തിരുവല്ല: സിപിഎം തിരുവല്ല പെരിങ്ങര ലോക്കല്‍ സെക്രട്ടറി പി. ബി. സന്ദീപ് കുമാറിനെ (33) വീടിനു സമീപം ആക്രമിച്ചതു കൊലപ്പെടുത്താൻ ലക്ഷ്യമിട്ടു തന്നെയെന്നു സൂചന. സന്ദീപിന്റെ നെഞ്ചിൽ മാത്രം ഒൻപതു കുത്തുകളാണ് ഏറ്റത്. നെഞ്ചിലേറ്റ മുറിവു മൂലമാണ് സന്ദീപ് മരിച്ചതും.
കേസിൽ ജിഷ്ണു, നന്ദു, പ്രമോദ്, ജിനാസ് എന്നവരാണ് പിടിയിലായത്. കൃത്യത്തിനു ശേഷം ഒളിവില്‍ പോയ ഇവരെ ആലപ്പുഴ കരുവാറ്റയില്നിന്നാണ് പിടികൂടിയത്. സംഭവത്തിനു പിന്നില്‍ അഞ്ച് പ്രതികളുള്ളതായും ഒരാളെ പിടികൂടാനുണ്ടെന്നും പോലീസ് പറഞ്ഞു.
പിടിയിലായവര്‍ക്കു ബിജെപി ബന്ധമുണ്ടെങ്കിലും സംഭവത്തിനു പിന്നില്‍ രാഷ്ട്രീയ വൈരാഗ്യമില്ലെന്നാണ് പോലീസ് നിഗമനം. എന്നാല്‍, പിടിയിലായവരില്‍ ഒരാള്‍ക്ക് കണ്ണൂര്‍ ബന്ധമുള്ളതായും പറയുന്നു. ഇന്നലെ രാത്രി എട്ടോടെ തിരുവല്ല ചാത്തങ്കരിയിലെ മേപ്രാലിലെ വയലിലാണ് കൊലപാതകം നടന്നത്.
വയലിനു സമീപത്തെ ഒരു കലുങ്കില്‍ ഇരിക്കുകയായിരുന്ന സന്ദീപിനെ ഒരു സംഘമാളുകള്‍ ബൈക്കിലെത്തി വലിച്ചിഴച്ചു കൊണ്ടുപോയി വെട്ടിയും കുത്തിയും കൊലപ്പെടുത്തിയെന്നാണ് കേസ്. സന്ദീപിന്റെ നെഞ്ചില്‍ ഒമ്പത് കുത്തേറ്റിട്ടുണ്ട്. ശരീരത്തിലാകമാനമായി 11 കുത്തേറ്റ പാടുകളുണ്ട്.
ആക്രമണം കണ്ട് ഓടിക്കൂടിയവര്‍ സന്ദീപിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല . അക്രമികള്‍ ഉടന്‍ തന്നെ സ്ഥലത്തുനിന്നു രക്ഷപ്പെട്ടു. നെഞ്ചിന്റെ വലതു ഭാഗത്തായി ആഴത്തിലേറ്റ മുറിവാണ് മരണകാരണമായി പറയുന്നത്.
സ്ഥലത്ത് സിപിഎമ്മുമായി ബന്ധപ്പെട്ട് അക്രമസംഭവങ്ങളൊന്നും സമീപകാലത്ത് ഉണ്ടായിരുന്നില്ലെന്ന് പ്രാദേശികനേതൃത്വം തന്നെ പറയുന്നു. കരുതിക്കൂട്ടി എത്തിയാണ് കൊലപാതകം നടന്നത്. നേരത്തെ സമീപത്തെ ഒരു കടയിലെത്തി ഇവര്‍ സന്ദീപിനെ അന്വേഷിച്ചിരുന്നതായും പറയുന്നു. കടക്കാരനുമായി വാക്കേറ്റം ഉണ്ടാകുകയും ചെയ്തു.
എന്നാല്‍ കൊലപാതകത്തിന് പിന്നില്‍ വ്യക്തി വൈരാഗ്യമാണെന്നാണ് പിടിയിലായവര്‍ പറയുന്നത്. ജിഷ്ണു എന്ന പ്രതി നാട്ടുകാർ തന്നെയാണെന്നാണ് പറയുന്നത്. ജിഷ്ണുവുമായുള്ള പ്രശ്നമാണോ ആക്രമണത്തിലേക്കു നയിച്ചതെന്നു പോലീസ് പരിശോധിക്കുന്നുണ്ട്.
സന്ദീപിന്റെ മൃതദേഹം ഇന്നു പോസ്റ്റുമോര്‍ട്ടം നടത്തും. തുടര്‍ന്ന് തിരുവല്ല സിപിഎം ഏരിയാ കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. പെരിങ്ങര ഗ്രാമപഞ്ചായത്ത് മുന്‍ അംഗമാണ്. ഭാര്യ: സുനിത. രണ്ട് മക്കളുണ്ട്.