്‍പ്പെടും എന്ന സര്‍ക്കാര്‍വാദം തള്ളിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്. സാന്‍ഡല്‍ വിഭാഗത്തിന് കയറ്റുമതിയില്‍ 10 ശതമാനവും ചപ്പല്‍ വിഭാഗത്തിന് അഞ്ചു ശതമാനവും സര്‍ക്കാര്‍ നികുതി ഇളവ് പ്രഖ്യാപിച്ചിരുന്നു.

ഇത്തരത്തില്‍ 10 ശതമാനം നികുതി ഇളവ് നേടി കമ്പനികള്‍ കയറ്റുമതി നടത്തി. എന്നാല്‍ പിറകില്‍ വള്ളിയില്ലാത്ത പാദരക്ഷകളുടെ 10 ശതമാനം നികുതി ഇളവ് സര്‍ക്കാര്‍ പിന്‍വലിക്കുകയും കമ്പനികള്‍ക്ക് പിഴ ചുമത്തുകയും ചെയ്തു. ഇവ സാന്‍ഡല്‍ അല്ലെന്നും ചപ്പല്‍ ആണെന്നും ഇക്കാരണത്താല്‍ ഇവയ്ക്ക് അഞ്ചു ശതമാനം നികുതി ഇളവിനെ അര്‍ഹതയുള്ളുവെന്നുമായിരുന്നു കേന്ദ്രത്തിന്റെയും നികുതി വകുപ്പിന്റെയും വാദം. ഇതേത്തുടര്‍ന്ന് ചെന്നൈ ആസ്ഥാനമായുള്ള ഒരു കമ്പനി കോടതിയെ സമീപിച്ചു. വിശദമായ അന്വേഷണങ്ങള്‍ക്കും പഠനങ്ങള്‍ക്കും ശേഷം കോടതി സര്‍ക്കാരിന്റെ വാദം തള്ളുകയായിരുന്നു.

സാന്‍ഡല്‍സ്, സ്ലിപ്പേഴ്‌സ്, ചപ്പല്‍സ്, ഫ്‌ലിപ്പ് ഫ്‌ലോപ്പ്‌സ് എന്നിവയെല്ലാം കൂടിക്കുഴഞ്ഞു കിടക്കുന്ന പേരുകളാണെങ്കിലും ഇവയെല്ലാം തമ്മില്‍ കാര്യമായ വ്യത്യാസങ്ങളുണ്ട്. സാധാരണയായി വീടിനകത്ത് മാത്രമായി ഉപയോഗിക്കുന്ന ചെരുപ്പുകളെയാണ് സ്ലിപ്പേഴ്‌സ് അഥവ ചപ്പല്‍സ് എന്ന് വിളിക്കുന്നത്. ഫാഷനേക്കാളുപരി കാലിന് ലഭിക്കുന്ന സുഖവും ക്ഷേമവുമാണ് സ്ലിപ്പേഴ്‌സില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. ഫ്‌ലിപ്പ് ഫ്‌ലോപ്പ്‌സും സാന്‍ഡല്‍സും ഏകദേശം ഒരേ ഗണത്തില്‍ പെടുന്നവയാണ്. ഇത്തരത്തിലുള്ള ചെരുപ്പുകളുടെ മുന്‍വശത്ത് മാത്രമെ വാര്‍ കാണുകയുള്ളു. ബീച്ച് വെയര്‍ എന്നുകൂടി അറിയപ്പെടുന്ന ഇത്തരം ചെരുപ്പുകള്‍ കാഷ്വല്‍ വെയറായാണ് ധരിക്കാറ്. സ്ലിപ്പേഴ്‌സ് എന്നറിയപ്പെടുന്നവയ്ക്ക് സാധാരണ പിറകില്‍ വള്ളിയുണ്ടാവാറില്ല. എന്നാല്‍ സാന്‍ഡലിസിന് പിറകില്‍ വള്ളിയുണ്ടാവും. ഹൈക്കോടതിയുടെ പുതിയ നിര്‍ദേശം വന്നതോടുകൂടി വള്ളിയില്ലാത്തവ സാന്‍ഡലുകള്‍ എന്നാവും അറിയപ്പെടുക.

Related posts